മാരക വൈറസ് വ്യാപനം; കൊളറാഡോയില്‍ മുഖത്ത് മുള്ളുകളുള്ള മുയലുകള്‍

സാധാരണയായി ഇത്തരം മുയലുകളെ ഈ മേഖലകളില്‍ കാണാറില്ല. ജനതക മാറ്റമോ, പാപ്പിലോമ വൈറസിന്റെ സ്വാധീനമോ കാരണമായികരിക്കാം ഇത്തരം മാറ്റങ്ങളെന്ന് കൊളറാഡോ പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ്ലൈഫ് വക്താവ് പറയുന്നു

author-image
Biju
New Update
muyal 2

വാഷിങ്ടണ്‍: ഭൗമപ്രതിഭാസങ്ങളുടെ മാറ്റങ്ങളിലേക്ക് മറ്റൊരു സൂചന കൂടി നല്‍കി കൊറാഡോയില്‍ മുഖത്ത് കറുത്ത മുള്ളുകളുള്ള മുയലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൊളറാഡോയിലെ ഫോര്‍ട്ട് കോളിന്‍സിലാണ് മുഖത്തും വായിലും കറുത്ത മുള്ളുകളുള്ള മുയലുകളെ പ്രദേശവാസികള്‍ കണ്ടെത്തിയതായി  പറയുന്നത്.  

സാധാരണയായി ഇത്തരം മുയലുകളെ ഈ മേഖലകളില്‍ കാണാറില്ല. ജനതക മാറ്റമോ, പാപ്പിലോമ വൈറസിന്റെ സ്വാധീനമോ കാരണമായികരിക്കാം ഇത്തരം മാറ്റങ്ങളെന്ന് കൊളറാഡോ പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ്ലൈഫ് വക്താവ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലയാരുന്നു ഇത്തരം മുയലുകളുടെ ചിത്രം പ്രചരിക്കുവാന്‍ തുടങ്ങിയത്. അതോടെ പ്രദേശത്ത് പരിശോധന തുടങ്ങിയെന്നും വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായാണ് അവര്‍ പറയുന്നത്. ഒരു ഡസനോളം മുയലുകള്‍ക്ക് വൈറസ് ബാധിച്ചതായി സംശയിക്കുന്നതായും അതല്ലെങ്കില്‍ ഒരു മുയലിന്റെ ചിത്രം മാത്രമാണോ പ്രചരിക്കുന്നത് എന്നതില്‍ വ്യക്തതയില്ലെന്നുമാണ് പറയുന്നത്. 

വൈറസ് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുമെന്നതിനെക്കുറിച്ചുള്ള വ്യക്തത വന്നിട്ടില്ല. എങ്കിലും ഇത്തരം മുയലുകള ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റുമൃഗങ്ങളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു.

ലോകത്ത് മുയുലുകളില്‍ പല വിധ രോഗങ്ങളും കണ്ടുവരാറുണ്ട്. ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന മൂന്നു രോഗങ്ങളാണ് കോക്‌സീഡിയോസിസും പാസ്ചറിലോസിസും (കുരലടപ്പന്‍)  മണ്ഡരിബാധയും. പ്രധാനമായും മുയലുകളുടെ കരളുകളെ ബാധിക്കുന്ന കോക്‌സീഡിയ രോഗത്തിന് കാരണമാകുന്നത് പ്രോട്ടോസോവ അണുക്കളാണെങ്കില്‍ ബാക്റ്റീരിയകളാണ് ശ്വാസകോശത്തെ ബാധിക്കുന്ന കുരലടപ്പന് കാരണം. മുയലുകളുടെ മേനിയെ കാര്‍ന്നുതിന്ന് പടരുന്ന മേഞ്ച് എന്ന അണുക്കളാണ് മണ്ഡരിബാധയ്ക്ക് കാരണമാവുന്നത്.

മുയലുകളുടെ കരള്‍ കാര്‍ന്നുതീര്‍ക്കും കോക്‌സീഡിയ

കോക്‌സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം പ്രോട്ടോസോവല്‍ അണുക്കളാണ് രോഗമുണ്ടാക്കുന്നത്. വൃത്തിഹീനമായ കൂടും ഉയര്‍ന്ന ഈര്‍പ്പമുള്ള കാലാവസ്ഥയും മുയല്‍ കുഞ്ഞുങ്ങളെ കൂട്ടില്‍ തിങ്ങി പാര്‍പ്പിക്കുന്നതും രോഗസാധ്യത കൂട്ടും. ആറു മുതല്‍ എട്ടാഴ്ച വരെ പ്രായമെത്തിയ മുയല്‍ക്കുഞ്ഞുങ്ങള്‍ തള്ളയില്‍നിന്ന് വേര്‍വിരിക്കല്‍ കഴിഞ്ഞാല്‍ ഉടന്‍ ചത്തുപോകുന്നതിന്റെ പ്രധാന കാരണം കോക്‌സീഡിയയാണ്. പോഷകാഹാരത്തിന്റെ കുറവ് , മുയലുകളെ പാര്‍പ്പിച്ച കൂടിനുള്ളിലെ സ്ഥലദൗര്‍ലഭ്യം, മുയലുകളെ തിങ്ങിപാര്‍പ്പിക്കല്‍, മതിയായ വായുസഞ്ചാരത്തിന്റെ കുറവ്, അധിക ഈര്‍പ്പം, തണുപ്പ്, കൂടെയുള്ള മുയലുകളില്‍ നിന്നുള്ള ഉപദ്രവം തുടങ്ങിയവയെല്ലാം മുയലുകളെ ശരീരസമ്മര്‍ദ്ദത്തിലാക്കും. ഇതെല്ലാം കോക്‌സീഡിയ രോഗസാധ്യത കൂട്ടും. മുയലുകളുടെ ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്സീഡിയ രോഗാണുക്കള്‍ കുടല്‍ഭിത്തിയില്‍ മുറിവുകളുണ്ടാക്കുകയും കരളില്‍ ചെറുമുഴകളുണ്ടാക്കി കരളിന്റെ പ്രവര്‍ത്തനം നശിപ്പിക്കുകയും ചെയ്യും. വയറിളക്കമാണ് പ്രധാന ലക്ഷണം.

ശ്വാസകോശത്തെ ശുഷ്‌കമാക്കും കുരലടപ്പന്‍

പാസ്ചുറല്ല മള്‍ട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പന്‍/പാസ്ചറിലോസിസ് രോഗമുണ്ടാക്കുന്നത്. സ്നഫിള്‍സ് എന്നും ഈ രോഗം അറിയപ്പെടുന്നു. മുയലുകളുടെ ശ്വസനനാളത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല ബാക്ടീരിയ ശരീരസമ്മര്‍ദ്ദം ഉണ്ടാവുന്ന അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിനു കാരണമാവുന്നത്. ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കള്‍ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കള്‍ രക്തത്തില്‍ പടരുകയും മറ്റു ശരീരാവയങ്ങളിലെല്ലാം എത്തുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. തുമ്മല്‍, തല ഇടയ്ക്കിടെ ഇരുവശങ്ങളിലേക്കും കുടയല്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പുമാണ് പ്രധാന ലക്ഷണം. പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവും മുന്‍പേ മുയല്‍ കുഞ്ഞുങ്ങള്‍ ചത്തുവീഴും.

മൃദുമേനിയെ തിന്നുപടരും മണ്ഡരിബാധ

മൈറ്റുകള്‍ അഥവാ മണ്ഡരികള്‍ എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ് ഈ ത്വക്ക് രോഗത്തിന്റെ കാരണം. സോറോപ്റ്റസ്, സാര്‍ക്കോപ്റ്റസ് തുടങ്ങിയ വിവിധയിനത്തില്‍പ്പെട്ട ബാഹ്യപരാദങ്ങള്‍ മുയലുകളില്‍ മേഞ്ച് രോഗത്തിന് കാരണമാകാറുണ്ട്. സോറോപ്റ്റസ് കുണിക്കുലി എന്നറിയപ്പെടുന്ന പരാദങ്ങളാണ് ചെവിപ്പുറത്തെ മേഞ്ച് ബാധയുടെ പ്രധാന കാരണം. ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നുകയും ആഴ്ന്ന് വളരുകയും ചെയ്യും. ഈ പരാദങ്ങളെ നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല. മുയലുകളുടെ ചര്‍മ്മം തിന്ന് വളരുന്ന മണ്ഡരികള്‍ ക്രമേണ ചര്‍മ്മപാളികളില്‍  തന്നെ മുട്ടയിട്ട് പെരുകും. മുട്ടകള്‍ വിരിഞ്ഞ്  മണ്ഡരിക്കുഞ്ഞുങ്ങള്‍  ഇറങ്ങുന്നതോടെ രോഗം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. 

സമ്പര്‍ക്കം വഴി മറ്റു മുയലുകളിലേക്ക് പകരാനും കാരണമാകും. മുയലുകളുടെ രോമം കൊഴിയല്‍, ചൊറിച്ചില്‍ കാരണം ശരീരം കൂടിന്റെ കമ്പികളില്‍ ചേര്‍ത്തുരക്കല്‍, മേനിയില്‍ സ്വയം കടിക്കല്‍, ത്വക്കില്‍ വരണ്ട വ്രണങ്ങള്‍, ക്രമേണ വ്രണങ്ങള്‍ അര സെന്റിമീറ്റര്‍ വലുപ്പത്തില്‍ പൊറ്റകെട്ടല്‍, ചര്‍മ്മം പരുപരുക്കല്‍, വെളുത്ത് പരുത്ത ശല്‍ക്കങ്ങള്‍ പൊടിയല്‍ എന്നിവയെല്ലാമാണ് മണ്ഡരി രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെവികളിലെ രോഗബാധയില്‍ തലയിടക്കിടെ വെട്ടിച്ചുകൊണ്ടിരിക്കല്‍,തലതിരിച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രോഗം ചെവിക്കുള്ളിലേക്ക് വ്യാപിക്കാനും സാധ്യത ഏറെയാണ്. മണ്ഡരി രോഗം കാരണം ഉണ്ടാകുന്ന വ്രണങ്ങളില്‍ കൂട്ടില്‍ മതിയായ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ബാക്റ്റീരിയ, ഫങ്കസ് ബാധകള്‍ക്കും സാധ്യത ഏറെയാണ്. രൂക്ഷമായി ബാധിക്കുന്ന മുയലുകളില്‍ മരണം സംഭവിക്കും. രോഗലക്ഷണങ്ങളിലൂടെയും, രോഗം ബാധിച്ച ചര്‍മ്മഭാഗം മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചും എളുപ്പത്തില്‍  മണ്ഡരി രോഗം നിര്‍ണ്ണയിക്കാം.

പ്രതിരോധിരോധം

കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. മുയല്‍ ഷെഡ്ഡിന്റെ വാതിലിനു പുറത്ത് ഫൂട്ട് ഡിപ്പിങ് ടാങ്ക് പണികഴിപ്പിക്കുകയും പൊട്ടാസ്യം പെര്‍മാംഗനേറ്റ് പോലുള്ള അണുനാശിനികള്‍ നിറയ്ക്കുകയും അതില്‍ ചവിട്ടി മാത്രം അകത്തേക്ക് പ്രവേശിക്കുകയും വേണം. രോഗം ബാധിച്ച  മുയലുകളെ കൂട്ടത്തില്‍നിന്ന് മാറ്റി വേണം പരിചരിക്കാന്‍. പുതിയ മുയലുകളെ കൊണ്ടുവരുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ച പ്രത്യേകം മാറ്റി പാര്‍പ്പിച്ച്  രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം കൂട്ടത്തില്‍ ചേര്‍ക്കാന്‍. ഈ കാലയളവില്‍ അവയെ ബ്രീഡിങ്ങിന് ഉപയോഗിക്കരുത്. വലിയ മുയലുകളെയും മുയല്‍ കുഞ്ഞുങ്ങളെയും ഒരുമിച്ച് ഒരു കൂട്ടില്‍ പാര്‍പ്പിക്കുന്നത് ഒഴിവാക്കണം.

മതിയായ വായുസഞ്ചാരം എപ്പോഴും ഉറപ്പാക്കണം. മുയല്‍ കുഞ്ഞുങ്ങളെ കൂട്ടില്‍ തിങ്ങി പാര്‍പ്പിക്കുന്നത് ഒഴിവാക്കണം. കൂട് എപ്പോഴും വൃത്തിയോട് കൂടിയും തറ ഉണക്കമുള്ളതാക്കിയും സൂക്ഷിക്കണം. കൂടുകള്‍ വയര്‍ മെഷ് കൊണ്ടാവുന്നതാണ് ഏറ്റവും നല്ലത്. വയര്‍ മെഷിലൂടെ മാലിന്യം താഴേക്കു വീഴുന്നതിനാല്‍ കൂടുകള്‍ വൃത്തിയുള്ളതായിരിക്കും. വൃത്തിയുള്ള തീറ്റ പാത്രങ്ങളില്‍ വേണം തീറ്റ നല്‍കാന്‍, ബാക്കി വരുന്ന തീറ്റ അവശിഷ്ടങ്ങള്‍ യഥാസമയം കൂട്ടില്‍ നിന്നും നീക്കുകയും വേണം. കാഷ്ഠവും മൂത്രവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളില്‍ കൂട്ടില്‍നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം മുയല്‍ ഷെഡില്‍ മുയലുകളുടെ മൂത്രവും കാഷ്ഠവും കെട്ടികിടന്ന് നനഞ്ഞാല്‍  അതില്‍ നിന്നും അമോണിയ വാതകം പുറന്തള്ളുന്നതിന് ഇടയാക്കും ഷെഡിനുള്ളില്‍ തങ്ങി നില്‍ക്കുന്ന അമോണിയ വാതകം മുയലുകള്‍ക്ക് കുരലടപ്പന്‍ അടക്കം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ക്ക് ഇടയാക്കും.

വീനിങ് ചെയ്യുന്നതിനോടൊപ്പം മുയല്‍ കുഞ്ഞുങ്ങള്‍ക്ക് കോക്സീഡിയ, കുരലടപ്പന്‍ രോഗാണുക്കളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കോക്‌സീഡിയസ്റ്റാറ്റുകളും കോകസീഡിയസിഡലുകളുമുള്‍പ്പടെ വീര്യം കൂടിയ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നത് പല കര്‍ഷകരുടെയും രീതിയാണ്. ഇത് ശരിയായ ഒരു പ്രവണതയല്ല. അനാവശ്യമായി മുയലുകളുടെ ദഹനവ്യൂഹത്തില്‍ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ സീക്കം എന്ന വന്‍കുടല്‍ അറയിലെ മിത്രാണുക്കളായ ബാക്ടീരിയകളുടെ സാന്ദ്രത കുറയുന്നതിനും അവ നശിച്ച് പോകുന്നതിനും ഇടയാക്കും. ഇതോടെ ദഹനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. മിത്രാണുക്കള്‍ നശിക്കുന്നതോടെ ഉപദ്രവകാരികളായ അണുക്കള്‍ പെരുകും. മുയല്‍കുഞ്ഞുങ്ങള്‍ കൂടുതല്‍ ശരീര സമ്മര്‍ദ്ദത്തില്‍ ആവും. വീനിങ് ചെയ്യുന്നതിനൊപ്പം ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. ആന്റിബയോട്ടിക് നല്‍കുന്നതിനു പകരം മിത്രാണുമിശ്രിതമായ ഫീഡ് അപ്പ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക്ക് സപ്ലിമെന്റുകള്‍ മുയലുകള്‍ക്ക് നല്‍കാവുന്നതാണ്.

കുഞ്ഞുങ്ങളില്‍ വയറിളക്കം ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കാഷ്ഠ പരിശോധന നടത്തി രോഗം നിര്‍ണയിക്കുകയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയും വേണം. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ മുയലുകള്‍ പെട്ടന്ന് ചത്തുപോവുന്ന സാഹചര്യങ്ങളില്‍ നിസ്സാരമായി അവഗണിക്കാതെ ഡോക്ടറുമായി ബന്ധപ്പെട്ട് ജഡപരിശോധന തീര്‍ച്ചയായും നടത്തണം. രോഗം ബാധിച്ചവയെ മറ്റുമുള്ളവയില്‍നിന്ന് മാറ്റി പാര്‍പ്പിക്കണം. കോക്‌സീഡിയ രോഗം ആണെന്ന് കണ്ടെത്തിയാല്‍ ബി. കോപ്ലക്‌സ് ജീവകങ്ങള്‍ അടങ്ങിയ സപ്ലിമെന്റുകള്‍ മുയലുകള്‍ക്ക് നല്‍കരുത്. കുടലില്‍ പെരുകുന്ന കോക്‌സീഡിയ എന്ന പ്രോട്ടോസോവല്‍ രോഗാണുവിന്റെ വളര്‍ച്ചയെയും പെരുക്കത്തെയും ബി . കോംപ്ലക്‌സ് ജീവകങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും. ഒപ്പം ആന്റിബയോട്ടിക് നല്‍കുമ്പോള്‍ ഒരു പ്രോബയോട്ടിക് കൂടി നിര്‍ബന്ധമായും നല്‍കുക. ആന്റിബയോട്ടിക് കൊടുക്കുമ്പോള്‍ വന്‍കുടലിലെ ദഹനത്തെ സഹായിക്കുന്ന മിത്രാണുക്കള്‍ നശിച്ചുപോയാല്‍ മുയല്‍ കൂടുതല്‍ തളരും. ഇതൊഴിവാക്കാനാണ് പ്രോബയോട്ടിക്കുകള്‍ നല്‍കുന്നത്.

ഐവര്‍മെക്ടിന്‍ എന്ന പരാദനാശിനി മരുന്നാണ് മണ്ഡരികള്‍ക്കെതിരെ ഏറ്റവും ഫലപ്രദം. തൊലിക്കടിയില്‍ കുത്തിവെയ്പായി നല്‍കുന്ന ഐവര്‍മെക്ടിന്‍ മുയലുകളുടെ ശരീരതൂക്കം നിര്‍ണയിച്ച് കൃത്യമായ അളവില്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനം തേടാം. ആഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ നാലാഴ്ച വരെ കുത്തിവയ്പ്പ് നല്‍കുന്നതോടെ രോഗം ഭേദമാകും. രൂക്ഷമായ രോഗബാധയില്‍ ഐവര്‍മെക്ടിന്‍ ഗുളികകളും നല്‍കാം. 5% പോവിഡോണ്‍ അയഡിന്‍, യെല്ലോ സള്‍ഫര്‍  അടങ്ങിയ ലേപനങ്ങള്‍ ത്വക്കില്‍ പുരട്ടുന്നതും ഫലപ്രദമാണ്. രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് ബെന്‍സൈല്‍ ബെന്‍സോയേറ്റ്  അടങ്ങിയ ലേപനം പുരട്ടുന്നത്  മണ്ഡരികളെ  നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. അസ്‌കാബിയോള്‍, ഡെര്‍മിന്‍ തുടങ്ങിയ ബ്രാന്‍ഡ് പേരുകളില്‍ ഇത് വിപണിയില്‍  ലഭ്യമാണ്. 10 മില്ലി വീതം വെളുത്തുള്ളി നീര് 90 മില്ലി വെളിച്ചെണ്ണയില്‍ ചേര്‍ന്ന മിശ്രിതം ഒരാഴ്ച രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് പുരട്ടാവുന്നതാണ്. വെളുത്തുള്ളി നീരിന് മണ്ഡരികളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.

Colorado Rabbits