/kalakaumudi/media/media_files/2025/03/19/vXxeVS7Xsae1wwkDlAon.jpg)
ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ഇ.എം.എസ് വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിയേഴ് വര്‍ഷം. പ്രത്യയശാസ്ത്ര കാര്‍ക്കശ്യത്തിനപ്പുറം സാധാരണ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ ധൈഷണിക വ്യക്തിത്വം. കേരളം മലയാളികളുടെ മാതൃഭൂമിയായി പരിവര്‍ത്തനം ചെയ്ത രാഷ്ട്രീയ നേതാവ്. കലുഷിതമായ രാഷ്ട്രീയ കാലത്ത് ജനങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നു.
1909 ജൂണ്‍ പതിമൂന്നിന് മലപ്പുറം ജില്ലയിലെ ഏലംകുളം മനയിലായിരുന്നു ഇ.എം.എസിന്റെ ജനനം. യോഗക്ഷേമ സഭയിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിയമ ലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ജയില്‍ മോചിതനായ ശേഷം മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.
1934ലും 1938 ലും കെ.പി.സി.സി സെക്രട്ടറിയായി. 1934 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപികൃതമായപ്പോള്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939ല്‍ മദിരാശി അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1
941 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. നീണ്ട 14 വര്‍ഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു. 1957ല്‍ ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്. കേരളത്തില്‍ കീഴാള സമൂഹത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്ന ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ടത് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ്.
നിരവധി പതിറ്റാണ്ടുകളില്‍ കേരള രാഷ്ട്രീയത്തിന്റെ അജന്‍ഡ നിശ്ചയിച്ചത് ഇഎംഎസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തില്‍ പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് അതുല്യസംഭാവന ചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളില്‍ ഒരാളായി മാറി.
അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയില്‍നിന്ന് നാടിനെ മോചിപ്പിക്കാനും ജാതിജന്‍മി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കാനും വലിയതോതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.
ജനിച്ച സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഏര്‍പ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തില്‍ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനുവേണ്ടി പ്രക്ഷോഭം നയിച്ചവരുടെ നിരയില്‍ ഇ എം എസ് ഉള്‍പ്പെടെ ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം പ്രവര്‍ത്തനഫലമായി, വിധവാവിവാഹത്തിന് അനുകൂലവും 'സംബന്ധ ഇടപാടിന്' എതിരെയും ഇംഗ്ലീഷ് പഠനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേഷപരിഷ്‌കാരത്തിനും അനുകൂലവുമായ നടപടികളുണ്ടായി.
വെറും സമുദായപരിഷ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇഎംഎസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും കഴിഞ്ഞു. അതിലൂടെ ആദ്യം കോണ്‍ഗ്രസിനെയും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയെയും ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ഇതിലൂടെ തെളിയുന്ന വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ ഊര്‍ജപ്രവാഹമായി മാറും എന്നതാണ്.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയില്‍ യോഹന്നാനും എല്ലാം നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ തകര്‍ന്നടിയാതെ നവോത്ഥാനത്തെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കാന്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും യത്‌നിച്ചു.
ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നല്‍കിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയര്‍ ഇന്നും ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരില്‍ പൊതുവില്‍ ഇന്നും സ്വാധീനം ചെലുത്തുന്നതും വര്‍ഗീയതകളില്‍നിന്ന് സംസ്ഥാനത്തെ അകറ്റിനിര്‍ത്തുന്നതും എല്‍ഡിഎഫിന് മേധാവിത്വം ഉള്ളതുകൊണ്ടും എല്‍ഡിഎഫ് ഭരണം ഉള്ളതുകൊണ്ടുമാണ്.
കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ല്‍ കോഴിക്കോട് ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഇഎംഎസ് കോഴിക്കോട് സബ്ജയിലില്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും അവിടെനിന്ന് വെല്ലൂര്‍ ജയിലിലേക്കും ഇഎംഎസിനെ മാറ്റി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചാണ് എ കെ ജിയെ കണ്ടുമുട്ടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇ എം എസിനെ കെപിസിസിയുടെ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ദേശീയ നേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു. 1937ല്‍ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്നു ഇ എം എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.
മാര്‍ക്‌സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതില്‍ ഇഎംഎസ് നല്‍കിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകര്‍ച്ചയെത്തുടര്‍ന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശി. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാര്‍ടികളും പേരും കൊടിയും ഉപേക്ഷിച്ചു.
അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാന്‍ ഉപദേശിച്ച് മനോരമ മുഖപ്രസംഗം എഴുതി. എന്നാല്‍, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സോഷ്യലിസത്തിന് സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നും ഇഎംഎസ് വ്യക്തമാക്കി. ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങളെ വിലയിരുത്തുന്നതില്‍ ഇഎംഎസ് പുലര്‍ത്തിയ പാടവം അനിതരസാധാരണമാണ്.
ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ട് മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി എങ്ങനെ ഭരണത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മുന്‍ അനുഭവമുണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയില്‍ നിന്നുകൊണ്ട് സംസ്ഥാനസര്‍ക്കാരിനെ നയിക്കുന്നതില്‍ അന്യാദൃശമായ മാതൃക കാണിച്ചു.
കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഭൂമിയില്‍നിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി ഒപ്പിട്ടത്. കേരളത്തില്‍ ജന്‍മിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതിനും ഇഎംഎസ് സര്‍ക്കാരിന് കഴിഞ്ഞു.
ആറടി മണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയില്‍ കഴിയുന്ന മണ്ണിന്റെ മക്കള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നല്‍കി എന്നതാണ് ഇഎംഎസ് സര്‍ക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂര്‍ണവുമായ നടപടി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബില്‍, അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റല്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.
ഭൂപരിഷ്‌കരണരംഗത്ത് ഉള്‍പ്പെടെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പില്‍ക്കാല സര്‍ക്കാരുകള്‍ക്കും ഇഎംഎസിന്റെ ചിന്ത വഴികാട്ടിയായി. ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഖാവിന്റെ ഇടപെടല്‍ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി അദ്ദേഹം പ്രവര്‍ത്തിച്ചു. കലയും സാഹിത്യവും വരേണ്യവര്‍ഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കുന്ന അവസ്ഥയ്‌ക്കെതിരെ, അത് തൊഴിലാളിവര്‍ഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊര്‍ജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ അദ്ദേഹം നടത്തി.
എന്നാല്‍ 1959 ല്‍ വിമോചനസമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടു. 1967 ല്‍ സപ്തകക്ഷി മുന്നണിയുടെ നേതാവായി വീണ്ടും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആധുനിക കേരളത്തിന്റെ ഘടനയും ഭാവിയും നിശ്ചയിക്കുന്ന സാമൂഹ്യ രാഷ്ട്രീയ ചലനങ്ങളിലെല്ലാം സഖാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാഹിത്യ ചരിത്ര ധൈഷണിക രചനയിലും തന്റേതായ ശൈലി സ്ഥാപിക്കുന്നതില്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റ് നേതാവും നവകേരള ശില്പിയുമായ സഖാവ് ഇ എം എസ് 1998 മാര്‍ച്ച് 19ന് ലോകത്തോട് വിട പറഞ്ഞു.