കേരള വര്‍മ വലിയകോയി തമ്പുരാന്‍ ജനിച്ചിട്ട് 180 വര്‍ഷം

തെക്കേ മലബാറിലെ പരപ്പനാട്ടുനിന്ന് ഒഴിഞ്ഞുപോന്ന രാജകുടുംബത്തില്‍പ്പെട്ടവരാണ് ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാര്‍. തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന ഗൗരി ലക്ഷ്മിഭായിയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി രാജകുടുംബാംഗമായിരുന്നു. അവര്‍ പണികഴിപ്പിച്ചതാണ് ലക്ഷ്മിപുരം കൊട്ടാരം. അവിടെയാണ് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ജനിച്ചത്.

author-image
Biju
New Update
adf

മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു 'കേരളകാളിദാസന്‍' എന്ന അപര നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന' കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍'.
കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങല്‍ മഹാറാണി ഭരണി തിരുനാള്‍ ലക്ഷ്മി ബായിയെ 1859-ല്‍ വിവാഹം ചെയ്യുകയും, വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തെക്കേ മലബാറിലെ പരപ്പനാട്ടുനിന്ന് ഒഴിഞ്ഞുപോന്ന രാജകുടുംബത്തില്‍പ്പെട്ടവരാണ് ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാര്‍. തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന ഗൗരി ലക്ഷ്മിഭായിയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി രാജകുടുംബാംഗമായിരുന്നു. അവര്‍ പണികഴിപ്പിച്ചതാണ് ലക്ഷ്മിപുരം കൊട്ടാരം. അവിടെയാണ് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ജനിച്ചത്. തളിമ്പറത്ത് മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും ദേവി അംബത്തമ്പുരാട്ടിയുടെയും മകനായി 1845-ല്‍ കേരളവര്‍മ ജനിച്ചു. മൂലം തിരുനാള്‍ മഹാരാജാവിന്റെ പിതാവിന്റെ പിതാവായിരുന്ന രാജരാജവര്‍മയുടെ അനന്തരവനായിരുന്നു കേരളവര്‍മ.

തിരുവാര്‍പ്പില്‍ രാമവാരിയരില്‍നിന്നും സ്വന്തം പിതാവില്‍നിന്നുമാണ് ആദ്യകാല വിദ്യാഭ്യാസം നേടിയത്. നാലുവര്‍ഷം കൊണ്ട് ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങള്‍ വായിച്ചു. പാച്ചുമൂത്തതിന്റെ ശിക്ഷണത്തില്‍ നാടകാലങ്കാരങ്ങളും വ്യാകരണം, തര്‍ക്കം, മീമാംസ എന്നിവയും പഠിച്ചു. ശബേന്ദു ശേഖരം വ്യാകരണം, വേദാന്തം എന്നിവ പഠിക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ്, മറാഠി, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചെടുത്തു.

ബാല്യം മുതല്‍തന്നെ സംസ്‌കൃതത്തില്‍ കവിതകളെഴുതിത്തുടങ്ങി. കായിക വിദ്യകളും നായാട്ടും അദ്ദേഹത്തിന് താത്പര്യമുള്ള വിഷയങ്ങളായിരുന്നു. 1867-ല്‍ മഹാരാജാവ് അദ്ദേഹത്തെ പാഠപുസ്തക സമിതിയിലുള്‍പ്പെടുത്തി. സാഹിത്യ പ്രവര്‍ത്തനങ്ങളോടൊപ്പം പാഠപുസ്തകങ്ങളിലേക്കുള്ള രചനകള്‍ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായി. സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങളും അദ്ദേഹം സംഭാവന ചെയ്തു. ആട്ടക്കഥകള്‍ക്ക് പ്രചാരമുണ്ടായിരുന്ന അക്കാലത്ത് കേരള വര്‍മ അഞ്ച് ആട്ടക്കഥകള്‍ക്ക് രൂപം കൊടുത്തു.

ശാകുന്തളം വിവര്‍ത്തനവും മയൂരസന്ദേശ രചനയും അദ്ദേഹത്തിന് കേരള കാളിദാസന്‍ എന്ന പേരു നേടിക്കൊടുത്തു. രാജപ്രീതിയില്‍ കഴിഞ്ഞിരുന്ന കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ എങ്ങനെയോ രാജാവിന്റെ അപ്രീതിക്കും അവിശ്വാസത്തിനും പാത്രമായി. ആയില്യം തിരുനാള്‍ മഹാരാജാവ് അദ്ദേഹത്തെ വീട്ടുതടങ്കലിലുമാക്കി.

തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയതമയ്ക്ക് സന്ദേശം കൊടുത്തയയ്ക്കുന്ന രീതിയില്‍ ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള വഴി വിവരിച്ചുകൊണ്ടും ഭാര്യയോടു പറയാനുള്ള സന്ദേശം വിവരിച്ചുകൊണ്ടും സജാതീയ ദ്വിതീയാക്ഷര പ്രാസം ദീക്ഷിച്ചുകൊണ്ടെഴുതിയ കൃതിയാണ് മയൂരസന്ദേശം. ഒരു ശ്ലോകത്തിലെ നാലുവരിയിലും രണ്ടാമത്തെ അക്ഷരം ഒരുപോലെ വരുന്നതാണ് സജാതീയ ദ്വിതീയാക്ഷരപ്രാസം. തമ്പുരാന്റെ നിര്‍ബന്ധത്തെ എതിര്‍ത്തത് അനന്തരവന്‍ എ.ആര്‍. രാജരാജ വര്‍മയായിരുന്നു. വളരെയേറെ വാദ കോലാഹലങ്ങള്‍ക്കുശേഷം കേരളവര്‍മതന്നെ പ്രാസവാദം അവസാനിപ്പിച്ചു.

മഹാകവി, ഗദ്യകാരന്‍, പാഠപുസ്തകസമിതി പ്രസിഡന്റ് എന്നീ നിലകളില്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളില്‍ അദ്ദേഹം ചെയ്ത സംഭാവനങ്ങള്‍ അമൂല്യങ്ങളാണ്. അതിലുപരിയായി അദ്ദേഹം ധാരാളം പേരെ സാഹിത്യ രംഗത്തേക്കടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്.

തിരുനാള്‍ പ്രബന്ധം, നക്ഷത്രമാല, ശൃംഗാര മഞ്ജരീഭാണം, പാദാരവിരുന്ദശതകം, ചിത്ര ശ്ലോകാവലി, ക്ഷമാപണസഹസ്രം തുടങ്ങി 24 സംസ്‌കൃത കൃതികള്‍ അദ്ദേഹം രചിച്ചു. പദ്മനാഭപാദപത്മ ശതകം, മയൂരസന്ദേശം, മത്സ്യവല്ലഭ വിജയം, ഹനുമദുദ്ഭവം, സ്തുതിശതകം, ദൈവയോഗം, പ്രലംബവധം, ധ്രുവചരിതം, പരശുരാമവിജയം, സോമവാര പ്രതമഹാത്മ്യം, കേരള പ്രസ്ഥാനം എന്നിവയാണ് അദ്ദേഹത്തിന്റെ മലയാളം രചനകള്‍. ശാകുന്തളം അന്യാപദേശ ശതകം, അമരുകശതകം മുതലായ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. പാഠപുസ്തക പ്രവര്‍ത്തന രംഗത്ത് ഒന്നാം പാഠം, രണ്ടാം പാഠം, മൂന്നാം പാഠം എന്നിവയും വിജ്ഞാനമഞ്ജരി, സന്മാര്‍ഗ പ്രദീപം, ധനതത്ത്വ നിരൂപണം, ലോകത്തിന്റെ ശൈശവാവസ്ഥ, ഇന്ത്യാചരിത്രം, മഹച്ചരിത സംഗ്രഹം, സന്മാര്‍ഗ വിവരണം, അക്ബര്‍, വിജ്ഞാനസംഗ്രഹം എന്നീ കൃതികളും രചിച്ചു. മദ്രാസ് സര്‍വകലാശാല പലപ്പോഴായി അദ്ദേഹത്തിന്റെ കൃതികള്‍ പാഠ പുസ്തകങ്ങളാക്കി.

1901-ല്‍ പത്‌നി അന്തരിച്ചതോടെ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ തീരെ അവശനായി. 1914-ല്‍ ഒരു കാറപകടത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു. മലയാളഭാഷയും സാഹിത്യവും നിലനില്‍ക്കുന്ന കാലം വരെ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ മഹാനായ ഗുരുനാഥനും കാരണവരുമായി മലയാളികളുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കും. 

kerala