ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ 112-ാം ജന്മദിനം

ഒരു തെരുവിന്റെ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. പോരാത്തതിന് 1980 ലെ ജ്ഞാനപീഠ പുരസ്‌കാരം പൊറ്റൈക്കാട്ടിനായിരുന്നു.

author-image
Biju
New Update
sged

മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതത്വം നിറഞ്ഞ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ തലങ്ങളില്‍ വിശ്രമിക്കേണ്ടിയും തങ്ങേണ്ടിയും ഉറങ്ങേണ്ടിയും വരും. തന്റെ ജീവിതം ഇങ്ങനെ യാത്രകളുടെ പുസ്തകമാക്കി മാറ്റിയ സഞ്ചാരത്തെ സാഹിത്യമാക്കിത്തീര്‍ത്ത എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി പൊറ്റെക്കാട്ട്. 

കേരളത്തെ ലോകം കാണിച്ച ആദ്യത്തെ സഞ്ചാരിയും സാഹിത്യകാരനുമാണ് അദ്ദേഹം. പ്രസിദ്ധ സഞ്ചാരിയായ സന്തോഷ് കുളങ്ങരയുടെ പ്രചോദനം എസ്.കെ. പൊറ്റെക്കാട്ടായിരുന്നുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സഞ്ചാരസാഹിത്യകാരന്റെ ലേബലിനപ്പുറം പൊറ്റെക്കാട്ട് ഇന്ത്യയിലെ മികച്ച നോവലിസ്റ്റും ചെറുകഥാകാരനുമായിരുന്നു. 

ഒരു തെരുവിന്റെ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. പോരാത്തതിന് 1980 ലെ ജ്ഞാനപീഠ പുരസ്‌കാരം പൊറ്റൈക്കാട്ടിനായിരുന്നു. എന്നും ഒരു സഞ്ചാരിയായിരുന്നു പൊറ്റെക്കാട്ട്. യാത്രാസംവിധാനങ്ങള്‍ തീരെയില്ലായിരുന്ന അക്കാലത്ത് ലോകം മുഴുവന്‍ ചുറ്റിനടന്ന പൊറ്റെക്കാട്ട് ഒരു വിസ്മയമായിരുന്നു. അദ്ദേഹത്തിന്റെ സഞ്ചാരം കേരളത്തിന് മാത്രമല്ല ലോകത്തിനും, മാതൃകയായി. ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ 112-ാം ജന്മദിനമാണ്.

1928 ല്‍, ആദ്യ കഥയായ രാജനീതി സാമൂതിരി കോളേജ് മാഗസീനിലൂടെ വെളിച്ചം കണ്ടു. 1929 ല്‍ കോഴിക്കോട്ട് നിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ മകനെ കൊന്ന മദ്യം എന്ന കവിതയും വെളിച്ചം കണ്ടു. പൊറ്റെക്കാട്ടിന്റെ ഒരു കവിതയെ സഞ്ജയന്‍ നിര്‍ദ്ദയം വിമര്‍ശിക്കുകയും പിന്നെ സഞ്ജയന്‍ പത്രാധിപരായിരുന്ന മാഗസീനില്‍ തന്നെ പൊറ്റെക്കാട്ട് കവിതകളും കഥകളും എഴുതിയിട്ടുമുണ്ട്. 1931 ല്‍ മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം മാസികയില്‍ ഹിന്ദു മുസ്ലീം മൈത്രിയെന്ന കഥ പ്രസിദ്ധീകരിച്ചതോടുകൂടി പൊറ്റെക്കാട്ടിനെ തേടി അവസരങ്ങള്‍ വന്നു. 

മാതൃഭൂമിയില്‍ തുടരെത്തുടരെ കഥകള്‍ വരാന്‍ തുടങ്ങി. പൊറ്റെക്കാട്ടിന്റെ ആദ്യ നോവല്‍ നാടന്‍ പ്രേമം 1939 ല്‍ ബോംബെയില്‍ വച്ചാണ് അദ്ദേഹം എഴുതിയത്. ബോംബെ ജീവിതമാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് പൊറ്റെക്കാട്ട് പറഞ്ഞിട്ടുമുണ്ട്.

1949 ല്‍ തന്റെ വിശ്വവിഖ്യാതമായ വിദേശയാത്ര പൊറ്റൈക്കാട്ട് നടത്തി. സഞ്ചാര സാഹിത്യമെന്ന ഒരു പുതിയ ശാഖയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അതിന് മുമ്പ് ചില വിദേശ മിഷണറിമാരുടെ യാത്രാവിവരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സര്‍ഗ്ഗാത്മക സാഹിത്യമായിരുന്നില്ല. ബാലിദ്വീപിനെ കുറിച്ച് പൊറ്റെക്കാട്ട് എഴുതിയ യാത്രാവിവരണം ഒരു കവിത പോല ഈ ലേഖകന്‍ സ്‌കൂള്‍കാലത്ത് ആസ്വദിച്ചത് ഓര്‍ക്കുന്നു. 1940 ല്‍ തന്നെ പൊറ്റെക്കാട്ട് തന്റെ ഭാരതപര്യടനം ആരംഭിച്ചിരുന്നു. 

യൂറേപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിങ്ങനെ മിക്ക രാജ്യങ്ങളും ധാരാളം ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് പൊറ്റെക്കാട് സന്ദര്‍ശിച്ചു. അതിനെയൊക്കെ കുറിച്ച് കവിത തുളുമ്പുന്ന സഞ്ചാരസാഹിത്യങ്ങള്‍ മലയാളത്തിന് ലഭിച്ചു. സഞ്ചാരസാഹിത്യമെന്നാല്‍ എസ്.കെ. പൊറ്റെക്കാട്ട് എന്നായി. 1962 ല്‍ തലശ്ശേരി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്ന് സുകുമാര്‍ അഴീക്കോടിനെ തോല്‍പ്പിച്ചുകൊണ്ട് എം.പി.യുമായി.

യൂറോപ്പിലൂടെ എന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണ ഗ്രന്ഥത്തിലെ ഒന്നു രണ്ടു ഖണ്ഡികകള്‍ വായനക്കാര്‍ക്ക് വേണ്ടി ഇവിടെ എഴുതട്ടെ. ''ഒന്‍പത് മാസങ്ങള്‍ ആഫ്രിക്കയില്‍ സഞ്ചരിച്ചു. 1950 മാര്‍ച്ച് 17-ാം തീയതി ഞാന്‍ അലക്സാന്ദ്രിയാ തുറമുഖത്തില്‍ നിന്ന് ഇറ്റലിയിലെ നേപ്പിള്‍സിലേക്കു കപ്പല്‍ കയറി.

ആഫ്രിക്കയിലെ ഇരുണ്ട കാടുകളും വരണ്ട മരുഭൂമികളും വിട്ട് ഹിമഗിരിയുടെ താഴ്വരകളിലേക്ക്... ചൂടില്‍ നിന്നു തണുപ്പിലേക്ക്.. മൃഗപ്രായരായ കാപ്പിരികളെ വിട്ട് കലയും ശാസ്ത്രവും കൊണ്ട് കളിക്കുന്ന വെള്ളക്കാരുടെ നാടുകളിലേക്ക്, കേവലം ഒരു ഇന്ത്യന്‍ സഞ്ചാരിയുടെ നിലയില്‍ ഞാന്‍ യാത്ര തുടര്‍ന്നു.''
ഇനി സെന്റ് പീറ്റേഴ്സ് ഭദ്രാസനപ്പള്ളിയെ കുറിച്ച് പൊറ്റെക്കാട്ടിന്റെ വിവരണം നോക്കുക.''ഇന്നു നാം കാണുന്ന സെന്റ്പീറ്റര്‍ പള്ളിയുടെ നിര്‍മ്മാണം ജൂലിയസ് രണ്ടാമന്റെ കാലത്താണ് ആരംഭിച്ചത്. ബ്രമാന്റ്‌റീസ് എന്ന ശില്‍പിയുടെ പ്ലാനനുസരിച്ച്, 1506-ാമാണ്ട് ഏപ്രില്‍ 11-ാം തീയതി ഇതിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. 

ഒരു ഗ്രീക്കു കുരിശിന്റെ ആകൃതിയില്‍ പള്ളി നിര്‍മ്മിക്കണമെന്നായിരുന്നു ബ്രമാന്റ്‌റിസിന്റെ പ്ലാന്‍. എട്ടു വര്‍ഷത്തിനുശേഷം പള്ളിയുടെ പണി വിശ്വവിഖ്യാതകലാകരാനായ റഫേല്‍ ഏറ്റെടുത്തു. മാര്‍പാപ്പ ലിയോ പത്താമന്റെ രക്ഷാധികരത്തിന്‍ കീഴിലാണ് നിര്‍മ്മാണം നടന്നുകൊണ്ടിരുന്നത്. റഫേലിനു പുറമേ, ജൂലിയാനോ ഡാ സംഗല്ലോ, വെറോണ, ബാല്‍ദസ്സാരെ തുടങ്ങിയ അക്കാലത്തെ പ്രമുഖ ശില്‍പികളും ഈ മന്ദിരത്തിന്റെ കലാപരമായ ഉയര്‍ച്ചയെ സഹായിച്ചുകൊണ്ടിരുന്നു.

'' 1564 ല്‍ തന്റെ മരണം വരെ മൈക്കേല്‍ ആജ്ഞലോ ഈ പള്ളിയുടെ നിര്‍മ്മാണത്തില്‍ മുഴുകിയിരുന്നു. പള്ളിയിലെ കമാനാകൃതിയിലുള്ള ഹാളിന്റെ മോന്തായത്തില്‍ ക്രിസ്തുദേവന്റെ ജീവിതസംഭവ പരമ്പരകള്‍ വരയ്ക്കാന്‍ മൈക്കേല്‍ ആജ്ഞലോവിന് മുകളില്‍ കെട്ടിത്തൂക്കിയ മരപ്പലകയില്‍ അഞ്ചാറു കൊല്ലത്തോളം  തുടര്‍ച്ചയായി മലര്‍ന്നുകിടക്കേണ്ടി വന്നതിന്റെ ഫലമായി മൈക്കേല്‍ ആജ്ഞലോവിന്റെ ദേഹം വടിപോലെ മരവിച്ചുപോയെന്ന് വത്തിക്കാനിലെ ഗെഡ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതില്‍ ഒട്ടും അതിശയോക്തിയില്ലെന്നും പൊറ്റെക്കാട്ട് വ്യക്തമാക്കുന്നു. 

മൈക്കേല്‍ ആജ്ഞലോവിന്റെ ജീവരക്തമാണ് ഹാളിലെ സുപ്രസിദ്ധ ചിത്രങ്ങളില്‍ തെളിഞ്ഞുകാണുന്നത്. ഈ വരികളില്‍ നിന്ന് സമ്പൂര്‍ണനായ ഒരു സഞ്ചാര സാഹിത്യകാരനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
1936-1939 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ആദര്‍ശത്തില്‍ വിശ്വസിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനായ പൊറ്റെക്കാട്ട്, ഇറക്കുമതി ചരക്കായതുകൊണ്ട് പഞ്ചസാര പോലും കുറച്ചുകാലത്തേക്ക് ഉപേക്ഷിച്ചിരുന്നു. അന്നദ്ദേഹം കോഴിക്കോട്ടെ നാഷണല്‍ ഗുജറാത്തി സ്‌കൂളില്‍ ഇംഗ്ലീഷ് മലയാളം മാസ്റ്ററായിരുന്നു. കവിതകളും ലേഖനങ്ങളും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലം. 

പി.കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് എന്നിവരുമായുള്ള സമ്പര്‍ക്കം തന്നില്‍ ദേശീയ ബോധവും രാഷ്ട്രീയ സിദ്ധാന്തത്തെ പറ്റിയുള്ള അറിവും ലഭിക്കാനിടയായി. പി. കൃഷ്ണപിള്ളയുമായിട്ടുള്ള ആദ്യത്തെ സമ്പര്‍ക്കത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''പിറകോട്ട് ചീകിവച്ച കറുത്ത് മിനുത്ത തലമുടിയോടുകൂടിയ നെടിയ മുഖം. ദേശീയാദര്‍ശ വീര്യവും കര്‍ത്തവ്യബോധദാര്‍ഢ്യവും സൂചിപ്പിക്കുന്ന സംഭാഷണങ്ങള്‍ - നിരയൊത്ത നല്ല പല്ലുകള്‍ കുറേശെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പുഞ്ചിരി. 

ആരെയും വശീകരിപ്പാന്‍ സമര്‍ത്ഥമായ സൗമ്യമായ പെരുമാറ്റം. തൊഴിലാളിവര്‍ഗ്ഗവുമായി താദാത്മ്യം പ്രാപിച്ച ജീവിതവ്രതങ്ങള്‍... ഇവയെല്ലാം കൂടിച്ചേര്‍ന്ന പി.കൃഷ്ണപിള്ളയെന്ന വ്യക്തി ഒരസാമാന്യ ശക്തിയായിരുന്നു. ഹിന്ദി പ്രചാരകനെന്ന നിലയിലായിരുന്നു പി. കൃഷ്ണപിള്ളയെ ആദ്യമായി ഞാന്‍ കാണുന്നതും ഓര്‍ക്കുന്നതും. അക്കാലത്ത് കോണ്‍ഗ്രസ് സമ്മേളനങ്ങളിലും ദേശീയ ദിനാചരണപരിപാടികളിലും പ്രഭാതത്തില്‍ പതാക ഉയര്‍ത്തല്‍ ഒരു പ്രധാന കര്‍മ്മമായിരുന്നു. ആ മുഹൂര്‍ത്തത്തില്‍ പതാക ഗാനം ഹിന്ദിയില്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ പാടാനറിയുന്നവരെ കിട്ടുന്ന കാര്യം പരുങ്ങലിലായിരിക്കും. അപ്പോള്‍ കൃഷ്ണപിള്ളയെ തേടിപ്പിടിക്കും.''

ഇതുപോലെ തന്നെ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹേബുമായിട്ടും പൊറ്റെക്കാട്ടിന് വലിയ ബന്ധമായിരുന്നു. 1921 ലെ മാപ്പിള ലഹളയിലെ ഏറനാട് കലാപത്തില്‍ കൊല്ലപ്പെട്ട വെള്ളപ്പോലീസ് മേധാവി ഹിച്ച്കോക്കിന് സര്‍ക്കാര്‍ മോങ്ങത്ത് ഒരു സ്മാരക സ്തംഭം പണിത് പ്രതിഷ്ഠിച്ചിരുന്നു. ഈ സ്മാരകം അവിടെ നിന്നും നീക്കണമെന്ന് അബ്ദു റഹിമാന്‍ സാഹേബിന്റെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭം ആരംഭിച്ചു. ആ പ്രക്ഷേഭത്തിന് പാട്ടെഴുതിയതാവട്ടെ എസ്.കെ. പൊറ്റൈക്കാട്ടും. ആ സ്മാരകത്തിനെതിരെ പൊറ്റെക്കാട്ട് ഇങ്ങനെ എഴുതി. ''മലബാറില്‍ ഹിന്ദു-മുസ്ലീം മൈത്രിയെ വൃണപ്പെടുത്താന്‍ നിലനിര്‍ത്തപ്പെട്ട നെടുംതകുന്തമാണിത്. ഹന്ത! കണികാണ്‍മാന്‍ വേണ്ടവേണ്ട രക്തം പുരണ്ടൊരി കുന്തം! ബ്രിട്ടീഷ് വരാഹത്തിന്‍ ദുഷിച്ച ദന്തം കെട്ടുനാറും നൂനുറു ഭയാനകസ്മരണകളൊട്ടി നില്‍ക്കും കുന്തം ഞങ്ങള്‍ കുഴിച്ചുമൂടും!''

ചങ്ങമ്പുഴയുമായിട്ട് വളരെ വലിയ ആത്മബന്ധം എസ്.കെ. പൊറ്റെക്കാട്ടിനുണ്ടായിരുന്നു. അവര്‍ തമ്മില്‍ ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്നു. കത്തുകളിലൂടെ ആരംഭിച്ച മൈത്രി കൂടിക്കാഴ്ചകളിലൂടെയും കൂട്ട്യാത്രകളിലൂടെയും ശക്തമായി. ചങ്ങമ്പുഴയെ കുറിച്ച് പൊറ്റെക്കാട്ട് എഴുതുന്നത് ഇങ്ങനെയാണ്. ''ചങ്ങമ്പുഴയെപ്പോലെ അത്ര ശുദ്ധഹൃദയനായൊരു സുഹൃത്തിനെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. നമ്മുടെ നാട്ടിലെ സാഹിത്യകാരന്‍മാര്‍ പലരും ഉള്ളുകൊണ്ട് പരസ്പരം അസൂയാലുക്കളായി വര്‍ത്തിക്കുന്നവരായിരിക്കും. 

ഭാഷയില്‍ മറ്റു സമകാലീന സാഹിത്യകാരന്‍മാര്‍ രചിക്കുന്ന ഗ്രന്ഥങ്ങള്‍ ഇവര്‍ വായിക്കുകയില്ല. അവ വായിക്കുന്നത് തങ്ങളുടെ അന്തസ്സിനു യോജിച്ചതല്ലാ എന്നൊരു മനോഭാവം കൂടി ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നു. 

എന്നാല്‍ ചങ്ങമ്പുഴയുടെ ഹൃദയത്തെ ഈ ഞരമ്പുരോഗം ബാധിച്ചിരുന്നില്ല. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പുറത്തുവന്ന കവിതകളും ചെറുകഥകളും വായിച്ചു നല്ലതെന്നു തോന്നിയാല്‍ ആ സാഹിത്യകാരന്‍മാരെ അഭിനന്ദിച്ചുകൊണ്ട് ചങ്ങമ്പുഴ കത്തുകള്‍ അയയ്ക്കാറുണ്ടായിരുന്നു. 

അങ്ങനത്തെ മൂന്നുനാലു കത്തുകള്‍ ചങ്ങമ്പുഴയില്‍ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ കഥയിലെ ഏതെങ്കിലും വര്‍ണ്ണനമോ ഉപമയോ പ്രയോഗമോ നിരീക്ഷണമോ തന്നെ ആകര്‍ഷിച്ചതായി കണ്ടാല്‍ അത് ചൂണ്ടിക്കാട്ടി എന്നെ അഭിനന്ദിച്ചുകൊണ്ട്  ഉടനെ കത്തയയ്ക്കും.''

ശങ്കരന്‍ പൊറ്റെക്കാട്ട് എന്ന സാഹിത്യകാരനാണോ ശങ്കരന്‍ പൊറ്റെക്കാട്ട് എന്ന സഞ്ചാരിയാണോ ഏതാണ് ആ വ്യക്തിത്വത്തിന്റെ ഉയരമെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരം കിട്ടാന്‍ വിഷമമാണ്. സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. രണ്ടും ഒന്നിനൊന്ന് പൂരകം. മലയാള സാഹിത്യത്തിലെ സഞ്ചാരിയും സാഹിത്യകാരനുമായ ഒരേ ഒരാളേയുള്ളു, അത് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ പൊറ്റെക്കാട്ട് മാത്രം.