സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി

കെ-ടെറ്റ് യോഗ്യതയില്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന മുൻ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്

author-image
Vineeth Sudhakar
New Update
IMG_1508

സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.

കെ-ടെറ്റ് യോഗ്യതയില്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന മുൻ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി നിയമനങ്ങൾക്ക് പരിഗണിക്കും. കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാദ്ധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിലെ ഈ ഭേദഗതികൾ അധ്യാപകർക്ക് ഗുണകരമാണെങ്കിലും, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.