ജമ്മു കശ്മീരിൽ കനത്ത മഴ: മഴക്കെടുതിയിൽ 33 മരണം, 22 ട്രെയിനുകൾ റദ്ദാക്കി; പലയിടത്തും വെള്ളക്കെട്ട്.

ജമ്മു കശ്മീരിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ 33 പേർക്ക് ജീവൻ നഷ്ടമായി.

author-image
Devina
New Update
jammu

ജമ്മു: ജമ്മു കശ്മീരിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ 33 പേർക്ക് ജീവൻ നഷ്ടമായി. നദികൾ കരകവിഞ്ഞ് ഒഴുകുന്നതും പലയിടത്തും വെള്ളം കയറിയതും ഭീഷണിയാണ്.  മഴയെത്തുടർന്നുണ്ടായ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും പാലം തകർന്നു.

തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് ജമ്മു മേഖലയിൽ അനുഭവപ്പെടുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്യുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകർന്നു. പല വീടുകളും വെള്ളത്തിനടിയിലായി. നിരവധിപേർ മാറിത്താമസിച്ചു. ട്രെയിൻ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളിൽ നിർത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കി.

കിഷ്ത്വാർ, ദോഡ, രജൗരി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വീടുകളും കാലിത്തൊഴുത്തുകളും തകർന്നിട്ടുണ്ട്. കിഷ്ത്വാറിലെ പദ്ദർ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, റാംനഗർ-ഉധംപൂർ, ജംഗൽവാർ-തത്ത്രി റോഡുകൾ ഉരുൾപൊട്ടൽട്ടൽ  മൂലം തടസ്സപ്പെട്ടു. രവി നദിയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി.

ചെനാബ് നദിയിലും ജലനിരപ്പ് ഉയർന്നു. സാംബയിലെ ബസന്തർ നദിയും കവിഞ്ഞനിലയിലാണ്.റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഉരുൾപൊട്ടലിൽ ഒൻപതു പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിരവധിപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ആശങ്ക. കട്രയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള അധക്‌വാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയത്തിനു സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു.  

jammu kashmir