ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി... വയലാറിന്റെ ഓര്‍മ്മകള്‍ക്ക് 50 വര്‍ഷം

പലപ്പോഴും സിനിമയ്ക്ക് അപ്പുറമായിരുന്നു വയലാറിന്റെ ഗാനങ്ങള്‍. മലയാളികളുടെ പദാവലിയെ ഇത്രത്തോളം സമ്പന്നമാക്കിയ മറ്റൊരു ഗാനരചയിതാവ് ഉണ്ടാകില്ല

author-image
Biju
New Update
vayalar

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സിനിമാ സംഗീതത്തെ ഉപയോഗിച്ച അതുല്യ പ്രതിഭയായിരുന്നു മലയാളികളുടെ പ്രിയങ്കരനായ വയലാര്‍. പലപ്പോഴും സിനിമയ്ക്ക് അപ്പുറമായിരുന്നു വയലാറിന്റെ ഗാനങ്ങള്‍. മലയാളികളുടെ പദാവലിയെ ഇത്രത്തോളം സമ്പന്നമാക്കിയ മറ്റൊരു ഗാനരചയിതാവ് ഉണ്ടാകില്ല, ഇനിയിട്ട് ഉണ്ടാകത്തുമില്ല. ദൈവങ്ങളേക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കവി.

'കവിതയിലൂടെ വിപ്ലവത്തിന്റെ സഹയാത്രികനായി മാറി, കവിതയില്‍ നിന്ന് ഗാനരചനയിലേക്ക് വഴിതിരിഞ്ഞ് എത്തിപ്പെടുന്ന ആളാണ് വയലാര്‍ രാമവര്‍മയെന്ന്' എഴുത്തുകാരന്‍ ജോണ്‍ പോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി വിടപറഞ്ഞിട്ട് അരനൂറ്റാണ്ടാകുന്നു. വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിന്റെ ചില മനോഹര ഗാനങ്ങളിലൂടെ.

1. ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി...

'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹര തീരത്ത് തരുമോ

ഇനിയൊരു ജന്മം കൂടി.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വ്വ ഗീതമുണ്ടോ

വസുന്ധരേ... വസുന്ധരേ...

കൊതി തീരും വരെ ഇവിടെ പ്രേമിച്ചു

മരിച്ചവരുണ്ടോ'

ഈ മനോഹര തീരത്ത് തരുമോ... ഇനിയൊരു ജന്മം കൂടി... ഒരിക്കലെങ്കിലും ഈ വരികള്‍ പറയാത്ത അല്ലെങ്കില്‍ പാടാത്ത മലയാളികള്‍ ഉണ്ടാകില്ല. കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിനായി വയലാറും ജി ദേവരാജനും ഒന്നിച്ചപ്പോള്‍ പിറന്ന രത്‌നമാണ് ഈ ഗാനം. യേശുദാസ് പാടിയ ഈ ഗാനം ഇന്നും പ്രേക്ഷക മനസില്‍ ഉണര്‍ത്തുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 1975 ല്‍ പുറത്തിറങ്ങിയ കൊട്ടാരം വില്‍ക്കാനുണ്ട് കെ സുകുവിന്റെ സംവിധാനത്തില്‍ ജമീന നിര്‍മിച്ച ഈ ചിത്രത്തില്‍ പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

2. സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...

'സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍

സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന

സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...'

'ക്ഷണ നേരം കൊണ്ടാണ് വയലാര്‍ രാമവര്‍മ ഈ ഗാനം എഴുതിയത്. ക്ഷണ നേരം കൊണ്ട് എന്ന് പറയുമ്പോള്‍ അത്ര ക്ഷണ പ്രാപ്യമായിരുന്നില്ല ആ കാവ്യസാദകം എന്ന് കൂടി നമ്മള്‍ തിരിച്ചറിയണം'.- എന്നാണ് ജോണ്‍ പോള്‍ ഒരിക്കല്‍ ഈ ഗാനത്തെ കുറിച്ച് പറഞ്ഞത്. മറ്റൊരു വയലാര്‍ - ദേവരാജന്‍ - യേശുദാസ് മാജിക് എന്ന് തന്നെ ഈ ഗാനത്തെക്കുറിച്ച് പറയാം. 1968 ല്‍ പുറത്തിറങ്ങിയ യക്ഷി എന്ന ചിത്രത്തിലെ ഗാനമാണിത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പില്‍ ഭാസി തിര്‍ക്കഥയും സംഭാഷണവും എഴുതി നിര്‍മിച്ച ചിത്രമാണിത്. കെ എസ് സേതുമാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സത്യന്‍, ശാരദ, തോപ്പില്‍ ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

3. സന്ധ്യ മയങ്ങും നേരം...

'സന്ധ്യ മയങ്ങും നേരം

ഗ്രാമ ചന്ത പിരിയുന്ന നേരം..

ബന്ധുരേ രാഗബന്ധുരേ..

നീ എന്തിനീ വഴി വന്നു..

എനിയ്‌ക്കെന്തു നല്‍കാന്‍ വന്നു

കാട്ടുതാറാവുകള്‍ ഇണകളെ തിരയും

കായലിനരികിലൂടെ..

കടത്തുതോണികളില്‍ ആളെ കയറ്റും

കല്ലൊതുക്കുകളിലൂടെ..

തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള

പ്രതിഫലമാണോ നിന്റെ നാണം..

നിന്റെ നാണം..'

ഈ പാട്ട് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആ ദൃശ്യങ്ങള്‍ തെളിയും. അത്രത്തോളം സുഖ സുന്ദരമാണ് ഈ ഗാനത്തിന്റെ വരികള്‍. എസ് ബാബു സംവിധാനം ചെയ്ത മയിലാടുംകുന്ന് എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. പ്രേം നസീര്‍, ജയഭാരതി, കെപി ഉമ്മര്‍, അടൂര്‍ ഭാസി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ദേവരാജന്‍ മാസ്റ്ററും വയലാറും ഒന്നിച്ച മറ്റൊരു വിസ്മയം കൂടിയായിരുന്നു ഈ ഗാനം.

4. മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു, മതങ്ങള്‍ ചിരിക്കുന്നു...

'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി

ആയിരമായിരം മാനവഹൃദയങ്ങള്‍

ആയുധപ്പുരകളായി

ദൈവം തെരുവില്‍ മരിക്കുന്നു

ചെകുത്താന്‍ ചിരിക്കുന്നു

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു

മതങ്ങള്‍ ചിരിക്കുന്നു'

കാലം ചെല്ലുന്തോറും ഈ വരികള്‍ക്ക് പ്രസക്തിയേറുമെന്ന് ഒരുപക്ഷേ ഇതെഴുതുമ്പോള്‍ വയലാര്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരിക്കില്ല. കെ ടി മുഹമ്മദിന്റെ രചനയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിനിമ റിലീസ് ചെയ്തത് 1972 ജൂലൈ 21 നായിരുന്നു. എല്ലാ ഈശ്വര സങ്കല്പങ്ങള്‍ക്കും മുകളില്‍ മനുഷ്യനെ പ്രതിഷ്ഠിച്ച കവിയായിരുന്നു അദ്ദേഹം.

5. പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ...

'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ

പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ

ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍

ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ

കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...'

മനുഷ്യരെ മുന്‍ നിര്‍ത്തിയുള്ള കാഴ്ചപ്പാടുകളും അങ്ങേയറ്റം ശാസ്ത്രീയ സത്യങ്ങളും ജനങ്ങളിലെത്തിക്കാനും വയലാറിനല്ലാതെ മറ്റാര്‍ക്ക് കഴിയും. ഇത് കൂടുതല്‍പ്പേരിലേക്കെത്തുന്നതിന് സിനിമാ ഗാനമാണ് നല്ലതെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്നു ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി ഒരിക്കല്‍ പറഞ്ഞു. 1971 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് അനുഭവങ്ങള്‍ പാളിച്ചകള്‍. തകഴിയുടെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രാവിഷ്‌കാരം നല്‍കിയത് കെ എസ് സേതുമാധവന്‍ ആണ്. 


വയലാര്‍ അങ്ങനെയായിരുന്നു, ദൈവത്തിനും മുകളില്‍ മനുഷ്യന് മൂല്യം കല്പിച്ചിരുന്ന മഹാപ്രതിഭ. ?വിടപറഞ്ഞ് അരനൂറ്റാണ്ടിനിപ്പുറവും അതിര്‍വരമ്പുകളെയെല്ലാം ഭേദിച്ച് വയലാര്‍ കാലാതിവര്‍ത്തിയായ ഒരു സര്‍ഗസത്യമായി പിന്നെയും അവശേഷിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഒരു പാട്ടിലെ വരികള്‍ മാറ്റിയ ഒരു ചരിത്രം കൂടിയുണ്ട് മലയാള സിനിയ്ക്ക്. അതെഴുതിയതാകട്ടെ വയലാറും.

ആ വരികള്‍ക്ക് ഈണം നല്‍കിയത് ദേവരാജനും പാടിയത് യേശുദാസുമായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും എന്ന ചിത്രത്തിലേതായിരുന്നു ഈ ?ഗാനം. തീര്‍ന്നില്ല മികച്ച ?ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ?ഗായകനുള്ള ദേശീയ പുരസ്‌കാരവും ഈ പാട്ടിലൂടെ വയലാറിനെയും യേശു?ദാസിനെയും തേടിയെത്തി എന്നത് മറ്റൊരു ചരിത്രം.

'ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി' - ഈ വരിയിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടത്. വയലാര്‍ എഴുതിയത് 'ഇന്ത്യ ഭ്രാന്താലയമായി' എന്നായിരുന്നു. പാട്ട് ഗ്രാമഫോണില്‍ റെക്കോഡ് ചെയ്തപ്പോള്‍ യേശുദാസ് പാടിയതും അങ്ങനെയായിരുന്നു. 'ഇന്ത്യയെ ഭ്രാന്താലയമാക്കിയ' കവി ഭാവനയെ തീരെ ഉള്‍ക്കൊള്ളാന്‍ സെന്‍സര്‍ ബോര്‍ഡിനായില്ല.

ദേശവിരുദ്ധമെന്ന തോന്നലില്‍ നിന്നാവാം ആ വരി മാറ്റിയെഴുതാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഒടുവില്‍ ആ വരി തിരുത്തിയെഴുതാന്‍ സിനിമയുടെ അണിയറക്കാര്‍ തീരുമാനിച്ചു. വരി മാറ്റാതെ തന്നെ ഇന്ത്യ എന്ന വാക്കിന് പകരം ലോകം എന്ന വാക്ക് വയലാര്‍ തിരുത്തിയെഴുതി. അതോടെ, 'ഇന്ത്യ ഭ്രാന്താലയമായി' എന്നതിനു പകരം 'ലോകം ഭ്രാന്താലയമായി' എന്നായി.

ഈണത്തെ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലായിരുന്നു വയലാറിന്റെ തിരുത്തല്‍. മാറ്റിയെഴുതിയ വരി മാത്രം യേശുദാസ് വീണ്ടും പാടി. അത് പഴയ റെക്കോഡിലേക്ക് ചേര്‍ത്ത് സിനിമയില്‍ ഉള്‍പ്പെടുത്തി. ഈ പാട്ട് സിനിമയുടെ ടൈറ്റില്‍ സോങായി. ഒന്ന് ശ്രദ്ധിച്ചു കേട്ടാല്‍ ഇന്ത്യയ്ക്ക് പകരമെത്തിയ ലോകം പാട്ടില്‍ അങ്ങനെ മുഴച്ചു നില്‍ക്കുന്നത് കൃത്യമായി മനസിലാക്കാന്‍ കഴിയും.