/kalakaumudi/media/media_files/2025/03/12/kg2xRrNfllfS2usMiwqm.jpg)
രാജ്യം മാത്രമല്ല ലോകം തന്നെ വീക്ഷിച്ച ഒരു മഹാസംഗമവും സംവാദവും നടന്നിട്ട് 100 വര്‍ഷം. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് 1925 ലെ ഈ ദിവസമായിരുന്നു.
ശിവഗിരിയിലെ വര്‍ക്കല എ.കെ. ഗോവിന്ദ ദാസിന്റെ 'ഗാന്ധ്യാ ശ്രമം' കെട്ടിടത്തിലായിരുന്നു സന്ദര്‍ശന വേദി സജ്ജമാക്കിയിരുന്നത്. കോട്ടയം ജഡ്ജിയായിരുന്ന എന്‍.കുമാരന്‍ ആയിരുന്നു ദ്വിഭാഷി.
സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേയെന്ന് ചോദിച്ചു കൊണ്ടാണ് ഗാന്ധിജി സംഭാഷണം ആരംഭിച്ചത്.
ഇഗ്ലീഷ് തനിക്കറിയില്ലെന്നും മഹാത്മജിക്ക് സംസ്‌കൃതം അറിയാമോയെന്നും ഗുരുദേവന്‍ മറുചോദ്യം ഉന്നയിച്ചപ്പോള്‍ സംസ്‌കൃതം തനിക്കറിയില്ലെന്ന് മഹാത്മജി വ്യക്തമാക്കി.
വൈക്കത്ത് ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടക്കുന്ന സത്യാഗ്രഹ സമരത്തെപ്പറ്റി ഗാന്ധിജി , ഗുരുദേവനുമായി വിശദമായി ചര്‍ച്ച ചെയ്തു.
വൈക്കം സത്യാഗ്രഹം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും, ക്ഷേത്ര പ്രവേശനം മാത്രം പോരെന്നും , അയിത്ത ജാതിക്കാരുടെ അവശതകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അവര്‍ക്ക് വിദ്യാഭ്യാസവും ധനവും സമ്പാദിക്കാന്‍ സാഹചര്യമുണ്ടാകണമെന്നും ഗുരുദേവന്‍ അഭിപ്രായം പ്രകടിപ്പിച്ചു. നന്നാകാനുള്ള സൗകര്യം എല്ലാവരുടെയും പോലെ അവര്‍ക്കും ലഭ്യമാകണമെന്നാണ് തന്റെ പക്ഷമെന്ന് ഗുരുദേവന്‍ ഗാന്ധിജിയോട് പറഞ്ഞു.
അവകാശ സ്ഥാപനത്തിന് സത്യാഗ്രഹം പോരെന്നും ബലപ്രയോഗം തന്നെ വേണമെന്നും ചിലരൊക്കെ വാദിക്കുന്നുണ്ടല്ലോയെന്നതിനെ കുറിച്ച് സ്വാമിജിയുടെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
'രാജാക്കന്മാര്‍ക്ക് അത്യാവശ്യമായിരിക്കാം. സാധാരണ ജനങ്ങള്‍ക്ക് ബലപ്രയോഗം നടത്തേണ്ട കാര്യമില്ലെന്ന് ഗുരുദേവന്‍ വ്യക്തമാക്കി.
മതപരിവര്‍ത്തനത്തെപ്പറ്റിയും ഗുരുദേവന്റെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
' ആധ്യാത്മികമായ മോക്ഷത്തിന് മതപരിവര്‍ത്തനം വേണ്ടതില്ല. എല്ലാ മതങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ മോക്ഷമാര്‍ഗ്ഗമാണ്. ലൗകികമായ സ്വാതന്ത്ര്യമാണ് ജനങ്ങള്‍ ഇച്ഛിക്കുന്നത്. അത് സഫലമാകുക തന്നെ ചെയ്യും. പക്ഷെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരും.
ഗുരുദേവന്റെ ആ പ്രവചനം കേട്ടപ്പോള്‍ ഗാന്ധിജി ചിരിച്ചു.
തന്റെ ആയുഷ്‌ക്കാലത്ത് തന്നെ ആ ലക്ഷ്യം സഫലമാകുമെന്ന് ഗാന്ധിജി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഹിന്ദു മതത്തില്‍ തന്നെ വര്‍ണ്ണ വ്യത്യാസമുണ്ടല്ലോയെന്ന് സംഭാഷണത്തിനിടെ ഗാന്ധിജി , ഗുരുവിനോട് സൂചിപ്പിക്കുകയും അക്കാര്യം സമര്‍ത്ഥിക്കാന്‍ സമീപത്തെ ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ഗാന്ധിജി പറഞ്ഞു.
' അതിലെ ഇലകളെല്ലാം ഒരേ പോലെയല്ലല്ലോ. വലിപ്പ ചെറുപ്പം പ്രകൃതി സഹജമല്ലേ?'
പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നുന്നുവെന്നത് ശരിയാണെന്ന് ഗുരുദേവന്‍ മറുപടി പറഞ്ഞു. എന്നിട്ടിങ്ങിനെ തുടര്‍ന്നു.
'എല്ലാ ഇലകളുടെയും ചാറിനും സത്തിനും ഒരേ ഗുണവും മണവുമാണല്ലോ. വ്യത്യസ്തമായി കാണന്നുവെങ്കിലും ഗുണപരമായി ഒന്നു തന്നെയല്ലേ?'
ശിവഗിരി സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മഹാത്മജി ഇങ്ങനെ പ്രസംഗിച്ചു.
'മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും , പുണ്യാത്മാവായ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു.'
കെ.ദാമോദരന്‍ രചിച്ച ' ശ്രീ നാരായണ ഗുരു സ്വാമി' ജീവചരിത്ര ഗ്രന്ഥത്തില്‍ 101 മുതല്‍ 104 വരെ താളുകളിലാണ് പ്രസ്തുത സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.