ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ആ മൂന്നക്ഷരം പിറന്നിട്ട് 99 വര്‍ഷം

രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍, അരുണാ ആസഫലി, ബല്‍രാജ് സാഹ്നി, ഡോ. ധ്യാന്‍ചന്ദ് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കപ്പെട്ട എ ഐ വൈ എഫിന്റെ സാരഥ്യത്തിലെത്തിയ പി കെ വി, സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചവരുടെ പ്രിയങ്കരനായ നേതാവായി വളരെപ്പെട്ടെന്നാണ് ഉയര്‍ന്നത്

author-image
Biju
New Update
sDG

ലോക്‌സഭയിലേക്കു നാലു മണ്ഡലങ്ങളില്‍ നിന്നു ജയം. ദേശീയ തലത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയവര്‍ക്കു മാത്രമുള്ള അത്യപൂര്‍വ റെക്കോര്‍ഡിന് ഉടമയായി ഒരു മലയാളിയുണ്ട്. പ്രമുഖ സിപിഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പികെവി എന്ന പി.കെ.വാസുദേവന്‍ നായരാണു കേരളത്തിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നു വിജയിച്ചു റെക്കോര്‍ഡിട്ട മലയാളി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ആ മൂന്നക്ഷരം പിറന്നിട്ട് 99 വര്‍ഷം

വാജ്‌പേയി അഞ്ചും റാവു നാലും മണ്ഡലങ്ങളില്‍ നിന്നു ലോക്‌സഭയിലെത്തി. പികെവിയുടെ വിജയം കേരളത്തില്‍ നിന്നു മാത്രമായപ്പോള്‍ വാജ്‌പേയിയും റാവുവും മൂന്നു വീതം സംസ്ഥാനങ്ങളില്‍ നിന്നാണു വിജയം കണ്ടത്.

1979ല്‍ മുഖ്യമന്ത്രിയാവും മുന്‍പു മൂന്നു തവണ ലോക്‌സഭാംഗമായി. 1957ല്‍ തിരുവല്ലയിലും 1962ല്‍ അമ്പലപ്പുഴയിലും (ഇന്നത്തെ ആലപ്പുഴ) 1967ല്‍ പീരുമേട്ടില്‍ നിന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. പികെവി വിജയിച്ച മൂന്നു മണ്ഡലങ്ങളും ആ പേരില്‍ ഇന്നില്ല. മൂന്നും പുതിയ പേരിലേക്കു മാറിയെന്ന പ്രത്യേകതയുമുണ്ട്. 1970ല്‍ സിപിഐ ഇടതുമുന്നണി വിട്ടു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ ഭാഗമായി.

1977ല്‍ ആലപ്പുഴയില്‍ നിന്നു നിയമസഭയിലെത്തിയ പികെവി, കെ.കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയും 1979ല്‍ മുഖ്യമന്ത്രിയുമായി. ഇടതു മുന്നണി രൂപീകരിക്കാനായി സിപിഐ സഖ്യം വിട്ടപ്പോള്‍ പികെവി മുഖ്യമന്ത്രി പദം ഉപേക്ഷിച്ചു ഇടതുമുന്നണി സ്ഥാനാര്‍ഥിയായി 1980ല്‍ ആലപ്പുഴയില്‍ വീണ്ടും വിജയിച്ച പികെവി,1982ല്‍ ആലപ്പുഴയില്‍ നിയമസഭയിലേക്കുള്ള മൂന്നാം മത്സരത്തില്‍ ചരിത്രത്തിലാദ്യമായി തോല്‍വിയറിഞ്ഞു. 

അതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്ന പികെവി രണ്ടു പതിറ്റാണ്ടിനു ശേഷം പാര്‍ട്ടി നിര്‍ബന്ധത്തിനു വഴങ്ങി 2004ല്‍ തിരുവനന്തപുരത്തു നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ ജനം പികെവിയെ  വീണ്ടും ലോക്‌സഭയിലേക്കയച്ചപ്പോള്‍ അത് ആരും ഭേദിക്കാത്ത റെക്കോര്‍ഡായി. പികെവിക്കു പക്ഷേ, തന്റെ കാലാവധി പൂര്‍ത്തിയാക്കാനായില്ല. മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനും അന്തസ്സുറ്റ വ്യക്തിത്വത്തിനുടമയുമായി അറിയപ്പെട്ട അദ്ദേഹം 2005 ജൂലൈ 12ന് വിടവാങ്ങി.

രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍, അരുണാ ആസഫലി, ബല്‍രാജ് സാഹ്നി, ഡോ. ധ്യാന്‍ചന്ദ് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കപ്പെട്ട എ ഐ വൈ എഫിന്റെ സാരഥ്യത്തിലെത്തിയ പി കെ വി, സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചവരുടെ പ്രിയങ്കരനായ നേതാവായി വളരെപ്പെട്ടെന്നാണ് ഉയര്‍ന്നത്. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെയും തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെയും (എ ഐ എസ് എഫ്) സമരതീക്ഷ്ണമായ കൗമാരപശ്ചാത്തലം, എ ഐ വൈ എഫ് നാളുകളുടെ പ്രക്ഷുബ്ധ യൗവനത്തെ സദാ തുടിക്കുന്ന മുദ്രാവാക്യങ്ങളാല്‍ ആരവമുഖരിതമാക്കാന്‍ പി കെ വിയ്ക്കു തുണയായി. ഇംഗ്ലിഷിലും മലയാളത്തിലും ഉജ്വലമായി പ്രസംഗിക്കാനുള്ള പാടവം, സഖാക്കളുമായി സ്ഥാപിക്കുന്ന അകംനിറഞ്ഞ കൊമ്രേഡ്ഷിപ്പ്, സുദൃഢമായ നേതൃശേഷി ഇവയൊക്കെ പി കെ വിയെ ലോകജനാധിപത്യ യുവജനഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെയെത്തിച്ചു.

അതീവ ലളിതവും കുലീനവുമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തി കടന്നുപോയവരുടെ കൂട്ടത്തിലാണ് പി കെ വാസുദേവന്‍ നായരുടെ പേര് ചരിത്രം എക്കാലത്തും രേഖപ്പെടുത്തുക.

1957 ല്‍ തിരുവല്ലയില്‍നിന്നും 1962 ല്‍ അമ്പലപ്പുഴയില്‍ നിന്നും 1967 ല്‍ പീരുമേടുനിന്നും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട, സംശുദ്ധമായ പാര്‍ലമെന്ററി ജീവിതത്തിന്റെ ക്രമാനുഗതമായ യാത്ര മുഖ്യമന്ത്രിയുമാകുന്നതു വരെയെത്തി. 1977 ല്‍ വ്യവസായമന്ത്രിയായ പി കെവി, എ കെ ആന്റണിയുടെ രാജിയെത്തുടര്‍ന്ന് 1978 മുതല്‍ ഒരു വര്‍ഷം മുഖ്യമന്ത്രിയായി. ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യം വികസിപ്പിക്കുകയെന്ന സി പി ഐ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പി കെ വി മുഖ്യമന്ത്രിപദം രാജിവച്ചു. 

രാഷ്ട്രീയ പ്രസക്തവും സുധീരവുമായ തീരുമാനമായിരുന്നു അതെന്ന് പില്‍ക്കാല ഇടതുരാഷ്ട്രീയം ഹ്രസ്വകാലത്തേക്കെങ്കിലും വിധിയെഴുതി. പക്ഷേ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ഇടതുകക്ഷികളുടെ ദയനീയമായ പ്രകടനം, ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തെ റദ്ദാക്കുന്നതായിരുന്നുവെന്നു പാര്‍ട്ടിയ്ക്കകത്തെ ഭൂരിപക്ഷമാളുകള്‍ക്കും ബോധ്യമായി. ഒരു പക്ഷേ കോണ്‍ഗ്രസിനെക്കൂടി ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പഴയ തന്ത്രം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ സി പി ഐയുടെ പാര്‍ലമെന്ററി പ്രകടനം എത്രയോ മെച്ചപ്പെട്ടതാകുമായിരുന്നു.

അതീവ ലളിതവും കുലീനവുമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനു വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തി കടന്നുപോയവരുടെ കൂട്ടത്തിലാണ് പി കെ വാസുദേവന്‍ നായരുടെ പേര് ചരിത്രം എക്കാലത്തും രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും സ്വഭാവലാളിത്യവും ന്യൂജെന്‍ കമ്യൂണിസ്റ്റുകാരും പാര്‍ലമെന്റേറിയന്‍മാരും മാതൃകയാക്കുമെന്നു വ്യാമോഹിക്കേണ്ടതില്ല. മുഖ്യമന്ത്രിയായ കാലത്ത് അകമ്പടിക്കാരായ പോലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി കെ വിയുടെ വലുപ്പം എത്രയെന്ന് ഈ ഓര്‍മദിനത്തിലെങ്കിലും അധികാരഗര്‍വ് തലയ്ക്കു പിടിച്ച പുതുതലമുറ നേതാക്കള്‍ക്കും ഇടതു മന്ത്രിമാര്‍ക്കും ഓര്‍ക്കാവുന്നതാണ്.

 

p k vasudevan nair