/kalakaumudi/media/media_files/2025/02/27/jSGLaTCUbTEUDpWvuttA.jpg)
ഇന്ന് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമാണ്. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മാത്രം അഭിമാനിക്കാവുന്ന. ഒരു കാര്യം അത് അതിന്റെ ഭരണ ഘടനയില്‍ ശാസ്ത്ര ബോധം നിര്‍മിച്ചെടുക്കുക എന്നത് ഒരു പൗരന്റെ നിര്‍വചിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. അത്തരത്തിലൊരു കടമ മറ്റൊരു രാജ്യവും അവരുടെ പൗരന്മാരുടെ മേല്‍ ചാര്‍ത്തിക്കൊടുത്തിട്ടില്ല. ഇത് വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു ദിനമാണ് ശാസ്ത്രദിനം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി 28 നാണ് സിവി രാമന്‍ അദ്ദേഹത്തിന്റെ രാമന്‍ പ്രഭാവം അവതരിപ്പിക്കുന്നത്. 1986 ലാണ് അദ്ദേഹത്തെ ഓര്‍മിച്ചെടുത്തുകൊണ്ട് ഭാരത സര്‍ക്കാര്‍ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്ക് ആദ്യമായി നൊബേല്‍ സമ്മാനം നേടിത്തന്ന സിവി രാമന്റെ ഈ കണ്ടെത്തലിന് പിന്നില്‍ രസകരമായ, വളരെ ലളിതമായ, ഒരു പക്ഷെ നിസാരമെന്ന് തോന്നാവുന്ന ഒരു ചോദ്യത്തിന്റെ കഥയുണ്ട്. ആ ചോദ്യം അത്രയും ലളിതമായിരുന്നു.
എന്ത് കൊണ്ടാണ് കടലിന് നീലനിറം?
അതുവരെ ആളുകള്‍ ധരിച്ചിരുന്നത് ആകാശത്തിന് നീലനിറമാണ് ആ നിറമാണ് കടലില്‍ പ്രതിഫലിക്കുന്നത് എന്നായിരുന്നു. അങ്ങനെ അല്ല എന്ന് കണ്ടെത്തുന്നത് സിവി രാമനാണ്. കടലില്‍ യാത്ര ചെയ്യുമ്പോള്‍ അന്നത്തെ കാലത്തെ ചെറിയ ചെലവിലുള്ള ഉപകരണങ്ങള്‍ വെച്ചുകൊണ്ട് നടത്തിയ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ഇത് ആകാശ നിറം പ്രതിഫലിക്കുന്നതല്ല എന്ന് കണ്ടെത്തി. മറിച്ച് പ്രകാശം ജലത്തില്‍ വീഴുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വിശദീകരിക്കുകയും ചെയ്തു.
ഇത്തരത്തില്‍ വളരെ ലളിതമായൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമിച്ചതിലൂടെ പിന്നീട് സംഭവിച്ചത് വലിയ മാറ്റങ്ങളായിരുന്നു. ആ അറിവ് ഇന്ന് രാമന്‍ സ്പെക്ട്രോസ്‌കോപി എന്ന് പറയുന്ന ഒരു ശാസ്ത്ര വിഷയത്തിന്റെ ഉദയത്തിന് കാരണമായി. ഇന്ന് നമ്മള്‍ ഒരു വസ്തുവിന്റെ ശുദ്ധത അളക്കാനായി ഉപയോഗിക്കുന്ന രീതി ഇത് തന്നെയാണ്. ഇത്തരത്തില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ വലിയ കണ്ടെത്തലുകളിലേക്ക് നയിച്ച സംഭവങ്ങള്‍ ശാസ്ത്രലോകത്ത് നിരവധിയാണ്.
ശാസ്ത്രബോധം നിര്‍മിച്ചെടുക്കുക എന്നുള്ളത് വളരെ വെത്യസ്തമായൊരു കാര്യമാണ്. എല്ലാവരും ശാസ്ത്രം സ്‌കൂളിലും കോളേജുകളിലും പഠിക്കുന്നുണ്ട്. പക്ഷെ ശ്രദ്ധിക്കേണ്ടകാര്യം, സ്‌കൂള്‍ വിദ്യാഭ്യാസം കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാലും ശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
അറിവുകള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഈ പുതുക്കുന്ന അറിവിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടില്ലെങ്കില്‍ നമ്മള്‍ നമ്മളുടെ പഴയ ധാരണകളില്‍ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും. ഇത് വലിയ അപകടം പിടിച്ചൊരു കാര്യമാണ്. അതുകൊണ്ടാണ് ഏറ്റവും അധികം പറ്റിക്കപ്പെടുന്ന ആളുകളുടെ സമൂഹമായി കേരളീയ സമൂഹം പലപ്പോഴും മാറുന്നത്. അത് മുമ്പുണ്ടായിരുന്ന ആട് മാഞ്ചിയം, തേക്ക് പോലുള്ള തട്ടിപ്പുകളാവാം, അതുമല്ലെങ്കില്‍ അടുത്തകാലത്ത് സംഭവിച്ച മോശയുടെ വടിയും മറ്റും വില്‍ക്കാന്‍ വരുന്ന സമയത്ത് വലിയ തോതില്‍ പണം നല്‍കുന്ന സംവിധാനങ്ങളായാലും ശരി. ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ പറ്റിക്കപ്പെടുന്നത് അതിന്റെ ഉത്തരം സമൂഹത്തില്‍ വിദ്യാഭ്യാസം ഉണ്ടെങ്കിലും അക്ഷരാഭ്യാസം ഉണ്ടെങ്കിലും ശാസ്ത്ര ബോധം നിര്‍മിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണത്?
അതിനുള്ള പ്രധാന കാരണം, നമ്മളെല്ലാവരും ജനിക്കുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ഉള്ളിലാണ് മിക്കവാറും ഏതെങ്കിലും ജാതിയുടെ ഉള്ളിലാണ്. അത് മുന്നോട്ടുവെക്കുന്ന നിലപാടുകളുണ്ട് ആശയങ്ങളുണ്ട്. ഈ പ്രകൃതിയെ കുറിച്ച്, ഭൂമിയെ കുറിച്ച്, പ്രപഞ്ചത്തെക്കുറിച്ചുമൊക്കെ ഓരോ മതങ്ങളും അവരുടേതായ കഥകള്‍ പറയുന്നുണ്ട്. ഈ കഥകള്‍ക്കകത്തേക്കാണ് ഓരോരുത്തരും ജനിച്ച് വീഴുകയും അത് തന്നെയാണ് പലപ്പോഴും ആദ്യകാലത്തെ വിദ്യാഭ്യാസമായി മാറുന്നതും. പിന്നീട് സ്‌കൂളിലേക്ക് എത്തുന്ന സമയത്ത് ശാസ്ത്രം പഠിക്കുന്ന സമയത്ത് പോലും അതോടൊപ്പം മറ്റൊരു വിശ്വാസത്തെക്കൂടി കൊണ്ടുനടക്കേണ്ട ബാധ്യത പലപ്പോഴും നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഞായറാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ച പള്ളിയില്‍ പോവുമ്പോഴും മറ്റ് ദിവസങ്ങളില്‍ അമ്പലത്തില്‍ പോവുന്ന സമയങ്ങളിലൊക്കെയും തന്നെ നമ്മള്‍ സ്‌കൂളില്‍ പോവുന്ന സമയത്ത് പരിണാമ സിദ്ധാന്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ഇരട്ട വ്യക്തിത്വങ്ങളായി മാറുന്ന ആളുകളെ നമ്മള്‍ക്ക് നമ്മുടെ രാജ്യമെമ്പാടും കാണാനാവും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മള്‍ സ്‌കൂളില്‍ പഠിക്കുന്ന ശാസ്ത്രം നമ്മള്‍ക്ക് ബോധ്യപ്പെടുന്നില്ല, അത് നമ്മള്‍ക്ക് വിശ്വാസനീയമാകുന്നില്ല അത് നമ്മുടെ ജീവിതത്തിലെ ഒരു കാഴ്ചയായോ ജീവിതത്തെ നയിക്കേണ്ട ചിന്താ പദ്ധതിയായോ ജീവിതത്തില്‍ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ഒരു വഴിയായിട്ടോ നമ്മള്‍ തിരിച്ചറിയുന്നില്ല.
വളരെ ലളിതമായി പറഞ്ഞാല്‍ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പറ്റിക്കപ്പെടാതെ ജീവിക്കാനുള്ള കഴിവ് നേടുക എന്നുള്ളതാണ്. ആ കഴിവ് നേടണമെങ്കില്‍ നമ്മള്‍ ആശ്രയിക്കേണ്ടത് ശാസ്ത്ര ബോധത്തെയാണ്. മതബോധത്തെയല്ല. ഈ ഒരു തിരിച്ചറിവ് ശാസ്ത്രദിനത്തില്‍ നമ്മള്‍ക്കുണ്ടാവേണ്ടതുണ്ട്.
ശാസ്ത്രം കടന്നുവന്ന വഴികള്‍
വളരെ മുമ്പ് തന്നെ ആധുനിക ശാസ്ത്രം ഉദയം കൊള്ളുന്ന നാളുകളില്‍ മതവുമായി വലിയ രീതിയില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ശാസ്ത്രം അതിന്റെ ആദ്യചുവടുകള്‍ വെക്കുന്നത്. ആ സമയത്ത് മനുഷ്യന്‍ അതിന് തയ്യാറായതിന് പ്രധാനപ്പെട്ട കാരണം, നമുക്ക് എല്ലാം അറിയില്ല എന്ന തിരിച്ചറിവായിരുന്നു. അതുവരെ എല്ലാം അറിയുന്നപോലെ മതഗ്രന്ഥങ്ങളില്‍ എഴുതിവെച്ച കാര്യങ്ങള്‍ അപ്പാടെ വിശ്വസിച്ചുകൊണ്ട് കാര്യങ്ങള്‍ അങ്ങനെയാണെന്ന് വിശ്വസിച്ചുപോയിക്കൊണ്ടിരുന്ന കാലത്ത് ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ നമുക്ക് ഇനിയും അറിയാനുണ്ട് എന്ന് മനുഷ്യന്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ ഇനിയും അറിയാനുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് നിരീക്ഷണങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും അതിനെ മുന്‍നിര്‍ത്തിയുള്ള ചിന്തയിലേക്കും മനുഷ്യന്‍ കടക്കുന്നത്. അങ്ങനെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള പുതിയ അറിവുകള്‍ പുതിയൊരു വെളിച്ചം നമ്മള്‍ക്ക് നല്‍കാന്‍ സഹായിക്കുകയും ചെയ്തു.
ഇടിമിന്നലും, മഴയും, ഉരുള്‍പൊട്ടലും ഒക്കെത്തന്നെ ദൈവത്തിന്റെ ഇടപെടലുകളാണ് നമുക്ക് അസുഖം വരുന്നത് പോലും മുജ്ജന്മ പാപം കൊണ്ടാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിനകത്തേക്ക് ശാസ്ത്രം വലിയതോതിലുള്ള വെളിച്ചം വീശുകയുണ്ടായി. ഇവയുടെയെല്ലാം കാരണം തേടുകയും അവ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി ജീവന്‍ രക്ഷിക്കാനും പ്രകൃതിയമുമായുള്ള ഇടപെടലുകളില്‍ തങ്ങളെ സുരക്ഷിതരാക്കാനുള്ള ധാരാളം വഴികള്‍ മനുഷ്യന് മുന്നില്‍ തുറന്നുകിട്ടി.
ശാസ്ത്രം വെല്ലുവിളി നേരിടുമ്പോള്‍
ഈ വെളിച്ചം പക്ഷെ അപകടകരമായ രീതിയില്‍ കുറഞ്ഞുവരുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് വേറൊരു രീതിയില്‍ പറഞ്ഞാല്‍ ശാസ്ത്രമെന്നുള്ളത് കുട്ടികള്‍ക്ക് പരീക്ഷ പാസാവാനുള്ള ഒരു സംവിധാനമാണെന്ന് നമ്മള്‍ക്ക് എവിടെയൊ ധരിച്ച് വശമായിട്ടുണ്ട്. കുട്ടികള്‍ പോലും ഓരോ ക്ലാസില്‍ പഠിക്കുന്നത് അതാത് ക്ലാസുകള്‍ കഴിയുമ്പോള്‍ മറക്കുകയും അടുത്തക്ലാസിലെ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയും ഓരോ ക്ലാസ് കഴിയുമ്പോഴും മറന്നുപോവുന്നൊരു കാര്യമായി ശാസ്ത്രം മാറുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തെ കുറിച്ച് വീണ്ടും ഊന്നിപ്പറയേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നുള്ളത് ഒരു വ്യവസായം ആയി മാറിക്കഴിഞ്ഞു. മറ്റ് പലതും വ്യവസായമായി മാറിയത് പോലെ തന്നെ. ആരോഗ്യസേവനം എന്ന് പണ്ട് പറഞ്ഞിരുന്നത് ഇന്ന് കേള്‍ക്കാനില്ല. അത് ആരോഗ്യ വ്യവസായമാണിന്ന്. അത് പോലെ വിദ്യാഭ്യാസവും വ്യവസായമായി മാറിക്കഴിഞ്ഞു. ധാരാളം വിവരങ്ങള്‍ തരികയും ആ വിവരങ്ങള്‍ ഒരുപരീക്ഷയ്ക്ക് എഴുതുന്നു പാസാവുന്നു. അതോടെ അവസാനിക്കുന്ന കാര്യമായി ശാസ്ത്ര അധ്യയനത്തെ നമ്മള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്.
ശാസ്ത്രം പഠിപ്പിക്കുക എന്നുള്ളത് പ്രയാസകരമായൊരു കാര്യമാണ്. അത് മറ്റ് വിഷയങ്ങളെ പോലെയല്ല. കാരണം, ശാസ്ത്രം മുന്നോട്ടുവെക്കുന്നത് പുതിയ അറിവുകളാണ്. പുതിയ തരത്തില്‍ പുതിയ അറിവുകള്‍ നിര്‍മിക്കുന്നതിന് അനുസരിച്ച് നമ്മുടെ ലോകബോധത്തെ ചിട്ടപ്പെടുത്താന്‍ കഴിയുക എന്നുള്ളതാണ് ശാസ്ത്രബോധത്തിന്റെ അടിസ്ഥാനം.
ഒരു മതചിന്തയ്ക്കുള്ളില്‍ ഇതിന്റെ ആവശ്യമില്ല. എഴുതിവെച്ചിട്ടുള്ള പുസ്തകങ്ങളെല്ലാമുണ്ട് എന്ന് ധരിച്ച് മുന്നോട്ടുപോവുമ്പോള്‍ അറിവ് പുതുക്കേണ്ട ആവശ്യമില്ല. വേറൊരു രീതിയില്‍ പറഞ്ഞാല്‍ മതങ്ങള്‍ എല്ലാം തന്നെ പ്രാചീനമായ പുസ്തകങ്ങളെ ആശ്രയിക്കുമ്പോള്‍ ശാസ്ത്രം ഏറ്റവും പുതിയ അറിവുകളെയാണ് മുന്നോട്ടുവെക്കുന്നത്.
മാറുന്ന അറിവുകളോടൊപ്പം ജീവിക്കാനായി സാധ്യമാകണമെങ്കില്‍ ശാസ്ത്ര ബോധം നമ്മുടെ ഉള്ളിലുണ്ടാവേണ്ടതുണ്ട്. അങ്ങനെ ഒരു ജനതയെ നിര്‍മിച്ചെടുത്തുകൊണ്ടു മാത്രമേ വിദ്യാഭ്യാസത്തെ നമ്മളെ കബളിപ്പിക്കപ്പെടാതെ ജീവിക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാക്കി മാറ്റാന്‍ സാധിക്കുകയുള്ളൂ. ശാസ്ത്രം തന്നെ പുതിയ അറിവ് നല്‍കുന്ന, തെളിച്ചം നല്‍കുന്ന നമ്മുടെ ഇടപെടലുകളിലെല്ലാം തന്നെ വലിയ അളവില്‍ വെളിച്ചം വീഴ്ത്തുന്ന ഒരു കാര്യമായി തിരിച്ചറിയാന്‍ പറ്റുകയുള്ളൂ.
ശാസ്ത്രവും സാങ്കേതികവിദ്യയും ഒന്നല്ല
എടുത്തു പറയേണ്ടത് ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള വെത്യാസമാണ്. പലപ്പോഴും ഇവ രണ്ടും ഒന്നാണെന്നാണ് ധരിക്കുന്നത്. അങ്ങനെയല്ല. ശാസ്ത്രത്തിന്റെ ലക്ഷ്യം പ്രപഞ്ചത്തെ വിശദീകരിക്കുക എന്നുള്ളതാണ്. അതേസമയം സാങ്കേതിക വിദ്യയുടെ ലക്ഷ്യം മറ്റൊന്നാണ്. അത് നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കിത്തീര്‍ക്കുക എന്നുള്ളതാണ്. ഇത് രണ്ടും വ്യത്യസ്തങ്ങളായ ധര്‍മങ്ങളുള്ളവയാണ്.
സാങ്കേതിക വിദ്യ നമ്മള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കും. ഒരു പുതിയ മൊബൈല്‍ ഫോണ്‍ വന്നാല്‍ അത് ഉപയോഗിക്കാന്‍ നമ്മള്‍ പെട്ടെന്ന് സജ്ജമാവും പക്ഷെ ശാസ്ത്രത്തിന്റെ പുതിയ മുന്നേറ്റങ്ങളെ പുതിയ അറിവുകളെ സ്വാശീകരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നുള്ളതാണ് ഇന്നത്തെ അവസ്ഥ. ഈ ശാസ്ത്ര ദിനത്തില്‍ നമുക്കുണ്ടാവേണ്ടത് ആ തിരിച്ചറിവാണ്. ശാസ്ത്രബോധത്തെ നമ്മുടെ ബോധമായി ഏറ്റെടുക്കാന്‍ നമ്മള്‍ക്ക് സാധിക്കണം. ഒരു ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങള്‍ അതിന് ആവശ്യമായിവരും. ശാസ്ത്രം ഒരു തുടര്‍ച്ചയാണ്. ആ ബോധ്യത്തിലൂടെ നമ്മുടെ ലോകത്തെ നവീകരിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.