/kalakaumudi/media/media_files/2025/01/30/ixLO9sxVKeM9QvxR2Zj9.jpg)
Tvm Airport
തിരുവനന്തപുരം: കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് സമുദ്രനിരപ്പ് ഉയരുന്നതായി പഠനം.
ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററും കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 2100 ഓടെ തിരുവനന്തപുരത്തിന്റെ തീരപ്രദേശം കടലെടുക്കുമെന്ന് കണ്ടെത്തിയത്. 10 മില്ലീമീറ്റര്‍ വരെ ഉയരത്തില്‍ കടല്‍ കയറിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക സാദ്ധ്യതയും എടുത്തുപറയുന്നുണ്ട്. 1.8 ചതുരശ്രകിലോമീറ്റര്‍ വരെ വെള്ളപ്പൊക്ക സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്.
പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയ്ക്കുള്ള പ്രദേശത്ത് 14 വര്‍ഷത്തിനിടെ 647 ഏക്കര്‍ ഭൂമി കടലെടുത്തതായാണു പഠനം കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. വേളി, ശംഖുമുഖം മേഖലയിലും കഠിനംകുളം പ്രദേശത്തുമാണു കൂടുതല്‍ കടലാക്രമണം നടക്കുന്നതെന്നു കേരള സര്‍വകലാശാലാ ജിയോളജി വിഭാഗം തലവന്‍ ഡോ.ഇ. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മുന്‍പു വര്‍ഷം ശരാശരി ഒരു മീറ്റര്‍ തീരം കടലെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5 മീറ്റര്‍ വരെയാണു നഷ്ടം.
അറബിക്കടല്‍ കൂടുതലായി ചൂടാകുന്നതാണു പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമെന്നു പഠനം പറയുന്നു. സമുദ്രനിരപ്പ് പ്രതിവര്‍ഷം 8 മില്ലിമീറ്റര്‍ വരെ ഉയരുന്നു. കേരളത്തിന്റെ തെക്കുഭാഗത്തേക്കു വരുമ്പോള്‍ തിരമാലയുടെ ഉയരവും ഊര്‍ജവും ക്രമാതീതമായി വര്‍ധിക്കുന്നു. കടലെടുക്കുന്ന എക്കല്‍ തിരിച്ചെത്തുന്നില്ല. ഈ രീതിയില്‍ തീരശോഷണം സംഭവിച്ചാല്‍ ഏതാനും വര്‍ഷത്തിനകം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെയും ബാധിക്കുമെന്നു പഠനത്തില്‍ പറയുന്നു. ശംഖുമുഖം തീരത്ത് ഇപ്പോള്‍ റോഡിന്റെ സംരക്ഷണഭിത്തിയില്‍ വന്നിടിക്കുകയാണു തിര. 500 മീറ്ററോളം നീളത്തിലുണ്ടായിരുന്ന ബീച്ച് ഇപ്പോള്‍ ഇല്ല.
1991 മുതല്‍ 2020 വരെയുള്ള കാലമെടുത്താല്‍ പൊന്നാനിയില്‍ പല പ്രദേശങ്ങളിലും പ്രതിവര്‍ഷം 1.27 മീറ്റര്‍ മുതല്‍ 4.98 മീറ്റര്‍ വരെ തീരശോഷണം സംഭവിച്ചിട്ടുണ്ട്. പൊന്നാനി എംഇഎസ് കോളജിലെ ജിയോളജി വിഭാഗം അസി. പ്രഫസര്‍ പി.കെ. അബ്ദുല്‍ നാഫിഹിന്റെ നേതൃത്വത്തിലുള്ള പഠനത്തിന് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 300 മീറ്റര്‍ വരെ കടല്‍ കയറിയ സ്ഥലങ്ങളുണ്ടെന്നു കണ്ടെത്തി. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കടലിന്റെ കയ്യേറ്റം കൂടുതല്‍. പൊന്നാനി താലൂക്കില്‍ 12 കിലോമീറ്റര്‍ തീരദേശമുണ്ടെങ്കിലും ഒന്നരക്കിലോമീറ്ററിലേ കടല്‍ഭിത്തിയുള്ളൂ.
കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി മുതല്‍ രാമന്തളി വരെ 82 കിലോമീറ്റര്‍ തീരത്ത് ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണി നേരിടുന്നവയാണ്. തലശ്ശേരി നഗരസഭയില്‍ കാര്യമായി തീരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, പരിശോധന നടന്നിട്ടില്ല. അനധികൃത മണല്‍ വാരല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇവിടെ മത്സ്യത്തൊഴിലാളികള്‍ നിരത്തുന്നത്.
കണ്ണൂരിലെ ഏഴര തീരത്ത് 10 വര്‍ഷത്തിനിടെ 5 മീറ്ററോളം കരയാണു കടലെടുത്തത്. മാടായിയിലെ ഫിഷ് ലാന്‍ഡിങ് സെന്ററിനടുത്ത് 30 മീറ്റര്‍ നഷ്ടപ്പെട്ടു. പയ്യന്നൂര്‍ എട്ടിക്കുളം ബീച്ചില്‍നിന്ന് 300 മീറ്റര്‍ നീളത്തിലും 6 മീറ്റര്‍ വീതിയിലും കര നഷ്ടപ്പെട്ടുകഴിഞ്ഞു. കടല്‍ഭിത്തിവരെ തുരന്നുള്ള കടലേറ്റമാണു കാസര്‍കോട് ബേക്കല്‍കോട്ട മുതല്‍ കോടി കടപ്പുറം വരെയുള്ള മൂന്നു കിലോമീറ്ററില്‍ ഇത്തവണയുണ്ടായത്.
കോഴിക്കോട് ജില്ലയില്‍ കാപ്പാട് മുതല്‍ കൊയിലാണ്ടി കൊല്ലം വരെയുള്ള മേഖലയിലാണ് തീരശോഷണം ഏറ്റവും രൂക്ഷം. കൊയിലാണ്ടി തുറമുഖം വന്നതിനു ശേഷമാണ് ഈ മേഖലയില്‍ തീരശോഷണം വര്‍ധിച്ചതെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതു ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും സമ്മതിക്കുന്നുണ്ട്. അതേസമയം, തുറമുഖത്തിനു വടക്കുഭാഗത്ത് കൊയിലാണ്ടി മുതല്‍ കൊല്ലം വരെയുള്ള പ്രദേശത്തെ തീരശോഷണത്തിനു തുറമുഖവുമായി ബന്ധമില്ലെന്നാണ് ഇവരുടെ വാദം.
ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയിലെ കടല്‍ത്തീരം നാലു ഘട്ടമായാണു നഷ്ടമായത്. വല്ലാര്‍പാടത്ത് 500 ഏക്കറോളം സ്ഥലം നികത്തുന്നതിനു ബണ്ട് കെട്ടിയതോടെ വേമ്പനാട്ടു കായലില്‍നിന്നുള്ള വെള്ളത്തിന്റെ ദിശ മാറി. ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്തോടു ചേര്‍ന്നുള്ള കടപ്പുറം ഇല്ലാതായി. ഇത് ആലപ്പുഴ വരെ ബാധിച്ചു.
എല്‍പിജി ടെര്‍മിനലിനുവേണ്ടി വൈപ്പിനില്‍ സ്ഥലം നികത്തിയപ്പോഴും എല്‍എന്‍ജി ടെര്‍മിനലിനുവേണ്ടി വാര്‍ഫ് കെട്ടിയപ്പോഴും ഫോര്‍ട്ട് കൊച്ചിയുടെ തീരത്തെ ബാധിച്ചു.
അഴിമുഖത്തോടു ചേര്‍ന്നുള്ള ബീച്ചിന് 25 വര്‍ഷം മുന്‍പ് 500 മീറ്ററിലേറെ വീതിയുണ്ടായിരുന്നു. എന്നാല്‍, ഇന്നു കരിങ്കല്‍ നടപ്പാതവരെ കടല്‍ എത്തി നില്‍ക്കുന്നു. 250 300 മീറ്റര്‍ അകലെ കടപ്പുറത്ത് അന്നു സ്ഥാപിച്ച കൂറ്റന്‍ ടവറുകള്‍ കടലെടുത്തു. കാര്‍ണിവലിനോടനുബന്ധിച്ചു നടത്തിയിരുന്ന ബൈക്ക് റേസ്, കടപ്പുറം നശിച്ചതോടെ വെളി മൈതാനത്തേക്കു മാറ്റി.
വേലിയിറക്ക സമയത്ത് അഴിമുഖത്തുനിന്നു കടലിലേക്കുള്ള ഒഴുക്കും കടലില്‍ സാധാരണമായി കാണുന്ന വടക്കു നിന്നു തെക്കോട്ടുള്ള ഒഴുക്കും കൂടി ചേര്‍ന്നതോടെ തീരക്കടലിലെ ഒഴുക്കിന്റെ ഗതി മാറിയതായി പറയപ്പെടുന്നു.