/kalakaumudi/media/media_files/2025/02/09/mvBT0GSumKx8P6hThbYI.jpg)
Rep. Img.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വെര്‍മ, ദില്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. പര്‍വേഷ് വര്‍മ്മ മാത്രമല്ല പരിഗണനയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.
ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷപരിപാടിയില്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സഖ്യകക്ഷികളുടെ വോട്ട് കൈക്കലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കോണ്‍ഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും അര്‍ബന്‍ നക്‌സലുകളുടെ ഭാഷയാണെന്നും അരാജകത്വവും രാജ്യവിരുദ്ധതയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ദില്ലിയിലെ തെരഞ്ഞെടുപ്പുകളില്‍ പൂജ്യം സീറ്റ് നേടുന്നതില്‍ കോണ്‍ഗ്രസ് ഡബിള്‍ ഹാട്രിക് നേടിയെന്നും പരാജയത്തിന്റെ ഗോള്‍ഡ് മെഡല്‍ അണിഞ്ഞാണ് നേതാക്കള്‍ നടക്കുന്നതെന്നും മോദി പരിഹസിച്ചു.
അതേസമയം, ദില്ലിയിലെ ജനവിധി അംഗീകരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വിനയപൂര്‍വം സ്വീകരിക്കുന്നു. ദില്ലിയുടെ പുരോഗതിക്കും ദില്ലിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമര്‍പ്പണത്തിന് നന്ദിയെന്നും രാഹില്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.