/kalakaumudi/media/media_files/2025/04/16/wuuupPT12Nai5U50pC5h.jpg)
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം രാജ്യത്തെ വികസനത്തിന്റെ ചരിത്രം കൂടിയാണ്. ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാര്‍ തുടങ്ങിയ റെയില്‍വേ സംവിധാനം ഇന്ന് രാജ്യത്തിന്റെ അഖണ്ഡതയെയും നാനാത്വത്തെയും സൂചിപ്പിക്കുന്ന പ്രതീകമായി മാറി. 1853 ഏപ്രില്‍ 16-നാണ് ഇന്ത്യയിലെ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത്. ബോംബെയില്‍നിന്ന് താനെ വരെയായിരുന്നു ആദ്യവണ്ടി. 34 കിലോ മീറ്റര്‍ ദൂരം. 400 യാത്രക്കാര്‍ക്ക് ഇതില്‍ ഒരേസമയം കയറാമായിരുന്നു. ബോംബെ സര്‍ക്കാറില്‍ ചീഫ് എന്‍ജിനീയറായിരുന്ന ജോര്‍ജ് ക്ലാര്‍ക്കിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ആദ്യ വണ്ടിയുടെ തുടക്കത്തിലേക്ക് നയിച്ചത്.
കേരളത്തില്‍ തിരൂര്‍ - ബേപ്പൂര്‍ പാതയിലൂടെയാണ് ആദ്യമായി തീവണ്ടി ഓടിയത്. 1861 മാര്‍ച്ച് 12-നാണ് ഈ പാതയിലൂടെ ഓട്ടം ആരംഭിച്ചത്. ഇന്ന് ബേപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്ല. കൂടുതല്‍ സൗകര്യത്തിനുവേണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പിന്നീട് പണികഴിപ്പിക്കുകയായിരുന്നു. ഇന്ന് ഓരോ ദിവസവും ഏകദേശം 11,000 വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേ ഓടിക്കുന്നത്. ഇതില്‍ 7,000 എണ്ണവും പാസഞ്ചര്‍ വണ്ടികളാണ്. പുക തുപ്പി ഓടിയിരുന്ന തീവണ്ടികള്‍ ഡീസല്‍ വണ്ടികളും വൈദ്യുത ട്രെയിനുകളായി മാറി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മേധയും കുതിച്ചുപായുന്ന വന്ദേ ഭാരതും രാജകീയസൗകര്യങ്ങളുള്ള മഹാരാജ എക്സ്പ്രസും ആലോചനയിലുള്ള ബുള്ളറ്റ് ട്രെയിനുമൊക്കെ നമ്മുടെ കരുത്തിന്റെ വിളംബരങ്ങളാണ്. ഹൈഡ്രജന്‍ വണ്ടികളും ഉടനെയെത്തും. പ്രധാനമായും രണ്ട് തരത്തിലുള്ള വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. യാത്രാവണ്ടികളും ചരക്കുവണ്ടികളും.
യാത്രാവണ്ടികള്‍
പാസഞ്ചര്‍: എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന വണ്ടികളാണിവ. വേഗം കുറവായിരിക്കും. ടിക്കറ്റ് നിരക്കും കുറവാണ്. സാധാരണയായി ഇതില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല.
ജന്‍സാധാരണ്‍: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വണ്ടികളാണിവ. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ശതാബ്ദി, രാജധാനി വണ്ടികളോടുന്ന റൂട്ടുകളിലാണ് ഇവ ഓടുന്നത്. റിസര്‍വേഷന്‍ സൗകര്യമുണ്ടാകില്ല.സൂപ്പര്‍ഫാസ്റ്റും എക്സ്പ്രസും: സാധാരണ നമ്മുടെ നാട്ടിലോടുന്ന വണ്ടികളാണ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുകളും എക്സ്പ്രസുകളും. സൂപ്പര്‍ഫാസ്റ്റിന് അല്‍പം വേഗത കൂടും. സ്റ്റോപ്പുകളും കുറവാകും. നിരക്ക് താരതമ്യേന കൂടുതലായിരിക്കും. എക്സ്പ്രസിന് പാസഞ്ചര്‍ ട്രെയിനുകളെ അപേക്ഷിച്ച് സ്റ്റോപ്പുകള്‍ കുറവാണ്. നിരക്കാകട്ടെ കൂടുതലും.
മെയില്‍: നേരത്തെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാനായി പ്രത്യേക കോച്ചുകളുമായി ഓടിയിരുന്ന വണ്ടികളായിരുന്നു ഇവ. ഇന്ന് പല വണ്ടികളിലും തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നുണ്ട്. അതിന് സാധാരണ കോച്ചുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
സബര്‍ബന്‍: ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള വന്‍ നഗരങ്ങളിലോടുന്ന വണ്ടികളാണ്
സബര്‍ബന്‍ ട്രെയിനുകള്‍. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന ഇവയില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നത് സബര്‍ബന്‍ വണ്ടികളാണ്.
മെമുവും ഡെമുവും: മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു), ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) എന്നിവ സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളിലാണ് ഓടുക. എല്ലാ സ്റ്റേഷനുകളിലും ഇവ നിര്‍ത്തും.
ഇന്റര്‍സിറ്റി: പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന് കുറഞ്ഞ സ്റ്റോപ്പുകളാണുണ്ടാവുക. വേഗത മറ്റ് എക്സ്പ്രസുകളേക്കാള്‍ കൂടുതലായിരിക്കും. ബെര്‍ത്ത് സൗകര്യമുണ്ടാകില്ല. മിക്ക ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്കും പ്രത്യേക പേരുകളുണ്ട്. 1906-ല്‍ ആരംഭിച്ച ഫ്ളൈയിങ് റാണി സൂറത്തില്‍ നിന്ന് ബോംബെ സെന്‍ട്രലിലേക്കാണ് ആദ്യമായി ഓടിയത്.
അന്ത്യോദയ എക്സ്പ്രസ് എന്‍ജിന്‍
ഗരീബ് രഥ്: ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ സാധാരണക്കാര്‍ക്കു വേണ്ടി ആരംഭിച്ച പൂര്‍ണമായും ശീതീകരിച്ച ദീര്‍ഘദൂര വണ്ടികളാണ് ഗരീബ് രഥ് എക്സ്പ്രസ്. ഇതിലെ ടിക്കറ്റ് നിരക്ക് സാധാരണ എ.സി. വണ്ടികളിലേതിനേക്കാള്‍ കുറവാണ്. മറ്റ് വണ്ടികളിലെ എ.സി. കോച്ചിനേക്കാള്‍ ബെര്‍ത്തുകളും സീറ്റുകളും ഇതില്‍ കൂടുതലാണ്. സൗകര്യവും പരിമിതമാണ്. 2006 ഒക്ടോബര്‍ അഞ്ചിനാരംഭിച്ച സഹരസ - അമൃത്സര്‍ വണ്ടിയാണ് ആദ്യ ഗരീബ്രഥ്.
അന്ത്യോദയ: 2016-ലെ റെയില്‍വേ ബജറ്റിലെ പ്രഖ്യാപനമായിരുന്നു അന്ത്യോദയ വണ്ടികള്‍. തിരക്കുള്ള റൂട്ടുകളില്‍ രാത്രികാലത്തോടുന്ന അന്ത്യോദയയില്‍ പൂര്‍ണമായും ജനറല്‍ കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍, സാധാരണ വണ്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച സൗകര്യങ്ങളുണ്ടാകും.
ചരക്കു തീവണ്ടി
ഡബിള്‍ ഡക്കര്‍: രണ്ട് നിലകളിലുള്ള വണ്ടികളാണ് ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്. പൂര്‍ണമായി ശീതീകരിച്ച ആറ് വണ്ടികളും അല്ലാത്ത രണ്ട് വണ്ടികളുമാണ് ഈ വിഭാഗത്തിലുള്ളത്. സഞ്ചാരികളെ ആകര്‍ഷിക്കാനും ഒരേസമയം ധാരാളം പേര്‍ക്ക് സഞ്ചരിക്കാനും ഈ വണ്ടികള്‍ സഹായിക്കും. തിരക്കുള്ള റൂട്ടുകളില്‍ രാത്രിയാത്രയ്ക്കായി പ്രഖ്യാപിച്ച ഡബിള്‍ ഡക്കര്‍ വണ്ടിയാണ് ഉദയ് എക്സപ്രസ്. ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എയര്‍ കണ്ടീഷന്‍ഡ് യാത്രി എന്നാണ് ഉദയ് എന്നതിന്റെ പൂര്‍ണരൂപം. പൂര്‍ണമായും ശീതീകരിച്ചതാണിത്. 2018 ജൂണ്‍ 10-ന് തുടങ്ങിയ കെ.എസ്.ആര്‍ ബെംഗളൂരു സിറ്റി ജങ്ഷന്‍ - കോയമ്പത്തൂര്‍ റൂട്ടിലാണ് ഏക ഉദയ് എക്സ്പ്രസുള്ളത്.
എ.സി. എക്സ്പ്രസ് : പൂര്‍ണമായും ശീതീകരിച്ച എക്സ്പ്രസ് തീവണ്ടികളാണിവ. ഭക്ഷണം സൗജന്യമല്ല. ടിക്കറ്റ് നിരക്കും കുറവാണ്. ചെന്നൈ- തിരുവനന്തപുരം എ.സി. സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് കേരളത്തിലൂടെ ഓടുന്നത്.
ഹംസഫര്‍: പൂര്‍ണമായും ത്രീ ടയര്‍ എ.സി. സ്ലീപ്പര്‍ കോച്ചുകളുള്ള ദീര്‍ഘദൂര വണ്ടികളാണ് ഹംസഫര്‍ എക്സ്പ്രസ്. സാധാരണ ത്രീ ടയര്‍ എ.സി. കോച്ചുകളേക്കാള്‍ സൗകര്യം ഇതിലുണ്ട്. ചായ, കാപ്പി, പാല്‍ എന്നിവയ്ക്കുള്ള വെന്‍ഡിങ് മെഷീനുകള്‍, യാത്രാവിവരങ്ങളറിയാനുള്ള എല്‍.ഇ.ഡി. സ്‌ക്രീന്‍, തീപിടിത്തം അറിയാനുള്ള സ്മോക്ക് അലാറം, സി.സി. ക്യാമറ, കൈവശമുള്ള ഭക്ഷണം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഹംസഫറിലുണ്ട്.
രാജധാനി: ഇന്ത്യ ഏറ്റവും പരിഗണന കൊടുക്കുന്നതാണ് രാജധാനി തീവണ്ടികള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഓരോ രാജധാനി വണ്ടിയും. 1969-ലാണ് ആദ്യ രാജധാനി ഓടാന്‍ തുടങ്ങിയത്. ഹൗറയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കായിരുന്നു ഈ വണ്ടിയുടെ ഓട്ടം. പൂര്‍ണമായും ശീതീകരിച്ച ആദ്യ വണ്ടിയായിരുന്നു ഇത്. സമയമമനുസരിച്ചുള്ള ഭക്ഷണവും വണ്ടിയില്‍നിന്ന് കിട്ടും. ഇതിനുള്ള തുക കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വണ്ടിയാണ് ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന രാജധാനി.
വന്ദേഭാരത്: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്. ട്രെയിന്‍ 18 എന്നറിയപ്പെടുന്ന ഈ വണ്ടി 2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
ബുള്ളറ്റ് തീവണ്ടി: അതിവേഗം കുതിക്കുന്ന ബുള്ളറ്റ് തീവണ്ടികള്‍ ഇന്ത്യയിലുമെത്തും. വേഗത മണിക്കൂറില്‍ 350 കിലോ മീറ്റര്‍. അഹമ്മദാബാദിലെ സാബര്‍മതി സ്റ്റേഷന്‍ മുതല്‍ മുംബൈയിലെ ബാന്ദ്രാ കുര്‍ള കോംപ്ലക്സ് വരെയുള്ള 508 കിലോ മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് മറികടക്കാമെന്നാണ് പ്രതീക്ഷ. ജപ്പാന്റെ സഹായത്തോടെയാണ് ബുള്ളറ്റ് തീവണ്ടി നിര്‍മിക്കുന്നത്. പദ്ധതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്ന് 2017 സെപ്റ്റംബര്‍ 14-ന് ഉദ്ഘാടനം ചെയ്തു. 1.10 ലക്ഷം കോടി രൂപയാണ് ചെലവ്. 88,000 കോടി രൂപ ജപ്പാന്‍ വായ്പ തരും. 50 വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം പലിശയോടെ ഇത് തിരിച്ചടക്കണം.
ചരക്കുവണ്ടികള്‍
ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കും ചില തീവണ്ടികളോടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനപ്പുറം അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം, വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയവ കൂടി ലക്ഷ്യം വച്ചാണ് ഈ വണ്ടികള്‍.
മഹാരാജ എക്സ്പ്രസ്: ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാണ് മഹാരാജ എക്സ്പ്രസ്. ഐ.ആര്‍.സി.ടി.സി. ആണ് ഈ വണ്ടിയുടെ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍, ഡല്‍ഹി, ആഗ്ര എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി അഞ്ച് സര്‍ക്യൂട്ടുകളാണ് ഇതിനുള്ളത്.
പാലസ് ഓണ്‍ വീല്‍സ്: രാജസ്ഥാനിലെ ആഡംബര ടൂറിസ്റ്റ് തീവണ്ടി. രാജസ്ഥാന്‍ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനും ഇന്ത്യന്‍ റെയില്‍വേയും സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
ഡെക്കാണ്‍ ഒഡീസി: മഹാരാഷ്ട്രയിലെയും ഗോവയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര തീവണ്ടി.