/kalakaumudi/media/media_files/2025/03/25/prB36DYbzDYL3owbWy6C.jpg)
വിയെന്നെ: ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകര്‍ കാല്‍ലക്ഷം വര്‍ഷം പഴക്കം വരുന്ന 5 മാമ്മത്തുകളുടെ ശേഷിപ്പുകള്‍ ഓസ്ട്രിയയിലെ ലാങ്മാനേഴ്‌സ്‌ഡോര്‍ഫില്‍ കണ്ടെത്തി. ഓസ്ട്രിയയിലെ സെന്റ് പോള്‍ട്ടനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ മേഖല പണ്ട് ആദിമമനുഷ്യരുടെ വേട്ടനിലമായിരുന്നു.
മാമ്മത്തുകളുടെ കൊമ്പുകള്‍, അസ്ഥികള്‍ തുടങ്ങിയവ ഇവിടെ നിന്നു കണ്ടെത്തി. ഈ മേഖലയിലുണ്ടായിരുന്ന ആദിമ മനുഷ്യരുടെ ശിലായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാമ്മത്തുകളെ വേട്ടയാടി കൊമ്പുകളെടുക്കുന്ന പ്രക്രിയ ഇവിടെ നടന്നിരുന്നെന്ന് ഗവേഷകര്‍ സംശയിക്കുന്നു. തീകുണ്ഡങ്ങളൊരുക്കിയിരുന്ന ആദിമ കുഴികളും ഇവിടെ നിന്നു കണ്ടെടുത്തു. വേട്ടസംഘങ്ങള്‍ ഇവിടെ തമ്പടിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.
വമ്പന്‍ ജീവികളായിരുന്നു മാമ്മത്തുകള്‍. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തില്‍ പെട്ടവയുമാണ്. 11,000 വര്‍ഷം മുന്‍പ് അവസാനിച്ച പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു.
എന്നാല്‍ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വന്‍ജീവികളില്‍ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകള്‍ കഥാപാത്രങ്ങളായി.
ഏഷ്യന്‍ ആനകള്‍ക്കും മാമ്മത്തുകള്‍ക്കും ഒരേ മുന്‍ഗാമിയാണ് ഉണ്ടായിരുന്നത്. ആഫ്രിക്കന്‍ ആനകള്‍ ഇക്കൂട്ടത്തില്‍ വരില്ല. ഇടക്കാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയില്‍ നിന്നും ഒരു മാമ്മത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേര്‍തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമ്മത്തുകളുടെ സ്ഥിതി പ്രതിസന്ധിയിലായി.
ഒരു കൂട്ടം വൂളി മാമ്മത്തുകള്‍ സൈബീരിയന്‍ തീരത്തുനിന്ന് അകലെയുള്ള റാംഗല്‍ ദ്വീപില്‍ അകപ്പെട്ടു. മാമ്മത്തുകള്‍ മറ്റെല്ലായിടത്തും വംശനാശം വന്ന് ഒടുങ്ങിയപ്പോഴും ദ്വീപിലുള്ളവ നിലനില്‍ക്കുകയും അവ പെരുകുകയും ചെയ്തു. ആറായിരം വര്‍ഷം ഇവ ഇങ്ങനെ നിലനിന്നു. ഒടുവില്‍ ഇവയ്ക്കും വംശനാശം വന്നു.
ഒരു കുടുംബത്തിലുള്ളവര്‍തന്നെ തമ്മില്‍ ഇണചേര്‍ന്നു സന്തതികളെ ഉല്‍പാദിപ്പിച്ചതുമൂലമുള്ള ഇന്‍ബ്രീഡിങ് നിമിത്തം ഇവയ്ക്ക് ജനിതകപരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നും ഇതാകാം വംശനാശത്തിലേക്ക് നയിച്ചെതെന്നുമായിരുന്നു പൊതുവെയുള്ള ധാരണ.
എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. എന്താണ് ഇവയുടെ വംശനാശത്തിനു വഴിവച്ചതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പഠനത്തിനായിട്ടില്ല. ഒന്നുകില്‍ ഏതോ വൈറസ് ബാധയോ അല്ലെങ്കില്‍ അഗ്‌നിപര്‍വത വിസ്‌ഫോടനം പോലെ ഏതോ പ്രകൃതിദുരന്തമോ ആകാം ഭൂമിയിലുണ്ടായിരുന്ന ഈ അവസാന മാമ്മത്ത് സംഘത്തിന് വംശനാശം സംഭവിക്കാനിടയാക്കിയത്.