/kalakaumudi/media/media_files/2025/02/08/gpNzaN3YUIuSLK7KN5KI.jpg)
Rep. Img.
ന്യൂഡല്‍ഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
മുഖ്യമന്ത്രിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോല്‍ക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുണ്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ബിജെപി 45 സീറ്റിലും എഎപി 25 സീറ്റിലും മുന്നിലാണ്.
ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്.
എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിരുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. 2020-ല്‍ എഎപി 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്.