/kalakaumudi/media/media_files/2025/02/09/KHD5ownq8HH5jsJ4FeQ2.jpg)
Rep. Img.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തില്‍ വരുന്നതോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പത്തിന് തുടക്കമായി.
ആംആദ്മി പാര്‍ട്ടിയിലെ ഒന്നാമനും രണ്ടാമനുമായ അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയായുടെയും തോല്‍വിക്ക് കോണ്‍ഗ്രസ് നേരിട്ട് കാരണക്കാരായി എന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ കെജ്രിവാള്‍ വിരുദ്ധ പ്രചരണത്തിലൂടെ മുസ്ലീം-ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍ ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തിരുന്നവരിലേക്കും ബി.ജെ.പിയുടെ മുദ്രവാക്യങ്ങളെത്തി. അഥവാ ബി.ജെ.പിയുടെ പ്രചരണമായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കാര്യമായി ഏറ്റുപിടിച്ചത്. ഇത് ഇന്ത്യ മുന്നണിയില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്
ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോല്‍ക്കുന്നത് 4,089 വോട്ടുകള്‍ക്കാണ്. അവിടെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് ദീക്ഷിത് പിടിച്ചത് 4,568 വോട്ടുകളാണ്.
മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന, വലിയ തോതില്‍ ജനപ്രിയ ആയിരുന്ന ഷീല ദീക്ഷിതിനെ 2013-ല്‍, ആ വര്‍ഷം രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയായ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ തോല്‍പ്പിക്കുന്നത് കാല്‍ലക്ഷം വോട്ടുകള്‍ക്കാണ്. ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏതാണ്ടവസാനമായിരുന്നു അത്. ഷീല ദീക്ഷിതിനെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത നേരിടുന്ന മത്സരത്തില്‍ പുതുമുഖമായ അരവിന്ദ് കെജ്വാള്‍ കയറി വന്ന് വന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
തന്റെ അമ്മയുടെ നാണംകെട്ട പരാജയത്തിന് സന്ദീപ് ദീക്ഷിത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ പ്രതികാരമായും ഈ 4,568 വോട്ടുകളെ കാണാം. കെജ്രിവാളിനെ തോല്‍പ്പിക്കാന്‍ അത് ധാരാളമായി. ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സഹേബ് സിങ്ങ് വര്‍മ്മയുടെ മകന്‍ പര്‍വേശ് വര്‍മ്മ.
ഡല്‍ഹിയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന ഉള്ളി വില പിടിച്ച് നിര്‍ത്താനാവാതെ രാജിവച്ച് സുഷമസ്വരാജിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയെങ്കിലും ഷീല ദീക്ഷിതിന്റേയും കോണ്‍ഗ്രസിന്റേയും പ്രചരണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ബി.ജെ.പിക്ക് ആയില്ല. പിന്നീട് ഈ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ബി.ജെ.പി ജയിക്കുന്നത്. തന്റെ പിതാവിന് കൈവിട്ട ഡല്‍ഹി ഭരണം ബി.ജെ.പി തിരിച്ച് പിടിക്കുമ്പോള്‍ ചിലപ്പോള്‍ പര്‍വേശ് വര്‍മ്മയാകും മുഖ്യമന്ത്രിയെന്ന് ശ്രുതിയുണ്ട്.
ജംഗ്പുരയില്‍ കേവലം 675 വോട്ടുകള്‍ക്കാണ് ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ പരാജയപ്പെട്ടത്. അവിടെ കോണ്‍ഗ്രസിന്റെ ഫര്‍ഹാദ് സൂരി പിടിച്ചത് 7,350 വോട്ടുകള്‍. നിര്‍ണായക മുസ്ലീം വോട്ടുകളുള്ള മുസ്തഫബാദില്‍ ബി.ജെ.പിയുടെ മോഹന്‍സിങ് ബിഷ്ത് ജയിച്ചു.
ആംആദ്മി പാര്‍ട്ടിയുടെ ആദില്‍ അഹ്‌മദ്ഖാന്‍ തോറ്റു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂനപക്ഷ പ്രദേശങ്ങളില്‍ വോട്ടുകള്‍ പിളരുകയോ മുസ്ലീം-ദളിത് പിന്നാക്ക വിഭാഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തത് ബി.ജെ.പിക്ക് ഗുണമായി മാറി.
മാരുതി വാഗ്‌നര്‍ കാറില്‍ വരുന്ന, മഞ്ഞുകാലത്ത് സാധാരണ ഡല്‍ഹിക്കാരെ പോലെ കഴുത്തില്‍ മഫ്‌ളര്‍ ചുറ്റുന്ന, കാലില്‍ സാധാരണ ചെരിപ്പിടുന്ന തങ്ങളില്‍ ഒരാളെന്ന ഭാവമാണ് കെജ്രിവാളിനെ തുണച്ചിരുന്നത്. എന്നാല്‍ കണ്ണാടി മാളികയില്‍ (ശീഷ് മഹല്‍) പാര്‍ക്കുന്ന പ്രഭുവായി ബി.ജെ.പി അദ്ദേഹത്തെ അവതരിപ്പിച്ചതിന് കോണ്‍ഗ്രസ് ചൂട്ട് പിടിച്ചതോടെ ഒരു വിഗ്രഹം വീണുടഞ്ഞു.
അതോടെ ജയിലില്‍ കിടന്നതും ആരോപണം നേരിടുന്നതും ബി.ജെ.പിയുടെ ഗുഢാലോചനയാണ് എന്ന ആംആദ്മി പാര്‍ട്ടിയുടെ വാദത്തിന്റ വിശ്വാസ്യതയ്ക്ക് ഭംഗമുണ്ടായി. മോശം റോഡുകളും ഡല്‍ഹിയിലെ മലിനീകരണവും യമുനയിലെ വെള്ളത്തിലെ മാലിന്യവും കാലാവസ്ഥാ വ്യതിയാനവും എല്ലാം ആംആദ്മിയുടേയും കെജ്രിവാളിന്റേയും കുറ്റമായി മാറി.