1957 ഏപ്രില്‍ 5; ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന ശില്‍പ്പി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരാണ്. അദ്ദേഹം ആവിഷ്‌കരിച്ച തിരഞ്ഞെടുപ്പ് അടവും തന്ത്രവും ഫലം കണ്ടപ്പോള്‍ ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഉദയമായി അത്.

author-image
Biju
New Update
dhf

ഐക്യകേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് ലോക ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്തതാണ്. ചെങ്കൊടിയെ ഒരു ജനത വാരിപ്പുണരുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ് ചിത്രം. മലയാളക്കരയെ ചുവപ്പിച്ച 1957ലെ ആ ജനഹിതപരിശോധന ഇന്ത്യന്‍ റിപ്പബ്ലിക്കിലെ രണ്ടാം പൊതുതിരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു.

126 നിയമസഭാ സീറ്റുകളിലേക്കും 18 ലോകസഭ സീറ്റുകളിലേക്കുമായിരുന്നു വോട്ടെടുപ്പ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ഫലം കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. 60 കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ത്ഥികളും 5 കമ്മ്യൂണിസ്റ്റു സ്വതന്ത്രന്മാരും വിജയിച്ചു. കോണ്‍ഗ്രസ് 43, പിഎസ്പി 9, മുസ്ലിംലീഗ് 8, കക്ഷിരഹിതര്‍ 1 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന ശില്‍പ്പി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരാണ്. അദ്ദേഹം ആവിഷ്‌കരിച്ച തിരഞ്ഞെടുപ്പ് അടവും തന്ത്രവും ഫലം കണ്ടപ്പോള്‍ ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഉദയമായി അത്.

എമ്മെന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ മത്സരരംഗത്തു നിന്നും സ്വയം ഒഴിയുകയായിരുന്നു. എമ്മെന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയെ തേടിയപ്പോള്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചെന്നെത്തിയത് ഇഎംഎസിലായിരുന്നു. എമ്മെന്റെ സ്വാധീനം ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. അങ്ങനെയാണ് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നീലേശ്വരത്തു നിന്നു ജയിച്ച ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രഥമ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ സാരഥിയായത്.
അറുപത്തിയഞ്ച് പേരുടെ പിന്‍ബലത്തോടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് സ്ഥാനമേറ്റു.

ഒന്നാം മന്ത്രിസഭയിലെ അംഗങ്ങള്‍

1 ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി അച്യുതമേനോന്‍ ധനകാര്യം
3 ടി വി തോമസ് ഗതാഗതം, തൊഴില്‍
4 കെ സി ജോര്‍ജ്ജ് ഭക്ഷ്യം, വനം
5 കെ പി ഗോപാലന്‍ വ്യവസായം
6 ടി എ മജീദ് പൊതുമരാമത്ത്
7 പി കെ ചാത്തന്‍ തദ്ദേശ സ്വയംഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ ആര്‍ ഗൗരിയമ്മ റവന്യൂ, ഏക്‌സൈസ്
10 വി ആര്‍ കൃഷ്ണയ്യര്‍ അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11 എ ആര്‍ മേനോന്‍ ആരോഗ്യം എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങള്‍.

ഒറ്റകക്ഷിയെന്ന നിലയില്‍ ഏതെങ്കിലുമൊരു കക്ഷിക്ക് കേരള നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്ന ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പും ഇതുതന്നെയായിരുന്നു. പിന്നീട് ഐക്യമുന്നണിയുടെ കാലമായിരുന്നു. പരസ്പര ധാരണയുടെയും പൊതുമിനിമം പരിപാടിയുടെയും അടിസ്ഥാനത്തിലുളള മുന്നണികള്‍ വരവായി.

ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന് സുഗമമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. അധികം കഴിയും മുമ്പേ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നു. വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌ക്കരണ നടപടികളും സ്ഥാപിതഫ്യൂഡല്‍ ശക്തികളെ ചൊടിപ്പിച്ചു. അവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു വിരുദ്ധശക്തികള്‍ സംഘടിച്ചു. ആര്‍എസ്പിയും ഇവരോടൊപ്പം ചേര്‍ന്നു. ഒടുവില്‍ മന്നത്ത് പത്മനാഭന്റെ രക്ഷാധികാരത്തില്‍ വിമോചന സമരമായി ഈ എതിര്‍പ്പ് രൂപപരിണാമം പ്രാപിച്ചു.

കോണ്‍ഗ്രസ്, ആര്‍എസ്പി, പിഎസ്പി തുടങ്ങിയ കക്ഷികളും കമ്മ്യൂണിസ്റ്റേതര തൊഴിലാളി വിരുദ്ധ സംഘടനകളും അണിനിരന്ന വിമോചന സമരം നാട്ടിലെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. 1959 ജൂണ്‍ 12 മുതല്‍ ജൂലൈ 31 വരെയുളള കാലഘട്ടം കേരളത്തെ പടക്കളമാക്കി. പിക്കറ്റിങ്ങും അറസ്റ്റും വെടിവയ്പ്പും നിത്യസംഭവമായി.

1959 ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതോടെ വിമോചന സമരവും കെട്ടടങ്ങി. നിയമസഭയും പിരിച്ചുവിടപ്പെട്ടു. കേരളം ഒരിക്കല്‍കൂടി രാഷ്ട്രപതിഭരണത്തിന്‍ കീഴിലായി. ഗവര്‍ണറുടെ ഉപദേഷ്ടാവായി പി എസ് റാവു നിയമിതനായി. അന്നുമുതല്‍ ഇന്നുവരെ പലവിധ സംഭവവികാസങ്ങളാണ് നിയമസഭ സാക്ഷിയായത്.

അവിശ്വാസത്തില്‍ വീണു (1960-1964)

രാഷ്ട്രപതിഭരണത്തിലിരിക്കെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പി എസ് പിയും മുസ്ലിം ലീഗും ഒന്നിച്ചാണ് മത്സരിച്ചത്. പി എസ് പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി. മുസ്ലിം ലീഗിനെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ കോണ്‍ഗ്രസ് അഖിലന്ത്യാ നേതൃത്വം എതിര്‍ത്തതിനെ തുടര്‍ന്ന് ലീഗ് നേതാവ് കെ എം സീതി സാഹിബിനെ സ്പീക്കറാക്കി. 1962ല്‍ പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെ തുടര്‍ന്ന് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. അധികാര വടംവലിയും കോണ്‍ഗ്രസിലെ ഭിന്നിപ്പും കാരണം 1964ല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടു. കേരളം വീണ്ടും രാഷ്ട്രപതിഭരണത്തില്‍.
മന്ത്രിസഭയില്ല (1965)

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പ്. പി ടി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസിനും വഴിവെച്ചു. തിരഞ്ഞെടുപ്പില്‍ സി പി എം (സ്വതന്ത്രര്‍ ഉള്‍പ്പെടെ 44) ഏറ്റവും വലിയ കക്ഷിയായി. സി പി ഐ (മൂന്ന്), കോണ്‍ഗ്രസ് (36), ലീഗ് (ആറ്), സ്വതന്ത്ര പാര്‍ട്ടി (ഒന്ന്), കേരള കോണ്‍ഗ്രസ് (24), എസ് എസ് പി (13) എന്നിങ്ങനെയായിരുന്നു കക്ഷിനില.
സി പി എമ്മും കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സത്യപ്രതിജ്ഞക്ക് മുമ്പ് സഭ പിരിച്ചുവിട്ടു. വീണ്ടും രാഷ്ട്രപതിഭരണത്തിലേക്ക്.

സപ്തകക്ഷി മുന്നണി (1967-1970)

മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ട തിരഞ്ഞെടുപ്പ്. സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആര്‍ എസ് പി, എസ് എസ് പി, കെ എസ് പി, കെ ടി പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സപ്തമുന്നണി രൂപവത്കരിച്ചു. കേരള കോണ്‍ഗ്രസും പി എസ് പിയും സ്വതന്ത്ര പാര്‍ട്ടിയും കൂട്ടുകക്ഷിയായി. കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചു.

സി പി എം നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തിലെത്തി. ഡി ദാമോദരന്‍ പോറ്റിയെ സ്പീക്കറായി തിരഞ്ഞെടുത്തു. മുന്നണിബന്ധങ്ങളിലുണ്ടായ ധ്രുവീകരണത്തെ തുടര്‍ന്ന് മന്ത്രിസഭ 1969 ഒക്ടോബര്‍ 24ന് രാജിവെച്ചു. സി പി ഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് വഴിയൊരുങ്ങി. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രപതിഭരണത്തിന് കീഴിലേക്ക് കേരളം നീങ്ങി.
കളം മാറി സി പി ഐ (1970 -1977)

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, പി എസ് പി, ആര്‍ എസ് പി. എന്നീ കക്ഷികള്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഐക്യമുന്നണിക്കൊപ്പമായിരുന്നു സി പി ഐ. സി പി എം, എസ് എസ് പി, ഐ എസ് പി, കെ ടി പി, കെ എസ് പി എന്നീ കക്ഷികള്‍ ഇടതുപക്ഷ മുന്നണിയായും കേരള കോണ്‍ഗ്രസും സംഘടന കോണ്‍ഗ്രസും പ്രത്യേക ജനാധിപത്യ മുന്നണിയായും തിരഞ്ഞെടുപ്പിനെ നേരിട്ടു. 79 സീറ്റ് നേടി സി അച്യുത മേനോന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരത്തിലെത്തി.
അടിയന്തിരാവസ്ഥ കാലത്തിലൂടെയാണ് അച്യുത മേനോന്‍ മന്ത്രിസഭ കടന്നുപോയത്. മൂന്ന് തവണയായി ആറ് മാസം വീതം 1977 മാര്‍ച്ച് വരെ സര്‍ക്കാറിന്റെ കാലാവധി നീട്ടി.
രാജിയും വീഴ്ചയും (1977-1979)

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 111 സീറ്റ് നേടി ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായി.
അടിയന്തരാവസ്ഥക്കാലത്ത് തടങ്കലിലാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി രാജനെ ഹാജരാക്കാന്‍ പിതാവ് ഈച്ചരവാര്യര്‍ നല്‍കിയ ഹരജിയിലെ വിധിയെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഏപ്രിലില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായെങ്കിലും ചിക്കമംഗളൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി സ്ഥാനാര്‍ഥിയായതില്‍ പ്രതിഷേധിച്ച് 1978 ഒക്ടോബറില്‍ ആന്റണി രാജിവെച്ചു. സി പി ഐയുടെ പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന തീരുമാനപ്രകാരം കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പി കെ വാസുദേവന്‍ നായര്‍ രാജിവെച്ചു. മുസ്ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും മുന്നണിക്കുള്ളിലെ വിഷയങ്ങള്‍ കാരണം സര്‍ക്കാര്‍ രാജിവെച്ചു. വീണ്ടും രാഷ്ട്രപതിഭരണത്തിലേക്ക്.

ഇടതിന് മേല്‍ക്കൈ (1980-1982)

ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ (93 സീറ്റ്) നേടിയ തിരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലെത്തി. സി പി എം (35), കോണ്‍ഗ്രസ് യു (21), സി പി ഐ (17), കേരള കോണ്‍ഗ്രസ് എം(എട്ട്), ആര്‍ എസ് പി (ആറ്), അഖിലേന്ത്യാ ലീഗ് (അഞ്ച്) എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ കക്ഷിനില. കോണ്‍ഗ്രസ് (17), ലീഗ് (14), കേരള കോണ്‍ഗ്രസ് ജെ (ആറ്), ജനതാ പാര്‍ട്ടി (അഞ്ച്), എന്‍ ഡി പി (അഞ്ച്), പി എസ് പി (ഒന്ന്) എന്നായിരുന്നു ഐക്യജനാധിപത്യമുന്നണി നേടിയത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിനുള്ള പിന്തുണ ആന്റണി കോണ്‍ഗ്രസ് പിന്‍വലിച്ചു. കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഐക്യമുന്നണിയില്‍ എത്തിയതിനെ തുടര്‍ന്ന് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. അവിശ്വാസ പ്രമേയത്തില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ രാജിവെച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
വീണ്ടും കരുണാകരന്‍ (1982-1987)

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1982 മേയ് 24ല്‍ അധികാരത്തിലെത്തി. സി എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി.
ബദല്‍രേഖാ വിവാദം (1987-1991)

ബദല്‍രേഖാ വിവാദത്തെ തുടര്‍ന്ന് എം വി രാഘവനെ സി പി എം പുറത്താക്കി. സി എം പി രൂപവത്കരിച്ച് എം വി രാഘവന്‍ യു ഡി എഫിലെത്തി. വലിയ ഭൂരിപക്ഷത്തോടെയാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ശേഷിക്കെ മന്ത്രിസഭ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു.
പാളിയ പ്രതീക്ഷ (1991-1996)

ലോക്സഭക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താന്‍ നായനാര്‍ സര്‍ക്കാര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി.
ചാരക്കേസിനെ തുടര്‍ന്നുള്ള വിവാദങ്ങളെ തുടര്‍ന്ന് കരുണാകരന്‍ സര്‍ക്കാര്‍ 1995 മാര്‍ച്ച് 16ന് രാജിവെച്ചു. കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം രാജിവെച്ച് എത്തിയ എ കെ ആന്റണി മുഖ്യമന്ത്രിയായി. രാജ്യസഭാ അംഗത്വം രാജിവെച്ച് ആന്റണി തിരൂരങ്ങാടിയില്‍ മത്സരിച്ച് വിജയിച്ചു.
ഗൗരിയമ്മയും ജെ എസ് എസും (1996-2001)

ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭ അധികാരത്തിലെത്തി. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതോടെയാണ് എം എല്‍ എ അല്ലായിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയത്. 1996 ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് ഇ കെ നായനാര്‍ വിജയിച്ചു. കെ ആര്‍ ഗൗരിയമ്മയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ജെ എസ് എസ് രൂപവത്കരിച്ച് യു ഡി എഫിന്റെ ഭാഗമായി.
പതിനൊന്നാം നിയമസഭ (2001- 2006)

എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണി 99 സീറ്റ് നേടി അധികാരത്തില്‍. ഇടതുമുന്നണിക്ക് 40 സീറ്റാണ് ലഭിച്ചത്. കെ കരുണാകരന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മകന്‍ കെ മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.2004ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിന് കനത്ത പരാജയം സംഭവിച്ചതിനെ തുടര്‍ന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തിലെത്തി.

ആരോഹണം അവരോഹണം (2006-2011)

98 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. യു ഡി എഫിന് 42 സീറ്റാണ് ലഭിച്ചത്. വിമാനയാത്ര അപഖ്യാതിയെ തുടര്‍ന്ന് പി ജെ ജോസഫ് രാജിവെച്ചു. അതിനുശേഷം സത്യപ്രതിജ്ഞ ചെയ്ത ടി യു കുരുവിള ഭൂമി സംബന്ധമായ അഴിമതി ആരോപണത്തെ തുടര്‍ന്നും രാജിവെച്ചു. പി ജെ ജോസഫിന് സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ രാജി, കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ പിന്നീട് പി ജെ ജോസഫിന്റെ രാജി, ജനതാദളിലെ പ്രശ്നങ്ങളുടെ പേരില്‍ മന്ത്രി മാത്യു ടി തോമസിന്റെ രാജിയും ജോസ് തെറ്റയിലിന്റെ സത്യപ്രതിജ്ഞയും പ്രധാന സംഭവങ്ങളായി.

പതിമൂന്നാം നിയമസഭ (2011-2016)

72 സീറ്റോടെ യു ഡി എഫ് മുന്നിലെത്തി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. എല്‍ ഡി എഫ് 68 സീറ്റ് നേടി. ബി ജെ പി രണ്ട് നിയോജക മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. ടി എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ അനുപ് ജേക്കബ് സഭയിലെത്തി.
പതിനാലാം നിയമസഭ (2016- 2021)

ഇടതുമുന്നണി 91 സീറ്റ് നേടി അധികാരത്തിലെത്തി. യു ഡി എഫ് 47 സീറ്റില്‍ ഒതുങ്ങി. പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

ചരിത്രത്തിലേക്ക് നോക്കിയാല്‍

രാജഭരണകാലത്തുതന്നെ കേരളം നിയമസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിരുന്നു. നിയമനിര്‍മ്മാണത്തിനും അവയുടെ ക്രമീകരണത്തിനും മറ്റുമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1888 മാര്‍ച്ച് 30-ാം തീയതി പാസ്സാക്കിയ റെഗുലേഷനിലൂടെ ഒരു കൗണ്‍സില്‍ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്.

കൗണ്‍സിലിന്റെ ആദ്യയോഗം 1888 ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.00 മണിക്ക് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയില്‍ ചേര്‍ന്നു. 1904-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്, കൗണ്‍സിലിനു പുറമേ 100 അംഗങ്ങളുള്ള ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്‌ളി (ജനപ്രതിനിധിസഭ) സ്ഥാപിച്ചതാണ് നിയമസഭാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്.

ശ്രീമൂലം പോപ്പുലര്‍ അസംബ്‌ളിയുടെ ആദ്യയോഗം 1904 ഒക്ടോബര്‍ 22-ന് വി.ജെ.ടി. ഹാളിലാണ് ചേര്‍ന്നത്.

1933 ജനുവരി 1 ന് ശ്രീമൂലം അസംബ്‌ളി (അധോമണ്ഡലം) ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരി മണ്ഡലം) എന്നീ പേരുകളില്‍ രണ്ടുസഭകള്‍ ഉണ്ടായി. രണ്ടു സഭകളുടെയും എക്‌സ്-ഒഫിഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു.

1938 ഓഗസ്റ്റ് 6ന് ശ്രീമൂലം പോപ്പുലര്‍ അസംബ്‌ളിയുടെ വി.ജെ.ടി. ഹാളിലെ അവസാന സമ്മേളനം നടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്‌ളി ഹാളിലുള്ള അസംബ്‌ളിയുടെ ആദ്യ സമ്മേളനം 1939 ഫെബ്രുവരി 9 ന് വ്യാഴാഴ്ചയാണ് ചേര്‍ന്നത്. ഈ ഇരട്ടസഭ, 1947 സെപ്റ്റംബര്‍ 4 ന് ഉത്തരവാദഭരണ പ്രഖ്യാപനം നടക്കും വരെ തുടര്‍ന്നു.

ഉത്തരവാദഭരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പോപ്പുലര്‍ അസംബ്‌ളി, പ്രായപൂര്‍ത്തി വോട്ടവകാശം മുഖേന തിരഞ്ഞെടുക്കപ്പെടുന്ന 120 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സഭയെന്ന നിലയില്‍ തിരുവിതാംകൂറിന്റെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളി ആദ്യയോഗം ചേരുകയും അസംബ്‌ളിയുടെ അദ്ധ്യക്ഷനായി എ. ജെ. ജോണിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

kerala history