മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയം കളിക്കുന്നു: കെജ്രിവാള്‍

ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിക്കാരുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം അമോണിയ കലര്‍ന്ന വെള്ളം കുടിക്കാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്തു.

author-image
Biju
New Update
rt

Kejriwal

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. യമുനയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്രിവാളിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ആരോപണം. രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നശിപ്പിച്ചെന്നും, വിരമിച്ച ശേഷമുള്ള പദവിയില്‍ കണ്ണുംനട്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിക്കാരുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം അമോണിയ കലര്‍ന്ന വെള്ളം കുടിക്കാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്തു. എഎപി എംപി സഞ്ജയ് സിങ് 7 പിപിഎം വെള്ളമടങ്ങിയ ഓരോ കുപ്പികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വെള്ളത്തില്‍ വിഷമടങ്ങിയിട്ടില്ലെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അവര്‍ എല്ലാവരും ഈ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് താന്‍ നല്‍കിയ മറുപടിയില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഹരിയാന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ കെജ്രിവാളിന് ഒരു അവസരം കൂടി നല്‍കുകയും ചെയ്തിരുന്നു.

രാജീവ് കുമാറിനെ പോലെ മറ്റാരും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനെ മോശമാക്കിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ഡല്‍ഹിയിലെ ഏത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടാമെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഡല്‍ഹി ജനത വിഷജലം കുടിക്കാന്‍ താന്‍ അനുവദിക്കില്ല. തന്നെ അവര്‍ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് തനിക്കറിയാം. പക്ഷേ തനിക്ക് ഭയമില്ലെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ കെജ്രിവാള്‍ പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി ഈ വെള്ളത്തില്‍ നിന്ന് ഒരു തുള്ളിപോലും കുടിക്കില്ല. പക്ഷേ ഡല്‍ഹി ജനത ഈ വിഷ വെള്ളം കുടിക്കണം. കഴിഞ്ഞ ദിവസം താന്‍ ഈ വെള്ളം കുടിക്കാമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നാടകം സ്വയം കുരുക്കായി. അദ്ദേഹം ഒരു കവിള്‍ വെള്ളം കുടിച്ച ശേഷം അത് ദൂരേക്ക് കളഞ്ഞെന്നും കെജ്രിവാള്‍ പറഞ്ഞു.

ഹരിയാനയില്‍ നിന്ന് കിട്ടുന്ന വെള്ളം വിഷം നിറഞ്ഞതും മലിനവുമാണെന്നും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കിയിരുന്നു. ഈ വെള്ളം കുടിക്കാന്‍ ജനങ്ങളെ അനുവദിച്ചാല്‍ ഇത് കനത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കമ്മീഷന് നല്‍കിയ പതിനാല് പേജുള്ള മറുപടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം കെജ്രിവാളിന്റെ മറുപടി വളരെ പരിമിതമാണെന്നും നാളെ രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

 

aravind kejriwal aravind kejriwal news