മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ വര്‍ഗവിദ്വേഷികള്‍ തോക്കിനിരയാക്കിയിട്ട് ഏപ്രില്‍ നാലിന്് 57 വര്‍ഷം എത്തിയിരിക്കുന്നു

'' ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, താത്ക്കാലികമായ വിഷമതകളും തടസ്സങ്ങളുമുണ്ടെങ്കിലും അതിനെല്ലാമുപരിയായി എനിക്കൊരു സ്വപ്‌നമുണ്ട്. ഒരു നാള്‍ നമ്മുടെ രാഷ്ട്രം ഉണര്‍ന്നെഴുന്നേറ്റ് എല്ലാ മനുഷ്യരും തുല്യരാണെന്ന വിശ്വാസപ്രമാണം ജീവിതത്തില്‍ പകര്‍ത്തുമെന്ന സ്വപ്‌നമാണത്.

author-image
Biju
New Update
SGD

ലോകജനതയുടെ ഐക്യത്തെ സ്വപ്‌നം കണ്ട, അഹിംസാമാര്‍ഗത്തിലൂടെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ നീതിയ്ക്കായി പോരാടിയ, നിരവധി തവണ മരണം നേര്‍ക്കുനേര്‍ വന്ന് മടങ്ങിപ്പോയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ വര്‍ഗവിദ്വേഷികള്‍ തോക്കിനിരയാക്കിയിട്ട് ഏപ്രില്‍ നാലിന്് 57 വര്‍ഷം എത്തിയിരിക്കുന്നു.

നീഗ്രോയും ഭരണഘടനയും എന്ന വിഷയത്തില്‍ പ്രസംഗമത്സരത്തിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് മൈക്കിള്‍ ലൂഥര്‍ കിങ്ങും അവന്റെ അധ്യാപികയുടെ കൂടി ബസ്സില്‍ കയറിയത്. മൈക്കിളിന് പതിനഞ്ചുവയസ്സാണ് അപ്പോള്‍. ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ രണ്ടുവെള്ളക്കാര്‍ കയറി. അവര്‍ക്ക് ഇരിക്കാന്‍ വേണ്ടി ടീച്ചറോടും മൈക്കിളിനോടും എഴുന്നേറ്റുകൊടുക്കാന്‍ ഡ്രൈവര്‍ അവശ്യപ്പെട്ടു. ഭയം കാരണം ടീച്ചര്‍ വേഗം എഴുന്നേറ്റ് കൊടുത്തപ്പോള്‍ കൗമാരക്കാരനായ മൈക്കിളിന് അപമാനഭാരത്താല്‍ രക്തം തിളയ്ക്കുകയായിരുന്നു. ഡ്രൈവര്‍ രൂക്ഷമായി നോക്കിയിട്ടും അവന്‍ എഴുന്നേറ്റില്ല. 

പിന്നെ അയാള്‍ അവനെ പുലഭ്യം വഴക്കുപറയുകയും എഴുന്നേറ്റുകൊടുക്കാന്‍ അവന്റെ ടീച്ചര്‍ ദയനീയമായി പറയുകയും ചെയ്തതോടെ മൈക്കിള്‍ എഴുന്നേറ്റു. 'കറുത്തവര്‍ക്ക് സാമൂഹ്യതുല്യനീതി' എന്ന വിഷയത്തില്‍ പ്രസംഗിച്ച് കിട്ടിയ ഒന്നാം സമ്മാനത്തെ അവന്‍ ലജ്ജയോടെ നോക്കി. ആ സംഭവത്തോടെ മൈക്കിള്‍ ലൂഥര്‍ കിങ് എന്ന വ്യക്തിത്വം തന്റെ ജന്മോദ്ദേശ്യം തിരിച്ചറിയുകയായിരുന്നു. ആദ്യം ചെയ്തത് തന്നെയേറെ സ്വാധീനിച്ച വ്യക്തിത്വവും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍ഡ് മതസ്ഥാപകനും നവോത്ഥാനനായകനുമായ മാര്‍ട്ടിന്‍ ലൂഥറിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. സ്വയം മാര്‍ട്ടിന്‍ ലൂഥറായി അവതരിക്കാന്‍ തീരുമാനിച്ച മൈക്കിള്‍ പിന്നെ അറിയപ്പെട്ടത് ലോകനായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന പേരിലാണ്.

അമേരിക്കന്‍ ഐക്യനാടുകളിലെ സ്റ്റേറ്റുകളിലൊന്നായ ജോര്‍ജിയയിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജനിച്ചത്. പുരോഹിതനായിരുന്നു പിതാവായ കിങ് സീനിയര്‍. അദ്ദേഹത്തിന്റെ പ്രസംഗപാടവം വളരെ ചെറുപ്പം മുതലേ കിങ് ജൂനിയറിനെ സ്വാധീനിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രാസംഗികനാവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് പിതാവിന്റെ ഭാഷാ-ചിന്താ സ്വാധീനമായിരുന്നു. മുതിര്‍ന്നതോടെ അറ്റ്‌ലാന്‍ഡയിലെ മോര്‍ഹോസ് കോളേജാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്. കറുത്തവര്‍ക്കുവേണ്ടിയുള്ള രാജ്യത്തെ മികച്ച കോളേജിലൊന്നായിരുന്നു മോര്‍ഹോസ്. 

പിതാവിന്റെ വഴിയേ പുരോഹിതമാര്‍ഗം തിരഞ്ഞെടുത്ത മാര്‍ട്ടിന്‍ പെന്‍സില്‍വാനിയയിലെ ക്രോസര്‍ സെമിനാരില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. ദൈവശാസ്ത്രഗ്രന്ഥങ്ങളും തത്വശാസ്ത്രചിന്താഗ്രന്ഥങ്ങളും മാര്‍ട്ടിന്റെ വായനയിലെ പതിവുവിഷയങ്ങളായിരുന്നു. അടിമത്തത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തിയ ഹെന്റി തോറോയുടെ ചിന്തകള്‍ മാര്‍ട്ടിനെ കൂടുതല്‍ സ്വാധീനിച്ചിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ മാര്‍ട്ടിനെ സ്വാധീനിച്ച വ്യക്തിത്വം മഹാത്മാ ഗാന്ധിയായിരുന്നു. 

ഗാന്ധിജിയുടെ അഹിംസാമാര്‍ഗങ്ങളും നിരാഹാര രീതികളും അടിമത്തത്തിനെതിരായുള്ള സമരമുറയായി മാര്‍ട്ടിനും സ്വീകരിച്ചു. കറുത്തവരെ അഭിസംബോധനചെയ്തിരുന്നത് പ്രായഭേദമന്യേ ബോയ് എന്നായിരുന്നു. ഏതു മുതിര്‍ന്ന കറുത്തമനുഷ്യനെയും നോക്കി വെളളപ്പോലീസുകാര്‍ ബോയ് എന്നു വിളിക്കുന്നത് മാര്‍ട്ടിന് അസഹനീയമായ അപമാനമായി തോന്നി.

ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വിഭ്യാഭ്യാസം ചെയ്യുമ്പോള്‍ കൊറേറ്റ എന്ന യുവഗായികയെ മാര്‍ട്ടിന്‍ പരിചയപ്പെട്ടു, പ്രണയത്തിലായി. പ്രണയം വൈകാതെ വിവാഹത്തിലേക്കെത്തി. ആയിടയ്ക്കാണ് അലബാമയിലെ മോണ്ട് ഗോമറിയിലുള്ള ഡെക്സ്റ്റര്‍ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയില്‍ പുരോഹിതനാവാന്‍ ക്ഷണം ലഭിക്കുന്നത്. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം കറുത്തവര്‍ക്കായി മാത്രം നിര്‍മിച്ച പള്ളിയായിരുന്നു അത്. അലബാമ മാര്‍ട്ടിനെ അസ്വസ്ഥപ്പെടുത്താന്‍ മതിയായ കാരണമുണ്ടായിരുന്നു. വര്‍ണവിവേചനവും അക്രമവും അസമത്വവും ഏറ്റവും കൂടുതല്‍ നിലനിന്നിരുന്ന പ്രദേശമായിരുന്നു അലബാമ.അലബാമയെ അദ്ദേഹം തന്റെ പ്രസംഗക്കളരിയായി കണ്ടുകൊണ്ട് തീപ്പൊരിപ്രസംഗങ്ങളിലൂടെ ആളുകളുടെ വിശ്വാസവും ആരാധനയും നേടിയെടുത്തു.

1955ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ലൂഥര്‍ കിങ് ആദ്യസമരത്തിനിറങ്ങിപ്പുറപ്പെട്ടത് വിദ്യാഭ്യാസസംരക്ഷണത്തിനായിരുന്നു. കറുത്തവരുടെ മക്കള്‍ക്കും വെള്ളക്കാരുടെ മക്കള്‍ക്കും തുല്യവിദ്യാഭ്യാസം എന്ന നിര്‍ബന്ധത്തില്‍ മാര്‍ട്ടിന്‍ ഉറച്ചുനിന്നു. 

ചരിത്രപ്രസിദ്ധമായ റോസാപാര്‍ക്ക്‌സ് സംഭവവും അരങ്ങേറുന്നത് അക്കാലത്താണ്. നഗരത്തില്‍ ബസില്‍ വെള്ളക്കാര്‍ക്ക് സീറ്റ് സംവരണം ചെയ്യുകയും കറുത്തവര്‍ പിറകിലൂടെ മാത്രം ഇറങ്ങുകയും കയറുകയും വേണമെന്ന നിയമവും അന്നുണ്ടായിരുന്നു. വെള്ളക്കാര്‍ ഇരിക്കുന്ന സീറ്റ് നിറഞ്ഞിരിക്കുകയാണെങ്കില്‍ മധ്യഭാഗത്തുനിന്നും കറുത്തവര്‍ഗക്കാരന്‍ എഴുന്നേറ്റ് സീറ്റൊഴിഞ്ഞുകൊടുക്കണം എന്നാണ് ബസിലെ നിയമം. റോസാ പാര്‍ക്ക്‌സ് എന്ന കറുത്ത വനിത ജോലി ചെയ്ത് ക്ഷീണിച്ച് ബസില്‍ കയറുകയും കറുത്തവരുടെ സീറ്റിലിരിക്കുകയും ചെയ്തു. എന്നാല്‍ അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ളക്കാരനുവേണ്ടി സീറ്റിലുള്ള നാല് കറുത്തവരും എഴുന്നേറ്റു കൊടുക്കണമെന്നായി ഡ്രൈവര്‍. മറ്റ് മൂന്ന് പേരും എഴുന്നേറ്റപ്പോള്‍ റോസാ പാര്‍ക്ക്‌സ് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു. 

വെള്ളക്കാരനെ അപമാനിച്ചുവെന്നാരോപിച്ച് റോസാപാര്‍ക്ക്‌സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അത് കറുത്തവര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തു. റോസ് പാര്‍ക്ക്‌സ് സംഭവത്തോടെ കറുത്തവരുടെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. 1955 സിസംബറില്‍ നടന്ന ആ സംഭവം ഡോ. കിങ് ഏറ്റെടുക്കുകയും കറുത്തവര്‍ ബസ് യാത്ര ബഹിഷ്‌കരിക്കുകയും ചെയ്തു. ബസ് കമ്പനികളുടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനവും കറുത്തവരുടെ യാത്രാക്കൂലിയില്‍ നിന്നായിരുന്നു. കാലിയായ ബസുകള്‍ പോകുന്നതും നോക്കി ബസ് സ്റ്റോപ്പുകളില്‍ ഇരുന്ന് അവര്‍ പൊട്ടിച്ചിരിച്ചു. ആദ്യമായി തങ്ങളുടെ മാനം കാത്തതിന്റെ സംതൃപ്തി ഓരോ മുഖങ്ങളിലും കാണാമായിരുന്നു.

''അനേകം വര്‍ഷങ്ങളായി കറുത്തവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിനും അപമാനത്തിനുമെതിരേ സംഘടിക്കണം. എന്നാല്‍ അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കരുത്. വെള്ളക്കാരെ വെറുക്കുകയുമരുത്.'' സമരത്തിന്റ ഗാന്ധിയന്‍ മാര്‍ഗം പിന്തുടര്‍ന്നുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആദ്യമായി സമരരംഗത്തേക്ക് വരികയായിരുന്നു, ബസ് ബഹിഷ്‌കരണയോഗത്തെ അഭിസംബോധനചെയ്തുകൊണ്ട്. 

ലോകശ്രദ്ധയാകര്‍ഷിച്ച മോണ്ട് ഗോമറി സമരം എന്ന് വിളിച്ച ഈ സമരമാണ് ലൂഥര്‍ കിങ്ങിലെ നായകനെ മുന്നോട്ടുനയിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ബസ് ബഹിഷ്‌കരണസമരത്തെ അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ഭരണകൂടം ആവുന്ന അടവുകളൊക്കെ പയറ്റിനോക്കിയെങ്കിലും ബസിലെ വിവേചനമവസാനിച്ചുവെന്ന ഉറപ്പ് ഉത്തരവാദപ്പെട്ടവരില്‍ നിന്നും ലഭിച്ച ശേഷമാണ് റോസാ പാര്‍ക്‌സ് സമരം അവസാനിച്ചത്. വിവേചനമവസാനിപ്പിച്ചശേഷം ആദ്യമായി ബസില്‍ കയറിയ യാത്രക്കാര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും റോസാ പാര്‍ക്‌സുമായിരുന്നു.

തന്റെ പുസ്തകത്തിന്റെ കോപ്പിയില്‍ ആരാധകര്‍ക്ക് ഒപ്പിട്ടുകൊടുക്കവേ ഒരു സ്ത്രീ വന്നു ചോദിച്ചു: താങ്കളാണോ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്? പുഞ്ചിരിയോടെ അതെ എന്ന് പറഞ്ഞുതീര്‍ന്നില്ല ആ സ്ത്രീ മൂര്‍ച്ചയുള്ള ഒരു കത്തി അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. 

മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. കറുത്തവര്‍ഗക്കാരിയുമായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചതുകൊണ്ട് ദീര്‍ഘശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ലോകവാര്‍ത്തയായി. ഡോ.കിങ് ഒന്നു തുമ്മിയിരുന്നെങ്കില്‍ തീര്‍ന്നുപോകുമായിരുന്നു ആ ജീവിതം. അത് വായിച്ച വെള്ളക്കാരിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി കിങ്ങിന് കത്തെഴുതി. 

''പ്രിയപ്പെട്ട കിങ്, താങ്കള്‍ ഒന്നു തുമ്മിയാല്‍ അപ്പോള്‍ മരിച്ചുപോകുമായിരുന്നു എന്നു പത്രത്തില്‍ വായിച്ചു. ആ സമയത്ത് അങ്ങ് തുമ്മിയില്ല എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്എന്നറിയിക്കാന്‍ വേണ്ടി മാത്രമാണ് ഈ കത്ത് എഴുതുന്നത്.'' മോണ്ട് ഗോമറി സമരം സങ്കീര്‍ണമായപ്പോള്‍ മുതല്‍ നിരവധി തവണയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആക്രമിക്കപ്പെട്ടത്. എല്ലാം വധശ്രമമായിരുന്നു.

റസ്റ്റോറന്റില്‍ കറുത്തവര്‍ നേരിടുന്ന വിവേചനത്തിനും അപമാനത്തിനുമെതിരെയാണ് കിങ് പിന്നെ സമരവുമായി രംഗത്തെത്തിയത്. സമരാനുകൂലികള്‍ക്കൊപ്പം കിങ്ങിനെയും ജയിലിലടച്ചപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍. എഫ് കെന്നഡി ഇടപെട്ടാണ് ജയില്‍മോചിതനാക്കിയത്. തുടര്‍ന്ന് 1962-ല്‍ ബര്‍മിങ് ഹാം പ്രക്ഷോഭം തുടങ്ങി. കറുത്തവര്‍ഗക്കാരെ മെച്ചപ്പെട്ട ജോലികളില്‍ നിയമിക്കുക, വര്‍ണവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കിങ്ങിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. 

കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടങ്ങുന്ന ആയിരക്കണത്തിന് കറുത്തവരാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയത്. ദേഹത്തേക്കു തുളഞ്ഞുകയറുന്ന ജലപീരങ്കികള്‍ക്കു പുറമേ ഏറ്റവും ക്രൂരമായ അക്രമം കൂടി പോലീസ് സമരക്കാര്‍ക്കുനേരെ അഴിച്ചുവിട്ടു. പോലീസുകാര്‍ സമരക്കാര്‍ക്കിടയിലേക്ക് നായകളെ തുടലഴിച്ചുവിടുകയായിരുന്നു. ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ഒരു അക്രമമായിരുന്നു അത്. മുവ്വായിരത്തോളം പേര്‍ മര്‍ദ്ദനമേറ്റ ബര്‍മിങ് ഹാം സമരം അഹിംസയിലൂടെ മാര്‍ഗത്തിലൂടെ ഡോ. കിങ് വിജയിപ്പിക്കുകയായിരുന്നു.

ബര്‍മിങ് ഹാം സമരത്തിന് ശേഷമാണ് 1963 മാര്‍ച്ചില്‍ വാഷിങ്ടണിലേക്ക് ജനബാഹുല്യമുള്ള ഒരു മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഏതാണ്ട് രണ്ടരലക്ഷം പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്! കിങ് പ്രതീക്ഷിച്ചതിലും ഇരട്ടി ജനങ്ങള്‍. വാഷിങ്ടമിലെ എബ്രഹാം ലിങ്കണ്‍ സ്മാരകത്തിന് മുന്നില്‍ നിന്നാണ് ചരിത്രപ്രസിദ്ധമായ 'എനിക്കൊരുസ്വപ്‌നമുണ്ട്' എന്നുതുടങ്ങുന്ന പ്രസംഗം കിങ് നടത്തുന്നത്. 

'' ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, താത്ക്കാലികമായ വിഷമതകളും തടസ്സങ്ങളുമുണ്ടെങ്കിലും അതിനെല്ലാമുപരിയായി എനിക്കൊരു സ്വപ്‌നമുണ്ട്. ഒരു നാള്‍ നമ്മുടെ രാഷ്ട്രം ഉണര്‍ന്നെഴുന്നേറ്റ് എല്ലാ മനുഷ്യരും തുല്യരാണെന്ന വിശ്വാസപ്രമാണം ജീവിതത്തില്‍ പകര്‍ത്തുമെന്ന സ്വപ്‌നമാണത്. എനിക്കൊരു സ്വപ്‌നമുണ്ട്, അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും മരുഭൂമിയായ മിസിസ്സിപ്പി സംസ്ഥാനം പോലും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മരുപ്പച്ചയായി മാറുന്നതാണത്'...ഇങ്ങനെ നീളുന്നു ആ മഹത്തായ വാക്കുകള്‍.

വാഷിങ്ടണ്‍ പ്രസംഗത്തിന് ശേഷവും ഏതാനും ഒറ്റപ്പെട്ട ആക്രമങ്ങള്‍ കറുത്തവര്‍ക്കുനേരെയുണ്ടായി. നവംബര്‍ 22 ന് അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്.കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടു. ആ സംഭവത്തില്‍ അത്യധികം ദു:ഖിച്ച ഡോ.കിങ് പിന്നീട് തന്റെ ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കാനുള്ള സമരമാര്‍ഗങ്ങളാണ് അന്വേഷിച്ചത്. 1964 ലെ പൗരാവകാശനിയമം അന്നത്തെ പ്രസിഡണ്ട് ലിന്‍ഡന്‍ ജോണ്‍സണ്‍ ഒപ്പുവക്കുന്നതുവരെ ആ സമരം തുടര്‍ന്നു. ദൈവത്തിന്റെ ബൂത്തില്‍ തുല്യരായവര്‍ ഇനി പോളിങ് ബൂത്തുകള്‍, ക്‌ളാസ് മുറികള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍,മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തുല്യരായിരിക്കും എന്ന് പൗരാവകാശനിയമം ഉറപ്പുനല്കി.

1968 ഏപ്രില്‍ ആദ്യവാരം. തൊഴിലാളികള്‍ തുല്യവേതനത്തിലുള്ള സമരത്തിലാണ് അമേരിക്കയില്‍. അവരെ അഭിസംബോധന ചെയ്യാനായി കിങ് യോഗസ്ഥലത്തെത്തി. നിരന്തരം വധഭീഷണികള്‍ നേരിടുന്നതിനാല്‍ കിങ് പ്രസംഗം തുടങ്ങിയതിങ്ങനെയാണ്. ' ദീര്‍ഘകാലം ജീവിക്കാന്‍ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. എന്നാലിപ്പോള്‍ ഞാനിക്കാര്യം ഗൗനിക്കുന്നില്ല. എനിക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റണം. ഇന്നു രാത്രി ഞാന്‍ സ്‌നതോഷവാനാണ്. ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ല. ഒരു മനുഷ്യനെയും ഭയക്കുന്നില്ല. ദൈവാഗമനത്തിന്റെ മഹത്വം എന്റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നു.'

പിറ്റേന്ന് വൈകുന്നേരം തുല്യവേതനസമരപരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിനുവേണ്ടി കൂട്ടുകാരോടൊത്ത് താമസിക്കുന്ന ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ അടുത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഒരു അക്രമി അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തു. സുഹൃത്തുക്കള്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കുറിനകം, മുപ്പത്തിയൊമ്പതാം വയസ്സില്‍, ഏപ്രില്‍ നാലിന് അദ്ദേഹം മരണമടഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മാര്‍ട്ടിന്‍ ലൂര്‍ കിങ്ങിന്റെ ശവസംസ്‌കാരച്ചടങ്ങ് അമേരിക്കയെയാകെ ദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു നടത്തത്. അറ്റ്‌ലാന്‍ഡയിലെ ബാപ്റ്റിസ്റ്റ് പള്ളിയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു: 'മോചിതനായി ഒടുവിലിതാ മോചിതനായി! നന്ദി ദൈവമേ ഞാന്‍ ഒടുവിലിതാ മോചിതനായിരിക്കുന്നു!'

ലോകം കേട്ട പ്രസംഗം

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ എന്നതിലുപരി ഒരു പ്രസംഗകന്‍ കൂടിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. ആഫ്രിക്കന്‍ അമേരിക്കന്‍ ജനങ്ങളുടെ ജീവിതാവസ്ഥ തന്റെ പ്രസംഗങ്ങളിലൂടെ അദ്ദേഹം ലോകത്തിനു മുന്നിലേക്ക് തുറന്നുകാട്ടി. അതില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 1965ല്‍ വാഷിങ്ടണില്‍ നടത്തിയ 'എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന പ്രസംഗം. അന്ന് അദ്ദേഹത്തിന് 34 മാത്രമാണ് പ്രായം. അമേരിക്കയെ ഒന്നാകെ വിറപ്പിച്ച ഈ പ്രസംഗത്തിലൂടെ വിവേചനം ഇല്ലാത്ത അമേരിക്കയെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.

ഒടുവില്‍ മരണം

1968 ഏപ്രില്‍ നാലിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. ലോറന്‍ മോട്ടിലെ തന്റെ മുറിക്ക് പുറത്തുള്ള ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. ജെയിംസ് എന്ന വെളുത്ത വംശക്കാരനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

martin luther king