ഒ.വി. വിജയന്‍ വിടപറഞ്ഞിട്ട് 20 വര്‍ഷമെത്തിയിരിക്കുന്നു

പ്രമേയം, ആഖ്യാനം, ലോകവീക്ഷണം, രാഷ്ട്രീയദര്‍ശനം തുടങ്ങിയവയില്‍ ആധുനിക ചെറുകഥയുടെ പൊതുസ്വഭാവങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വിജയന്റെ കഥകള്‍ മലയാളത്തിലെ ആധുനികത നോവലിലോ ചെറുകഥയിലോപോലും ഒരു ഏകീകൃതധാരയോ പ്രവണതയോ ആയിരുന്നില്ലെന്നു വ്യക്തമാക്കുന്നു.

author-image
Biju
New Update
HFGH

ഒ.വി. വിജയനെന്ന് കേള്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെയും മനസില്‍ ആദ്യമെത്തുന്ന വാക്ക് 'ഖസാക്ക്' എന്നുതന്നെയായിരിക്കും. കാലമിത്ര പിന്നിട്ടിട്ടും ഒ.വി. വിജയനും അദ്ദേഹത്തിന്റെ രചനകളും വായനക്കാരുടെയുള്ളില്‍ തഴമ്പിച്ചുകിടക്കുന്നു. മലയാളസാഹിത്യചരിത്രത്തില്‍ ഒ.വി. വിജയന്‍ എന്ന എഴുത്തുകാരന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത വിധം ഉറച്ചുനില്‍ക്കുന്നു. ഒ.വി. വിജയന്‍ വിടപറഞ്ഞിട്ട് 20 വര്‍ഷമെത്തിയിരിക്കുന്നു. 

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലായിരുന്നു വിജയന്റെ ജനനം. കുട്ടിക്കാലം മുതലേ രോഗങ്ങള്‍ വിജയനെ വേട്ടയാടിയിരുന്നതുകൊണ്ട് വൈകി മാത്രമാണ് സ്‌കൂളില്‍ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞത്. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. അക്കാലത്തുതന്നെ എഴുത്തിലും കാര്‍ട്ടൂണ്‍ രചനയിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1953-ല്‍ ആദ്യകഥ പുറത്തുവന്നു. അധ്യാപകജോലി ഉപേക്ഷിച്ച് വിജയന്‍ ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പിന്നീട് 1967 ആയപ്പോഴേക്കും ഒരു സ്വതന്ത്രപത്രപ്രവര്‍ത്തകനിലേക്ക് വിജയന്‍ വളര്‍ന്നു. ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിലേക്കെല്ലാം അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചുനല്‍കി. കലാകൗമുദി, മാതൃഭൂമി, ഹിന്ദു, പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഇക്കണോമിക് റിവ്യൂ എന്നിവ അവയില്‍ ചിലതാണ്. 

അടിയന്തരാവസ്ഥക്കാലത്ത് വിജയന്‍ വരച്ച കാര്‍ട്ടൂണുകള്‍ വലിയ ശ്രദ്ധനേടി. എഴുത്തുകളിലൂടെയും നിരന്തരമായ വരകളിലൂടെയും ആ കാലഘട്ടത്തെ വിമര്‍ശിക്കാന്‍ വിജയന്‍ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. 1985-ല്‍ പുറത്തുവന്ന ധര്‍മ്മപുരാണം എന്ന നോവല്‍ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1969-ല്‍ പുറത്തിറങ്ങിയ ഖസാക്കിന്റെ ഇതിഹാസം മലയാളനോവല്‍ചരിത്രത്തിന്റെ സ്വഭാവത്തെ മാറ്റിപ്പണിയുന്ന കാഴ്ചയും നാം കണ്ടു.

ധര്‍മ്മപുരാണത്തിനുശേഷം വിജയന്‍ ആത്മീയമായ പ്രമേയപരിസരങ്ങളിലേക്കാണ് നോവലിനെ പ്രതിഷ്ഠിച്ചത്. ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളാണ് പിന്നീട് വിജയന്റേതായി പുറത്തുവന്നത്. നോവലുകളെപ്പോലെത്തന്നെ പുനര്‍വായനകള്‍ക്കും നിരന്തരപഠനങ്ങള്‍ക്കും സാധ്യതകള്‍ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ കഥകളും. കടല്‍ത്തീരത്ത്, കാറ്റ് പറഞ്ഞ കഥ, അരിമ്പാറ തുടങ്ങിയ ഒരുപറ്റം കഥകള്‍ പ്രമേയപരമായും ആവിഷ്‌കാരത്തിലെ പുതുമകൊണ്ടും വായനയുടെ തുടര്‍ച്ച സാധ്യമാക്കുന്നവയാണ്.

ആദ്യകാലത്ത് ഇംഗ്ലീഷിലും കഥയെഴുതിയ എഴുത്തുകാരനാണ് വിജയന്‍. എഴുത്തുകാരനായ എന്‍.എസ്. മാധവന്‍ ഒരിക്കല്‍ വിജയനോട് ചോദിച്ചു : ഇംഗ്ലീഷില്‍ എഴുതണമെന്ന് തോന്നിയിട്ടുണ്ടോ ? അതിന് വിജയന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു : 'ഭാഷ എത്ര പരിമിതമാണെന്നിരിക്കിലും എനിക്ക് മലയാളത്തിലേ എഴുതാന്‍ കഴിയൂ' എന്ന്. എന്‍.എസ്. മാധവന്റെ 'പുറം മറുപുറം' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

19501995 കാലത്തിനിടയില്‍ പ്രസിദ്ധീകരിച്ച ആകെ 122 രചനകളടങ്ങുന്നതാണ് ഒ.വി. വിജയന്റെ കഥാലോകം. കലാലയവിദ്യാര്‍ഥിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തുനിന്നുള്ള 'കലാനിധി' മാസികയില്‍ 1950-ല്‍ പ്രസിദ്ധീകരിച്ച 'പരാജിതന്‍' ആണ് ആദ്യത്തെ ചെറുകഥ. പാലക്കാട് വിക്ടോറിയ കോളേജ് മാഗസിനില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'പ്ലം കേക്ക്' (1952), 'പറയൂ, ഫാദര്‍ ഗണ്‍സാലെസ്' (ജയകേരളം വാരിക, 1953), മലബാര്‍ എലിമെന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്റെ സ്മരണികയ്ക്കുവേണ്ടി എഴുതിയ 'പതഞ്ജലി ശാസ്ത്രി എന്ന സംസ്‌കൃതം പണ്ഡിറ്റ്' (1955), 'വാല്‍നക്ഷത്രം', 'ജീവന്റെ സംഗീതം' (ജയകേരളം, ജനുവരി 12, 1957), 'അരക്ഷിതാവസ്ഥ' (ജയകേരളം, ജൂലായ് 6, 1957) എന്നീ രചനകള്‍കൂടിയായാല്‍ വിജയന്റെ കഥയെഴുത്തിന്റെ പരിശീലനഘട്ടം പൂര്‍ത്തിയായെന്നു പറയാം. 

'ഫാദര്‍ ഗണ്‍സാലെസും' 'വാല്‍നക്ഷത്ര'വും ഒഴികെയുള്ള കഥകള്‍ വിജയന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച 'അരക്ഷിതാവസ്ഥ' (2007) എന്ന സമാഹാരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1957-ല്‍ പ്രസിദ്ധപ്പെടുത്തിയ 'മൂന്നു യുദ്ധങ്ങള്‍' ('ഒരു യുദ്ധത്തിന്റെ ആരംഭം', 'ഒരു യുദ്ധത്തിന്റെ അവസാനം', 'വാല്‍നക്ഷത്രം') എന്ന സമാഹാരത്തോടെ ഒ.വി. വിജയന്‍ മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നു പറയാം. 

വ്യത്യസ്ത ലോകവീക്ഷണങ്ങളും പരസ്പരവിരുദ്ധംപോലുമായ രചനാരീതികളുമായിട്ടാണെങ്കിലും ഭാവുകത്വപരമായ സമാനതകള്‍ പങ്കുവെച്ച് പ്രസ്ഥാനസ്വഭാവമാര്‍ജിച്ച ആധുനികതയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായി പ്രതിഷ്ഠിക്കപ്പെട്ടുവെങ്കിലും വിജയന്റെ അടുത്ത ചെറുകഥാസമാഹാരം പുറത്തുവന്നത് 'ഖസാക്കിന്റെ ഇതിഹാസം' (1969) പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിനുശേഷമാണ്- 1978-ല്‍ പ്രസിദ്ധപ്പെടുത്തിയ 'വിജയന്റെ കഥകള്‍.' അതുകഴിഞ്ഞ് 'ഒരു നീണ്ട രാത്രിയുടെ ഓര്‍മയ്ക്കായി' (1979), 'അശാന്തി' (1985), 'ബാലബോധിനി' (1985), 'കടല്‍ത്തീരത്ത്' (1988), 'കാറ്റു പറഞ്ഞ കഥ' (1989), 'പൂതപ്രബന്ധവും മറ്റു കഥകളും' (1993), 'കുറേ കഥാബീജങ്ങള്‍' (1995) എന്നീ സമാഹാരങ്ങള്‍ മാത്രമേ വിജയന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ആധുനികതാപ്രസ്ഥാനത്തിലെ മറ്റ് എഴുത്തുകാരെ അപേക്ഷിച്ച് എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞ നിര്‍മാണക്ഷമതയാണ് വിജയന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. 

പ്രമേയം, ആഖ്യാനം, ലോകവീക്ഷണം, രാഷ്ട്രീയദര്‍ശനം തുടങ്ങിയവയില്‍ ആധുനിക ചെറുകഥയുടെ പൊതുസ്വഭാവങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വിജയന്റെ കഥകള്‍ മലയാളത്തിലെ ആധുനികത നോവലിലോ ചെറുകഥയിലോപോലും ഒരു ഏകീകൃതധാരയോ പ്രവണതയോ ആയിരുന്നില്ലെന്നു വ്യക്തമാക്കുന്നു.

തീര്‍ത്തും ഏകാന്തമായ ജീവിതം നയിച്ച, എഴുത്തില്‍ മാത്രം ശ്രദ്ധിച്ച വിജയനെത്തേടി നിരവധി അംഗീകാരങ്ങളും എത്തി. കേന്ദ്ര, കേരളസാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍, മുട്ടത്തുവര്‍ക്കി, എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളും അവയില്‍പെടുന്നു. 2005 മാര്‍ച്ച് 30-ന് ഹൈദരാബാദില്‍ വെച്ചായിരുന്നു വിജയന്‍ മരണപ്പെടുന്നത്. കേവലം ഒരു ഓര്‍മ മാത്രമാകുന്നില്ല ഈ എഴുത്തുകാരന്‍, മലയാളിയുടെ വായനസംസ്‌കാരത്തില്‍ എക്കാലത്തും പ്രസക്തമായി തുടരാന്‍ കെല്പുള്ള അപൂര്‍വം ചില എഴുത്തുകാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ നാം ഇനിയും അടയാളപ്പെടുത്തേണ്ടത്. 

വിജയന്റെ കൃതികള്‍ അതിഗൗരവത്തോടെ പുതിയ തലമുറ വായിക്കുകയും പഠനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. വരുംകാലത്തും ഒ.വി. വിജയന്റെ കൃതികളുടെ പ്രസക്തി കൂടുമെന്നത് സംശയങ്ങള്‍ക്ക് ഇടതരാത്ത യാഥാര്‍ഥ്യമാകുന്നു.

 

o v vijayan