/kalakaumudi/media/media_files/2025/03/20/LOskSke0EU4XDCj1vTkw.jpg)
അതീജിവനത്തിന്റെ അവസാന ശ്രമത്തിലാണ് ഇന്ന് ഓരോ കാടും. ശുദ്ധവായു ഇല്ലാതെ ഒരു ജീവിക്കും ഭൂമിയില്‍ ജീവിതം സാധ്യമല്ല. വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ജീവജാലങ്ങളുടെ നിലനില്‍പ്പില്‍ വനങ്ങളുടെ പ്രാധാന്യവുമാണ് ഓരോ വനദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വനം പ്രപഞ്ചജീവിതത്തിന്റെ സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്നാണ് ലോക വനദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സഭ ലോകത്തോട് ആഹ്വാനം ചെയ്യുന്നത്.
വനം വരുംതലമുറയുടെ അവകാശം
വനങ്ങള്‍ ഇന്നത്തേക്കു മാത്രമുള്ളതല്ല. അത് എന്നത്തേക്കും വേണ്ടി നിലനില്‍ക്കേണ്ടതാണ്. 1971ല്‍, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) 16ാമത് സമ്മേളനത്തിലാണ് ആദ്യമായി ലോക വനവത്ക്കരണ ദിനമെന്ന ആശയം ഉത്ഭവിക്കുന്നത്.
ശുദ്ധ വായു, ശുദ്ധ ജലം, കാലാവസ്ഥ നിയന്ത്രണം, വന വിഭവങ്ങള്‍, മഴ തുടങ്ങിയവയെല്ലാം നല്‍കി ഭൂമിയില്‍ മനുഷ്യ ജീവന്റെ നിലനില്‍പിന് സഹായിക്കുന്നവയാണ് വനങ്ങള്‍. അവയെ സംരഷിക്കാന്‍ നാം മുന്നോട്ടു വരണം എന്നായിരുന്നു ആ സമ്മേളനം മൂന്നോട്ട് വച്ചത്. പിന്നീട് 2007ല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫോറസ്ട്രി റിസര്‍ച്ച് ഈ പ്രമേയത്തിലൂന്നി 2012 വരെ ആറ് വനദിനങ്ങള്‍ ആചരിച്ചു. ഒടുവില്‍ 2011ല്‍ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനവര്‍ഷം ആചരിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് 2012 നവംബര്‍ 28ന് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനം മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്.
ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വെ ഓഫ് ഇന്ത്യ രാജ്യത്തെ വനങ്ങളെക്കുറിച്ച് സര്‍വ്വെ നടത്തി എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
ലഭ്യമായ വനമേഖലയുടേയും, വനമേഖലക്കു പുറത്തുള്ള വൃക്ഷങ്ങളുടേയും വനപ്രദേശങ്ങളുടേയും ശാസ്ത്രീയമായ അവലോകനം കാലാനുസൃത മായി നടപ്പിലാക്കുന്നത് ഇന്ത്യ ഉള്‍പ്പെടയുള്ള വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രമേയുള്ളു. 2019ലെ ഫോറസ്റ്റ് സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണക്കെടുപ്പ് പ്രകാരം, വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വര്‍ദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യയാണ്. വനമേഖലകളുടെ സംരക്ഷണത്തില്‍ രാജ്യം ഏറെ മുന്നിലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ രാജ്യത്താകെ 5188 ച.കി.മീ വനമേഖല വര്‍ധിച്ചു. അതേസമയം, വടക്കുകിഴക്കന്‍ മേഖലയിലെ വനവിസ്തൃതി കുറയുന്നത് കൂടുതല്‍ രൂക്ഷമായി. അവിടെ 765 ച.കി.മീ ആണ് ഈ കാലയളവിലെ കുറവ്.
ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പശ്ചിമഘട്ട മലനിരകള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിത വനങ്ങള്‍ മുതല്‍ ഹിമാലയന്‍ പര്‍വ്വതനിരകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടികള്‍ വരെയുള്ള വിവിധ വനമേഖല പ്രദേശങ്ങളാണ് രാജ്യത്തുള്ളത്. ഈ രണ്ടുതരത്തിലുള്ള വനമേഖല പ്രദേശങ്ങള്‍ കൂടാതെ, ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍, ആര്‍ദ്ര നിത്യഹരിത വനങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, ഉപഉഷ്ണമേഖല പ്രദേശങ്ങളിലുള്ള പൈന്‍ മരങ്ങളും നമ്മുടെ രാജ്യത്തുണ്ടുണ്ട്.
ഫോറസ്റ്റ് സര്‍വ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് 2015 പ്രകാരം 794,245 ച.കി.മീ ആണ് രാജ്യത്തെ മൊത്തം വനമേഖല പ്രദേശം, അതായത് മൊത്തം ഭൂപ്രകൃതിയുടെ 24.16 ശതമാനം. ഇതില്‍ 85,904 ച.കി.മീ നിബിഡ വനവും, 315,374 ച.കി.മീ താരതമ്യേന നിബിഡ വനവും, 300,395 ച.കി.മീ തുറന്ന വനപ്രദേശവുമാണ്.
വനങ്ങളും സുസ്ഥിര ഉത്പാദനവും ഉപഭോഗവും
ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് വനദിനം ആചരിക്കപ്പെടുന്നത്. വനങ്ങളും സുസ്ഥിര ഉത്പാദനവും ഉപഭോഗവും എന്നതാണ് 2022ലെ പ്രമേയം. വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും ഒക്കെ ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയത്തിലൂടെ യുഎന്‍ ആവശ്യപ്പെടുന്നത്. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. അതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ വനസംരക്ഷണത്തിനായി നമ്മള്‍ എന്ത് ചെയ്തു എന്ന വിലയിരുത്തലും ഈ ദിനം നടത്താം.
തേന്‍, ചന്ദനം തുടങ്ങിയ വനവിഭവങ്ങള്‍
സംസ്ഥാനത്തെ വനവിഭവങ്ങളുടെ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ചന്ദനമരം, തേന്‍ എന്നീ വനവിഭവങ്ങളാണ്. 2015-16ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2016-17 കാലയളവില്‍ തടിയുടെ ഉല്പാദനം 40,909.75 ക്യൂബിക് മീറ്ററില്‍ നിന്നും 31,134.51 ക്യൂബിക് മീറ്ററായി കുറഞ്ഞിട്ടുണ്ടുണ്ട്. അതുപോലെ, ചന്ദനത്തിന്റെ ഉല്‍പാദനത്തിലും കുറവ് സംഭവിച്ചു. 2015-16 ല്‍ 68,644.6 കി.ഗ്രാം ലഭിച്ചിടത്ത് 2016-17 ല്‍ 52,102.35 കി.ഗ്രാം ആയി കുറയുകയുണ്ടായി. എന്നാല്‍ തേനിന്റെ ഉല്പാദനം 56,176.90 കി.ഗ്രാമില്‍ നിന്നും 60,390.05 കി.ഗ്രാമായി 2016-17 കാലയളവില്‍ വര്‍ദ്ധിച്ചു.
വനവിഭവങ്ങളുടെ ഉല്‍പാദനത്തിലുള്ള കുറവ് വനവിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും പ്രതിഫലിക്കുന്നു. തടിയില്‍ നിന്നുള്ള വരുമാനം മൂന്ന് വര്‍ഷങ്ങളായി കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15 -ല്‍ 269.43 കോടി രൂപയായിരുന്നു തടിയില്‍ നിന്നും ലഭിച്ച വരുമാനം. ഇത് 2015-16 -ല്‍ 240.89 കോടി രൂപയായും, 2016-17ല്‍ 222.27 കോടി രൂപയായും കുറഞ്ഞു. ഇതില്‍ തേന്‍ ആദിവാസി വിഭാഗങ്ങളുടെ ജീവിതോപാധിയാണ്. ഇത്തരം സാഹചര്യത്തില്‍ സ്ഥിരതയാര്‍ന്ന വരുമാനമാണ് വനങ്ങളില്‍ നിന്ന് ലഭ്യമാവേണ്ടതെന്നാണ് ഈ വര്‍ഷത്തെ ദിനാചരണ ആശയം നമ്മളോട് പറയുന്നത്. കാരണം ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കായി, കാനനത്തെ ആശ്രയിക്കുന്ന ജനങ്ങളുടെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തിലും അവ പ്രധാന പങ്ക് വഹിക്കുന്നു.
2019ലെ വനസര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. പുതിയ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചു. 2017 ലെ റിപ്പോര്‍ട്ടുമായുള്ള താരതമ്യത്തിലാണ് ഈ മാറ്റം. കര്‍ണാടക (1025 ച.കി.മീ), ആന്ധ്രപ്രദേശ് (990 ച.കി.മീ.) എന്നീ സംസ്ഥാനങ്ങളാണ് വനവിസ്തൃതി വര്‍ധിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം വനവിസൃതി കൂടിയ ജില്ല പാലക്കാടാണ്. പാലക്കാട് മാത്രം 257 ചതുരശ്ര കിലോമീറ്റര്‍ കൂടി. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും വനമേഖലകള്‍ കൂടി. വയനാട്, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ വനവിസൃതി കുറയുകയും ചെയ്തു.
കേരളത്തില്‍ വൃക്ഷാവരണം കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തോട്ടങ്ങളുടെ വ്യാപനവും വനസംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ വനസമ്പത്ത് വര്‍ധിക്കാന്‍ കാരണമെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി 11,309 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതു മൊത്തം ഭൂവിസ്തൃതിയുടെ 29.10 ശതമാനമാണ്.
കൃഷി രീതികളില്‍ വരുന്ന മാറ്റങ്ങള്‍, മരംവെട്ട്, വികസന പദ്ധതികള്‍ തുടങ്ങിയവ വനവിസ്തൃതി കുറയുന്നതിനു കാരണമാകുന്നു. സംസ്ഥാനത്ത് ആകെയുള്ള വനപ്രദേശമായ 11,309.48 ച.കി.മീ -ല്‍ ഭൂരിഭാഗവും ഉഷ്ണമേഖല നിത്യഹരിത വനങ്ങളാണ് (34.28%), തുടര്‍ന്ന് ആര്‍ദ്ര നിത്യഹരിത വനങ്ങളുമാണ് (31.97). 2017 ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വനാവരണം 1043 ച.കി.മീറ്റര്‍ കൂടിയതായി കണ്ടെത്തി.