സ്റ്റാലിന്റെ ക്രൂരതകള്‍ വിളിച്ചുപറഞ്ഞ സോവിയറ്റ് ഭരണാധികാരി

കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന് യുദ്ധം അനിവാര്യമാണെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തം അണുവായുധത്തിന്റെ വരവോടെ അപ്രസക്തകമായതായി അദ്ദേഹം അറിയിച്ചു. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ നിലപാട് സോവിയറ്റ് അമേരിക്കന്‍ ശീതസമരത്തിന്റെ മഞ്ഞുരുക്കി

author-image
Biju
New Update
dfgd

ഇന്ത്യയുടെ സുഹൃത്തും കമ്യൂണിസ്റ്റ് 'ഇരുമ്പുമറ' ഇല്ലാതാക്കിയ സോവിയറ്റ് ഭരണാധികാരിയുമായ നികിത ക്രൂഷ്‌ചേവ് സോവിയറ്റ് യൂണിയന്റെ നേതാവായത് ഇന്നേക്ക് 67 വര്‍ഷം മുമ്പാണ്. സോവിയറ്റ് യൂണിയനെ 11 വര്‍ഷം നയിച്ച ക്രൂഷ്‌ചേവ് അധികാരഭ്രഷ്ടനായ ശേഷം 7 വര്‍ഷം കഴിഞ്ഞ് 1971 സെപ്റ്റംബര്‍ 10ന് ആണ് രോഗബാധിതനായി മരിച്ചത്. ആണവ യുദ്ധത്തിന്റെ വക്കില്‍ നിന്ന് ലോകത്തെ വഴിതിരിച്ചുവിട്ട രാഷ്ട്രീയ നയതന്ത്രജ്ഞനും സമാധാനത്തിന്റെ യോദ്ധാവുമായിരുന്നു ക്രൂഷ്‌ചേവ്. 

ജോസഫ് സ്റ്റാലിനു ശേഷം 1953 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിഎസ്?യു) ജനറല്‍ സെക്രട്ടറിയായ ക്രൂഷ്‌ചേവ് സ്റ്റാലിന്റെ ഏകാധിപത്യത്തെ വിമര്‍ശിക്കുകയും ക്രൂരതകള്‍ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. 

രാഷ്ട്രീയ പ്രതിയോഗികളെയും പാര്‍ട്ടിയിലെ 'വ്യതിചലനം' സംഭവിച്ചവരെയും ജനങ്ങളുടെ ശത്രുക്കള്‍ എന്നു മുദ്രകുത്തി ഉന്മൂലനം ചെയ്ത സംഭവങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. രഹസ്യപൊലീസിന്റെ പിന്തുണയോടെ നിലനിന്ന പൈശാചിക സമ്പ്രദായത്തിന് ക്രൂഷ്‌ചേവ് പൂര്‍ണവിരാമമിടുകയും പകരം നിയമവാഴ്ച കൊണ്ടുവരികയും ചെയ്തു. 

ലോക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയതായിരുന്നു സോവിയറ്റ് പാര്‍ട്ടിയുടെ 20ാം കോണ്‍ഗ്രസ്. അക്രമം പരിവര്‍ത്തനത്തിന് അനിവാര്യമെന്ന സിദ്ധാന്തം പൊളിച്ചെഴുതി സമാധാനപരമായ പരിവര്‍ത്തനം സാധ്യമാണെന്ന് ക്രൂഷ്‌ചേവ് പ്രഖ്യാപിച്ചു. 

കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന് യുദ്ധം അനിവാര്യമാണെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തം അണുവായുധത്തിന്റെ വരവോടെ അപ്രസക്തകമായതായി അദ്ദേഹം അറിയിച്ചു. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ നിലപാട് സോവിയറ്റ് അമേരിക്കന്‍ ശീതസമരത്തിന്റെ മഞ്ഞുരുക്കി. 1959 ല്‍ അമേരിക്ക സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഐസന്‍ഹോവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തത് ലോകരാഷ്ട്രീയത്തില്‍ വഴിത്തിരിവായി. 

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രമുഖ വിദേശ ഭരണത്തലവന്‍ ക്രൂഷ്‌ചേവ് ആയിരുന്നു. പ്രധാനമന്ത്രി ബുള്‍ഗാനിനുമൊത്ത് അദ്ദേഹം നടത്തിയ ഇന്ത്യ സന്ദര്‍ശനം ചരിത്രമായി. 

ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ ദീര്‍ഘകാലം നിലനിന്ന സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യയുമായുള്ള അതിര്‍ത്തിയുടെ പേരില്‍ സംഘര്‍ഷത്തിനു മുതിര്‍ന്നതിന് ചൈനീസ് നേതാവ് മാവോ സെ ദുങ്ങിനോട് അദ്ദേഹം ക്ഷോഭിച്ച കഥയും പില്‍ക്കാലത്ത് പുറത്തുവന്നു.

 

communist