കഴിഞ്ഞ 77 വര്‍ഷമായി നടത്തിവന്ന പൊതുജനാരോഗ്യ കാര്യപരിപാടികളുടെ വിജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണിത്

പൊതുജനാരോഗ്യത്തെപ്പറ്റിയും ക്ഷേമത്തെപ്പറ്റിയും അവബോധം വളര്‍ത്തുവാനും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും ലോകം മുഴുവനുമുള്ള ജനങ്ങളെ ഒരുമിച്ചുകൊണ്ടുവരാനും ലോകാരോഗ്യദിനം പ്രയോജനപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനികകാലത്ത് വൈകാരികമായും ശാരീരികമായും സാമ്പത്തികമായും തയ്യാറാവുന്നതിന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

author-image
Biju
New Update
fgdgdfgf

ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ സ്ഥാപക ദിനമായും ഈ ദിനം ആചരിക്കുന്നു. ലോക മലേറിയ ദിനം, ലോക പുകയില വിരുദ്ധദിനം, ലോക ക്ഷയരോഗദിനം, ലോകരോഗപ്രതിരോധ വാരം, ലോക എയ്ഡ്സ് ദിനം, ലോക രക്തദാതാക്കളുടെ ദിനം, ലോക രോഗി ദിനം, ലോക ചകാസ് രോഗ ദിനം, ലോക ആന്റിമൈക്രോബയല്‍ അവബോധവാരം, ലോക ഹെപ്പറ്റൈറ്റിസ് ദിനം എന്നിങ്ങനെ ലോകാരോഗ്യ സംഘടനയുടെ 11 ഔദ്യോഗിക ആരോഗ്യ പ്രചാരണങ്ങളിലൊന്നാണ് ലോകാരോഗ്യദിനം.  കഴിഞ്ഞ 77 വര്‍ഷമായി നടത്തിവന്ന പൊതുജനാരോഗ്യ കാര്യപരിപാടികളുടെ വിജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണിത്. പൊതുജനാരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകളും സര്‍ക്കാരിതര സംഘടനകളും ലോകാരോഗ്യ ദിനം ആചരിക്കുന്നതോടൊപ്പം പലവിധ ആരോഗ്യ കാര്യക്രമങ്ങളിലൂടെ ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.

ഓരോ വര്‍ഷവും ലോകാരോഗ്യദിനത്തില്‍ ആഗോള ആരോഗ്യത്തിനു വലിയ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ലോക രാജ്യങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള അവസരമായി ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞ എഴുപത്തഞ്ചു വര്‍ഷങ്ങളില്‍ മാനസികാരോഗ്യം, പൊതുജനാരോഗ്യം, മാതൃ-ശിശു സംരക്ഷണം, കാലാവസ്ഥാവ്യതിയാനം തുടങ്ങി പല പ്രധാന പ്രമേയങ്ങള്‍ തെരഞ്ഞെടുത്ത് ആഗോളതലത്തില്‍ അവബോധമുണ്ടാക്കാന്‍ ലോകാരോഗ്യ ദിനം പ്രയോജനപ്പെട്ടു.

ലോകാരോഗ്യ ദിനത്തിന്റെ ചരിത്രം

1945, ഡിസംബര്‍ മാസം ബ്രസീലും ചൈനയും ഒരു അന്താരാഷ്ട്ര ആരോഗ്യ സംഘടന രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. 1946 ജൂലായ് മാസം ന്യൂയോര്‍ക്കില്‍ വെച്ച് ഐക്യരാഷ്ട്രസംഘടന ഈ നിര്‍ദ്ദേശം അംഗീകരിച്ചു. 1948 ഏപ്രില്‍ 7ന് 61 രാജ്യങ്ങള്‍ ഈ സംഘടന രൂപീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. 1948 ലാണ് ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ആരോഗ്യ സഭ ചേര്‍ന്നത്. ഒന്നാമത്തെ ലോകാരോഗ്യദിനം 1949 ജൂലായ് 22ന് ആചരിച്ചു. 1950 മുതല്‍ എല്ലാവര്‍ഷവും ലോകാരോഗ്യസംഘടനയുടെ സ്ഥാപകദിനമായ ഏപ്രില്‍ 7ന് ലോകാരോഗ്യദിനമായി ആചരിക്കാന്‍ അസംബ്ലി തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനാചരണത്തോടൊപ്പം പ്രാധാന്യമുള്ള ഒരു ആഗോള ആരോഗ്യ പ്രശ്നത്തെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ലോകാരോഗ്യദിനത്തിനുസാധിച്ചു.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടു പ്രകാരം ചില രാജ്യങ്ങളില്‍ 60% ജനങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നില്ല. വരുമാനം, സമ്പത്ത്, അധികാരം എന്നിവയിലുള്ള അസമത്വം മൂലം ആഗോളതലത്തില്‍ നിരവധി ജനങ്ങള്‍ ദാരിദ്ര്യത്തിലും അസ്ഥിരതയിലും ജീവിക്കുന്നു. മനുഷ്യന്റെ ക്ഷേമവും സമത്വവും പാരിസ്ഥിതിക സുസ്ഥിരതയും ക്ഷേമ സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍, സാമൂഹിക സംരക്ഷണം, ക്ഷേമ ബജറ്റുകള്‍, നിയമപരവും സാമ്പത്തികവുമായ തന്ത്രങ്ങള്‍ എന്നിവ ആവശ്യമാണ്.

ലോകാരോഗ്യദിനത്തിന്റെ പ്രാധാന്യം

പൊതുജനാരോഗ്യത്തെപ്പറ്റിയും ക്ഷേമത്തെപ്പറ്റിയും അവബോധം വളര്‍ത്തുവാനും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും ലോകം മുഴുവനുമുള്ള ജനങ്ങളെ ഒരുമിച്ചുകൊണ്ടുവരാനും ലോകാരോഗ്യദിനം പ്രയോജനപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനികകാലത്ത് വൈകാരികമായും ശാരീരികമായും സാമ്പത്തികമായും തയ്യാറാവുന്നതിന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം സമ്പാദിച്ച് ഇതിന്റെ സന്തുലിതാവസ്ഥ വരുത്തി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സാധിക്കും. ജീവിതശൈലിയിലുള്ള സകാരാത്മകമാറ്റങ്ങളും ലളിതമായ ഭക്ഷണക്രമവും ഉറക്കവും നല്ല പെരുമാറ്റ രീതികളും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രയോജനം ചെയ്യും. മലിനമായ ചുറ്റുപാടുകള്‍, പ്രദൂഷണം, പകര്‍ച്ചവ്യാധികള്‍, ക്യാന്‍സര്‍ (അര്‍ബ്ബുദം), ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ഈ വര്‍ഷത്തെ ലോകാരോഗ്യദിന പ്രമേയം സഹായകമാണ്.

അര്‍ബ്ബുദം, പ്രമേഹം, ഹൃദ്രോഗം, ഹൃദയസ്തംഭനം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ മാരകരോഗങ്ങള്‍ കൊണ്ട് 380 ലക്ഷത്തിലേറെ ജനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ മരണമടയുന്നത്. ഇതു മറ്റെല്ലാ മരണങ്ങളുടെയും 60% ത്തോളം വരും. അര്‍ബ്ബുദം കൊണ്ടുമാത്രം ഓരോ കൊല്ലവും ആറുലക്ഷത്തിലധികം രോഗികള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 13 ദശലക്ഷത്തിലധികം മരണങ്ങള്‍ പാരിസ്ഥിതിക കാരണങ്ങളാല്‍ സംഭവിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ വര്‍ഷവും വളരെ പ്രാധാന്യമുള്ള ഒരു പ്രമേയം തിരഞ്ഞെടുത്ത് ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ലോക രാഷ്ട്രങ്ങളെയും ജനങ്ങളെയും ജാഗരൂകരാക്കാന്‍ ലോകാരോഗ്യദിനത്തില്‍ ശ്രമിക്കുന്നത്.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് സമീകൃതാഹാരം കഴിക്കണമെന്നും ശാരീരികാരോഗ്യത്തിന് ഉറക്കം വളരെ അത്യാവശ്യമാണെന്നും മാനസിക സമ്മര്‍ദ്ദം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വിവിധ ലോകാരോഗ്യദിനങ്ങളില്‍ ലോകജനതയ്ക്ക് അവബോധം നല്‍കാന്‍ ലോകാരോഗ്യ സംഘടന ശ്രമിച്ചിട്ടുണ്ട്. വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ മാനസിക സമ്മര്‍ദ്ദം കുറക്കുവാനും ആരോഗ്യം നിലനിര്‍ത്തുവാനും പ്രധാനമാണെന്ന് അറിയുന്നതിനാല്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ദൈനംദിനജീവിതത്തിന്റെ ഭാഗമായി അത്തരം കാര്യങ്ങള്‍ സ്വീകരിച്ചു തുടങ്ങി.

ആരോഗ്യവും ആരോഗ്യസേവനങ്ങളും ലഭ്യമാവണമെന്നകാര്യം വ്യക്തിയുടെ അവകാശമാണ്. ജനങ്ങളിലെ വര്‍ഗ്ഗ-വംശ, ലിംഗ-ജാതിപരമായ ആരോഗ്യത്തിലെ അസന്തുലിതാവസ്ഥ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതു ലോകാരോഗ്യദിനത്തിന്റെ പ്രമേയങ്ങളില്‍പ്പെടുന്നു.

ചുരുങ്ങിയ വരുമാനവും പരിമിതമായ പാര്‍പ്പിട സൗകര്യങ്ങളും കുറഞ്ഞ വിദ്യാഭ്യാസവുമുള്ള പാവപ്പെട്ടവര്‍ ലോകമെമ്പാടും ധാരാളമുണ്ട്. ശുദ്ധമായ കുടിവെള്ളവും ആവശ്യമായ സമീകൃതാഹാരവും വേണ്ടപ്പെട്ട ആരോഗ്യസേവനങ്ങളും ലഭ്യമാവാതെ ബുദ്ധിമുട്ടുന്ന കോടിക്കണക്കിനാളുകള്‍ ലോകത്തുണ്ട്. ഇവര്‍ക്കിടയില്‍ പലതരം രോഗങ്ങളും അകാലമരണങ്ങളും പലതരം കഷ്ടപ്പാടുകളുമുണ്ട്. സമ്പത്തും അധികാരവും മാത്രമുള്ളവര്‍ക്കുമാത്രമല്ല, പാവപ്പെട്ടവര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭിക്കണമെന്നുദ്ദേശിച്ചാണ് 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന വിഷയം ഈ ലോകാരോഗ്യദിനത്തില്‍ തെരഞ്ഞെടുത്തത്. നീതികരിക്കാനാവാത്ത ആരോഗ്യ അസമത്വങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരു പരിധിവരെ സാധിച്ചെങ്കില്‍ ഈ ലോകാരോഗ്യദിനത്തിന്റെ ഉദ്ദേശ്യം സഫലമാവും. ഉദാഹരണത്തിന് ഇന്ത്യാഗവണ്‍മെന്റിന്റെ 'പ്രധാനമന്ത്രി ജനാരോഗ്യയോജന (പി.എം.-ജെ)യില്‍ 'ആയുഷ്മാന്‍ ഭാരത്' വളരെ പ്രശംസാര്‍ഹമായ പദ്ധതിയാണ്. 2018ല്‍ ഇന്ത്യാഗവണ്‍മെന്റ് 1,50,000 ആരോഗ്യകേന്ദ്രങ്ങള്‍ (എച്ച്.ഡബ്ല്യു.സി.എസ്.) ഇന്ത്യയിലുടനീളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് 'എല്ലാവര്‍ക്കും ആരോഗ്യ' മെന്ന നിലയില്‍ നല്ലൊരു മുതല്‍ക്കൂട്ടാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. ആരോഗ്യത്തിന് അനിവാര്യമായ വ്യായാമം ലഭിക്കാനും ഇത്തരം കേന്ദ്രങ്ങള്‍ സഹായകമാവുമെന്നതിനു സംശയമില്ല.

ഓരോ രാജ്യത്തുമുള്ള ജനങ്ങള്‍ക്ക് ആരോഗ്യകരമായി ജീവിക്കുവാനും തൊഴിലുകള്‍ ചെയ്തു ജീവിക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് അതത് രാജ്യങ്ങളിലെ സര്‍ക്കാരാണ്. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യദിന സന്ദേശം സഫലീകരിക്കുന്നതിന് സര്‍ക്കാരുകള്‍ അവരുടെ ജനങ്ങള്‍ക്കിടയിലെ ആരോഗ്യ സ്ഥിതികളിലെയും ആരോഗ്യസേവനലഭ്യതകളിലെയും അസമത്വങ്ങള്‍ നിരീക്ഷിച്ച് അതിനു പരിഹാരം ഉറപ്പുവരുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

ലോകാരോഗ്യദിനത്തിന്റെ ലക്ഷ്യങ്ങള്‍

ലോകാരോഗ്യസംഘടനയുടെ മുന്‍ഗണനയുള്ള ഒരു പ്രത്യേക ആരോഗ്യ വിഷയത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ ലക്ഷ്യം. ലോകാരോഗ്യദിനത്തിന് നിരവധി വിശാല ലക്ഷ്യങ്ങളും മുന്‍ഗണനകളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് താഴെ കൊടുക്കുന്നു:
* സാര്‍വത്രിക ആരോഗ്യ പരിരക്ഷയെക്കുറിച്ചും പ്രാഥമികാരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക.
* സാര്‍വത്രിക ആരോഗ്യസംരക്ഷണം എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യമാക്കുന്നതിന് വ്യക്തികള്‍, നയതന്ത്രകര്‍ത്താക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക.
* ഓരോരുത്തര്‍ക്കും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും പരിപാലിക്കാന്‍ ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
* ജനകേന്ദ്രീകൃതവും ഗുണമേന്മയുള്ളതുമായ പരിചരണം നല്‍കുന്ന വിദഗ്ദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രാഥമിക ആരോഗ്യ പരിരക്ഷയില്‍ നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരായ നയരൂപീകരണ കര്‍ത്താക്കള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുക.

ലോകാരോഗ്യ സംഘടനയുടെ ആറ് പോയിന്റ് അജണ്ടയിലൂടെ വൈവിധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനം മനസ്സിലാക്കാം

1. വികസനം പ്രോത്സാഹിപ്പിക്കുക. ഈ അജണ്ട വഴി വികസനം പ്രോത്സാഹിപ്പിക്കുവാനും ദാരിദ്ര്യം കുറക്കുവാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
2. ആരോഗ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക. മാരകമായ രോഗങ്ങളുടെ പകര്‍ച്ചയില്‍ നിന്നുള്ള ആരോഗ്യദുരന്തങ്ങള്‍ കുറച്ച് ആരോഗ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക.
3. ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക. ദരിദ്ര രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുക.
4. ആരോഗ്യവിവരങ്ങള്‍, ഗവേഷണം, തെളിവുകള്‍ എന്നിവ ഉപയോഗപ്പെടുത്തുക. പ്രമുഖ ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും ഗവേഷണം വഴിയും തെളിവുകള്‍ കൂട്ടിച്ചേര്‍ത്തും ആധികാരികമായ ആരോഗ്യ വിവരങ്ങള്‍ ലോകജന നന്മയ്ക്കുവേണ്ടി നല്‍കുന്നു.
5. ആരോഗ്യപങ്കാളിത്തം മെച്ചപ്പെടുത്തുക. ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകളുമായി പങ്കുചേര്‍ന്ന് ആരോഗ്യ പരിപാടികള്‍ നടത്തുന്നു. അവരുടെ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആരോഗ്യ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
6. പ്രകടനം മെച്ചപ്പെടുത്തുക. ലോകാരോഗ്യസംഘടന സ്വന്തം പ്രകടനം നിരന്തരം മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ആരോഗ്യപ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി അളക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുന്നു. ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും അളക്കാന്‍ കഴിയുന്ന വ്യക്തമായ ഫലങ്ങളും ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും.

ലോകാരോഗ്യദിന പരിപാടി സംഘാടകര്‍ക്കുള്ള ടൂള്‍കിറ്റ്

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രദേശികതലത്തിലും വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് ലോകാരോഗ്യദിനം വിപുലമായ തോതില്‍ ആഘോഷിക്കാറുണ്ട്. അത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സംഘാടകര്‍ക്കുള്ള ടൂള്‍കിറ്റില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.
* കാര്യപരിപാടികളും പ്രചാരണവും എങ്ങിനെ ആസൂത്രണം ചെയ്യാമെന്നും പ്രവര്‍ത്തിപ്പിക്കാമെന്നുമുള്ള വിവരങ്ങള്‍.
* മാധ്യമങ്ങളുമായി എങ്ങിനെ ഇടപഴകണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ എങ്ങിനെ പ്രോത്സാഹനം നല്‍കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍.
* വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട സന്ദേശങ്ങളും പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.
* സാങ്കേതിക ആശയ വിനിമയ പിന്തുണ കരാറുകളുടെ ഒരു വിഷയവിവരം.