ഇന്ന് അംബേദ്കറുടെ നൂറ്റിമുപ്പത്തിനാലാം ജന്മദിനം

ഇന്ത്യയിലിന്നും ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് അംബേദ്കറിനോടാണ്. ദളിതരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ചെന്ന് നില്‍ക്കുന്നത് അംബേദ്കറിലാണ്.

author-image
Biju
New Update
kh

ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. ആ ഉത്തരത്തിന്റെ പേരാണ് ഭീംറാവു റാംജി അംബേദ്കര്‍. ഇന്ന് അംബേദ്കറുടെ നൂറ്റിമുപ്പത്തിനാലാം ജന്മദിനമാണ്. 

ഇന്ത്യയിലിന്നും ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് അംബേദ്കറിനോടാണ്. ദളിതരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ചെന്ന് നില്‍ക്കുന്നത് അംബേദ്കറിലാണ്. ഫ്രഞ്ച് വിപ്ലവം സമ്മാനിച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദളിതരുടെ രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്തത് അംബേദ്കര്‍ മാത്രമാണ്. 

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ദേശീയ പ്രസ്ഥാനം ദളിതരുടെ ജാതീയത ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ അതിനെതിരെ ബ്രിട്ടീഷുകാരോട്  ദളിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അവര്‍ക്ക് ഭരണത്തില്‍ പ്രാതിധ്യത്തിനു വേണ്ടി മരണംവരെയും പോരാടുകയും ചെയ്ത മഹാത്മാവാണ് അംബേദ്കര്‍. 

ഗാന്ധിജിയുടെ മുഖത്ത് നോക്കി എനിക്കൊരു ജന്മദേശമില്ലെന്ന് വിളിച്ചുപറഞ്ഞ വിപ്ലവകാരിയാണ് അംബേദ്കര്‍. ദളിതര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉണ്ടെന്ന് തന്നെ ലോകമറിഞ്ഞത് അംബേദ്കറിലൂടെയാണ്. ദളിതര്‍ ക്ഷേത്രങ്ങളില്‍ കയറുന്നതല്ല, മറിച്ച് ഭരണത്തില്‍ പങ്കാളിത്തമാണ് വേണ്ടതെന്ന് അംബേദ്കര്‍ ഉറക്കെ പ്രഖ്യാപിച്ചു. ഒന്നാം വട്ടമേശ സമ്മേളനവും രണ്ടാം വട്ടമേശ സമ്മേളനവും ഇതിനായി അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. പക്ഷേ അതിനെയെല്ലാം സനാതന ധര്‍മ്മത്തിന്റെ മൊത്തക്കച്ചവടക്കാരനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി തുരങ്കംവയ്ക്കുകയായിരുന്നു. 

ദളിതരുടെ വിഷയം ഗാന്ധിക്ക് ഒരു വിഷയമല്ലായിരുന്നു. അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം മാത്രമെന്നാണ് ഗാന്ധി ബ്രിട്ടീഷുകാരോട് പറഞ്ഞത്. മരിക്കുന്നതുവരെ സത്യാഗ്രഹം കിടന്നുകൊണ്ട് പൂനാ പാക്റ്റിലൂടെ ദളിതരുടെ മുന്നേറ്റത്തെ എന്നന്നെക്കുമായി തകര്‍ക്കുകയായിരുന്നു ഗാന്ധി ചെയ്തത്. 

ഇന്ത്യയിലെ അധഃസ്ഥിതരുടെ വിഷുക്കൈനീട്ടമായിരുന്നു അംബേദ്കറെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇന്ത്യയിലെ ദളിതരുടെ മൊത്തക്കച്ചവടക്കാരന്‍ താനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ഗാന്ധിജി രംഗപ്രവേശനം ചെയ്തത്. ഇങ്ങനെയൊരു പൊയ്മുഖം എടുത്തണിഞ്ഞുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഗാന്ധി ദളിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ അട്ടിമറിക്കുകയാണ് ചെയ്തത്. 
1934 മാര്‍ച്ച് അഞ്ചിന് ഗെയ്ക്ക്വാദിന് അയച്ച കത്തില്‍ അംബേദ്കര്‍ ഇങ്ങനെയെഴുതി. 

ക്ഷേത്രപ്രവേശന സമരത്തിന് ഞാന്‍ നേതൃത്വം നല്‍കിയത് അധഃസ്ഥിതവര്‍ഗങ്ങളെ  വിഗ്രഹാരാധാകരാക്കി മാറ്റാനല്ല. ക്ഷേത്രപ്രവേശനം കൊണ്ട് അവര്‍ക്ക് ഹിന്ദു സമൂഹത്തില്‍ തുല്യത ലഭിക്കുമെന്ന് വ്യാമോഹിച്ചിട്ടല്ല. മറിച്ച് അധഃസ്ഥിത ജാതികളുടെ അവകാശങ്ങള്‍ക്കായുള്ള സമരത്തില്‍ അവരെ ഊര്‍ജ്ജസ്വലരാക്കാനും സ്വന്തം സാമൂഹ്യനിലയെ കുറിച്ച് ബോധവാന്‍മാരാക്കാനുമുള്ള ഉചിതമായ മാര്‍ഗ്ഗമെന്ന നിലയ്ക്കാണ്. മുകളില്‍ കൊടുത്ത വാചകത്തില്‍ നിന്ന് അംബേദ്കറുടെ ലക്ഷ്യം ഭരണത്തിലുള്ള പങ്കാളിത്തമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഗാന്ധിസത്തോടെന്ന പോലെ തന്നെ കമ്മ്യൂണിസത്തോടും കൃത്യമായ അകലം പാലിച്ചിരുന്നു, അംബേദ്കര്‍. കാരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അഡ്രസ് ചെയ്യാന്‍ കൂട്ടാക്കിയിട്ടില്ല, മറിച്ച് അവര്‍ ചെയ്തത് വര്‍ഗ്ഗവ്യവസ്ഥയെ കൂട്ടുപിടിച്ച് ജാതിയെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിര മുഴുവനും സവര്‍ണജാതിയില്‍പ്പെട്ടവരും അവരുടെ നിയന്ത്രണത്തിലുമായിരുന്നു. ഇത് മുന്‍പേ കണ്ടറിഞ്ഞ അംബേദ്കര്‍ ഗാന്ധിസത്തോടൊപ്പം കമ്മ്യൂണിസത്തെയും എതിര്‍ത്തു. തുല്യതയുള്ള ജാതിരഹിതമായ സ്വതന്ത്ര സമൂഹനിര്‍മ്മിതിയാണ് അംബേദ്കര്‍ സ്വപ്നം കണ്ടത്. ബ്രഹ്മമണരെയല്ല മറിച്ച് ബ്രാഹ്മണിസത്തെയാണ് താന്‍ എതിക്കുന്നതെന്ന് അംബേദ്കര്‍ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. 

1931 ഓഗസ്റ്റിലാണ് ഗാന്ധിയുമായി അംബേദ്കറുടെ ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അതും ബോംബെയില്‍ വച്ച്. സാമൂഹ്യവപരിഷ്‌ക്കരണത്തിന് താന്‍ ഒട്ടധികം കാര്യങ്ങള്‍ ചെയ്തുവെന്ന് ഗാന്ധി അംബേദ്കറിനോട് അവകാശപ്പെട്ടെങ്കിലും തികഞ്ഞ രോഷത്തോടെ അംബേദ്കര്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ''മുതിര്‍ന്നവര്‍ എപ്പോഴും ഇങ്ങനെയാണ്. അവര്‍ പ്രായത്തിന്റെ മഹത്വത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കും.'' യഥാര്‍ത്ഥത്തില്‍ അംബേദ്കറിന്റെ പോരാട്ടങ്ങളുടെ ഫലമായി അയിത്തജാതിക്കാരെ കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിനപ്പുറം അവരുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തില്ല. എന്നുമാത്രമല്ല അവരുടെ ക്ഷേമത്തിനായി പിരിഞ്ഞുകിട്ടിയ പണമെല്ലാം പാഴാക്കുകയും ചെയ്തു. 

ഈ അവസരത്തില്‍ തന്റെ ധാര്‍മ്മികരോഷം അംബേദ്കര്‍ പ്രകടിപ്പിച്ചത് 'ഗാന്ധിജി എനിക്കൊരു ജന്മനാടില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. അതിന് മറുപടിയായി ഗാന്ധിജി പറഞ്ഞത്. 'താങ്കള്‍ തങ്കപ്പെട്ട മനുഷ്യനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.' അംബേദ്കറെ ഒന്ന് മയപ്പെടുത്താന്‍ ശ്രമിച്ച ഗാന്ധിജിക്ക് അതിന് ചുട്ടമറുപടി കൊടുത്തുകൊണ്ട് അംബേദ്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഈ മതവും (ഹിന്ദുമതം) ഈ നാടും (ഭാരതം) എന്റേതാണെന്ന് ഞാന്‍ എങ്ങനെ പറയും? പട്ടികളെക്കാളും പൂച്ചകളെക്കാളും ഹീനമാണ് ഞങ്ങളുടെ അവസ്ഥ. കുടിക്കാനുള്ള വെള്ളം പോലും ഒരിടത്തുനിന്നും ഞങ്ങള്‍ക്ക് കിട്ടില്ല.''

തന്റെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുമായുള്ള ചര്‍ച്ചയില്‍ ഗാന്ധി ഈ കൂടിക്കാഴ്ചയെ അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ''ഇംഗ്ലണ്ടില്‍ ചെല്ലുംവരെ അദ്ദേഹം (അംബേദ്കര്‍) ഒരു ഹരിജനാണെന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഹരിജനോദ്ധാരണത്തില്‍ താല്‍പര്യമുള്ള ഏതോ ബ്രാഹ്മണനായിരിക്കുമെന്നാണ് കരുതിയത്.'' ദളിതരോടുള്ള ഗാന്ധിയുടെ സമീപനം ഈ വാചകത്തില്‍ പ്രകടമാണ്. ഡല്‍ഹിയില്‍ തോട്ടിപ്പണി ചെയ്യുന്ന വാല്മീകി സമുദായക്കാര്‍ ഗാന്ധിയെ ക്ഷണിച്ചു. പക്ഷേ അവിടെ നിന്ന് ജലപാനം പോലും ഗാന്ധി ചെയ്തില്ല. അവര്‍ കൊടുത്ത ആഹാരം  ആടിനു കൊടുക്കാനാണ് ഗാന്ധിജി പറഞ്ഞത്. എന്നിട്ടത് താന്‍ ആട്ടിന്‍പാലായി കുടിച്ചുകൊള്ളാമെന്നാണ് മഹാത്മാവായ ഗാന്ധി പറഞ്ഞത്. എത്ര പരിഹാസ്യമാണ് ഗാന്ധിയുടെ ഈ വാക്കുകള്‍. ഗാന്ധിയുടെ മഹത്വമത്രയും ഒലിച്ചുപോകുന്നത് നമ്മള്‍ ഇവിടെ കാണുന്നു.

അയിത്തജാതിക്കാര്‍ക്ക് പ്രത്യേക മണ്ഡലം വേണമെന്ന് രണ്ട് വട്ടമേശ സമ്മേളനങ്ങളിലും അംബേദ്കര്‍ ശക്തമായി വാദിച്ചു. പക്ഷേ ഗാന്ധി അത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ് തന്റെ ജീവന്‍വച്ചുകൊണ്ട് അട്ടിമറിക്കുകയാണ് ചെയ്തത്. 

കോളനിവാഴ്ചയ്ക്ക് മുമ്പ് ഹിന്ദുവിന് മതപരമായ സ്വത്വം തന്നെയുണ്ടായിരുന്നില്ല. സിന്ധൂനദിയുടെ പശ്ചിമഭാഗത്തോട് ചേര്‍ന്ന് വസിക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പരാമര്‍ശം മാത്രമായിരുന്നു അത്. പിന്നീട് ഹിന്ദുവെന്ന കാര്‍ഡില്‍ അറിയപ്പെടാന്‍ തുടങ്ങിയ ന്യൂനപക്ഷ സമുദായം ആളെക്കൂട്ടാന്‍ വേണ്ടി ദളിതരടക്കമുള്ള പിന്നോക്കക്കാരെ ഹിന്ദുവായി അംഗീകരിച്ചുവെങ്കിലും വഴി നടക്കാനും വെള്ളം കുടിക്കാനും ക്ഷേത്രത്തില്‍ പൂജിക്കാനും തൊട്ടുതീണ്ടാനും അനുവദിക്കുകയുണ്ടായില്ല. അതിനുവേണ്ടി ദളിത് പിന്നോക്കക്കാര്‍ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങള്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.
 
1936 ല്‍ അംബേദ്കര്‍ തന്റെ ആദ്യപാര്‍ട്ടിക്ക് രൂപം നല്‍കി. ഏതെങ്കിലും ഒരു പ്രത്യേക ജാതിയെ പരാമര്‍ശിക്കുന്നതിന് പകരം തൊഴിലാളികളുടെ പാര്‍ട്ടി എന്ന നിലയിലായിരുന്നു അത് രൂപീകരിച്ചത്. ദി ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി എന്നായിരുന്നു അതിന്റെ പേര്. ജനതാ പത്രത്തില്‍ പാര്‍ട്ടിയുടെ നയരേഖ അടിച്ചുവന്നു. ജനകീയക്ഷേമം മുന്‍നിര്‍ത്തി വ്യവസായങ്ങളുടെ ഉടമസ്ഥാവകാശവും നടത്തിപ്പും സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുമെന്ന് പാര്‍ട്ടി വാഗ്ധാനം ചെയ്തു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തോട് അനീതി പുലര്‍ത്തുന്ന സാമ്പത്തിക വ്യവസ്ഥിതിയുണ്ടായാല്‍ അതിനെ മാറ്റിമറിക്കുമെന്നും നയരേഖ വാഗ്ദാനം ചെയ്തു. ഫാക്ടറി തൊഴിലാളികളെ സ്ഥിരപ്പെടുത്തല്‍ ജോലി സമയം നിശ്ചയിക്കല്‍, മതിയായ വേതനം ഉറപ്പാക്കല്‍, പെന്‍ഷന്‍, ബോണസ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ നയരേഖ വിശദീകരിച്ചു.

 സാമൂഹ്യഇന്‍ഷ്വറന്‍സിന് വേണ്ടി പൊതുവായ പദ്ധതി നയരേഖ വിഭാവന ചെയ്യുന്നു. കുടിയൊഴിപ്പിക്കലിന് എതിരെയ കുടിയാന്‍മാര്‍ക്ക് സംരക്ഷണം, ചൂഷിതരായ കര്‍ഷക തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രത്യേകം നിയമം പാസാക്കല്‍, തുടങ്ങിയ ലക്ഷ്യങ്ങളും ലേബര്‍പാര്‍ട്ടിയുടെ നയരേഖയില്‍ ഉറപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ ജനതയുടെ പേര് ബഹിഷ്‌കൃത ഭാരത് എന്നാക്കി. കുത്തകമുതലാളിമാരും ഭൂവുടമകളും ദളിതരോട് കാട്ടിയ ക്രൂരതകളെ വെളിച്ചത്തുകൊണ്ടുവരുവാനായിരുന്നു ബഹിഷ്‌കൃത ഭാരതത്തിലൂടെ അംബേദ്കര്‍ ശ്രമിച്ചത്. നാഗ്പൂരില്‍ ബീഡിതൊഴിലാളികളെ സംഘടിപ്പിച്ച് ലേബര്‍ പാര്‍ട്ടി അവരിലൊരാളെ സ്ഥാനാര്‍ത്ഥിയാത്തി. എല്‍.എസ്. ഹര്‍ദാസിനെപ്പോലുള്ള തൊഴിലാളി നേതാക്കള്‍ ദളിതുകള്‍ക്കിടയില്‍ നിന്നുയര്‍ന്ന് വരാന്‍ തുടങ്ങി. 1937 ഓഗസ്റ്റില്‍ ബോംബെ പ്രവിശ്യയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 18 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 

12 സംവരണസീറ്റുകളും ആറ് പൊതുസീറ്റുകളും. മധ്യ പ്രവിശ്യകളില്‍ നിന്ന് 14 പേരാണ് മത്സരിച്ചത്. ബോംബെയില്‍ 15 പേര്‍ വിജയിച്ചു. ഇതില്‍ പത്തുപേരും മഹറുകളായിരുന്നു. അംബേദ്കറുടെ ജനകീയാംഗീകാരം ഈ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. 1938 ഫെബ്രുവരി 12നും 13നും അംബേദ്കര്‍ മഹാരാഷ്ട്രയിലെ റെയില്‍വേ കേന്ദ്രമായ മാന്മദിയില്‍ ഒരു തൊഴിലാളി സമ്മേളനം വിളിച്ചുകൂട്ടി. ദളിതുകളെ തൊഴിലാളികളായി സംഘടിപ്പിച്ചുകൊണ്ടുള്ള ആദ്യ സമ്മേളനമായിരുന്നു ഇത്. മനുഷ്യത്വം തന്നെയും തകര്‍ക്കുന്ന  ഭാരമാണ് സാമൂഹികദുരിതങ്ങള്‍ നമ്മുടെ ചുമലില്‍ വച്ചിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് രണ്ട് ശത്രുക്കളാണുള്ളത്. 

ബ്രാഹ്മണസിവും മുതലാളിത്തവും. ബ്രാഹ്മണിസത്തെ ശത്രുവായി കാണാത്തതിന് അദ്ദേഹം ഇടതുപക്ഷ വിമര്‍ശകരെ കുറ്റപ്പെടുത്തുകയും ചെയ്തു. ബ്രാഹ്മണിസം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ നിഷേധത്തെയാണ്. എല്ലാ ജാതികളിലും ഈ നിഷേധമുണ്ട്. എന്നാല്‍ ബ്രാഹ്മണരാണ് അത് കൊണ്ടുവന്നത്. ഇവിടെ കമ്മ്യൂണിസ്റ്റുകാരെയും ഇടതുപക്ഷ സൈദ്ധാന്തികരെയും അംബേദ്കര്‍ ശക്തമായി കുറ്റപ്പെടുത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞത് സോഷ്യലിസത്തിലേക്കുള്ള പാതയില്‍ ജാതി സ്വയം ഇല്ലാതായിക്കൊള്ളുമെന്നാണ്. എന്നാല്‍ അതൊരു ഉട്ടോപ്യന്‍ സ്വപ്നമാണെന്നാണ് അംബേദ്കറുടെ വാദം. സോഷ്യലിസ്റ്റുകള്‍ക്കും ജാതി മുഖ്യപ്രശ്നമായിരുന്നില്ലെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതിനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് നെഹ്റുവിനെയാണ്. 

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ദളിതര്‍ക്ക് ഒരുമേല്‍വിലാസമുണ്ടാക്കി കൊടുക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഈ വാക്കുകളുടെ അര്‍ത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്ത ഏക വിപ്ലവകാരിയാണ് ബി.ആര്‍. അംബേദ്കര്‍. പക്ഷേ  ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം സ്വീകരിച്ച ദേശീയ പ്രസ്ഥാനം ദളിത് പിന്നോക്കക്കാരെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നും ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായി തീര്‍ന്നത്. 

അധികാരകൈമാറ്റ വേളയില്‍ തന്നെ അംബേദ്കര്‍ ഈ അപകടം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്  ''ആര്‍ക്കും ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് തോന്നിപ്പോവുകയാണ്. അയിത്തജാതിക്കാര്‍ക്കെതിരായ അനീതികള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഞങ്ങള്‍ക്കറിയാം. ബ്രിട്ടീഷ് ഭരണം ഇപ്പോഴുള്ളതുപോലെ തുടര്‍ന്നാല്‍ ഒരിക്കലും ആ രാഷ്ട്രീയാധികാരം യാഥാര്‍ത്ഥ്യമാകുകയില്ല. ഒരു സ്വരാജ് ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ രാഷ്ട്രീയാധികാരം ഞങ്ങളുടെ കൈയ്യിലേക്ക് വരികയുള്ളു. ഞങ്ങളുടെ ജീവിതത്തിന് മീതെ സാമ്പത്തികമായും മതപരമായും സാമൂഹികമായും ശക്തമായ അധീശത്വമുള്ള ഒരു വിഭാഗത്തിന്റെ കൈകളിലേക്കാണ് ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം പോകുന്നതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. 

ഈ തിരിച്ചറിവാണ് ഞാന്‍ ഹിന്ദുവായ് മരിക്കില്ലെന്ന് അംബേദ്കര്‍ പ്രതിജ്ഞ ചെയ്യുകയും അത് പാലിക്കുകയും ചെയ്തു. തന്റെ ആയിരക്കണക്കിനുള്ള അനുയായികളുമായി അംബേദ്കര്‍ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. അതിനര്‍ത്ഥം ഹിന്ദുത്വത്തിന് ദളിതരെ തുല്യതയോടെ അന്തസ്സോടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യത്തോടെ ചേര്‍ത്തുപിടിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ആര്‍ക്കെങ്കിലും സംശമയുണ്ടെങ്കില്‍ സ്വാതന്ത്ര ഇന്ത്യയുടെ മുക്കാല്‍ നൂറ്റാണ്ടായുള്ള ചരിത്രം പരിശോധിച്ചുനോക്കാം. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് മാത്രമല്ല മറിച്ച് മാനവികതയുടെ പ്രവാചകന്‍ കൂടിയായിരുന്നു ബി.ആര്‍. അംബേദ്കര്‍.

 

Dr. B.R. Ambedkar