/kalakaumudi/media/media_files/2025/05/02/mubgfKn1g8Sbcebh4tB3.png)
ന്യൂഡല്‍ഹി: ജ്യൂസ് ഉത്പന്നങ്ങളിലെ '100% പഴച്ചാര്‍ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI). 2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡാബര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പുനര്‍നിര്‍മിച്ച പഴച്ചാറുകള്‍ '100% ഫ്രൂട്ട് ജ്യൂസ്' എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിര്‍ത്തണമെന്ന് സത്യവാങ്മൂലത്തില്‍ എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു.
ജ്യൂസുകളില്‍ '100% പഴച്ചാറുകള്‍' അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പരസ്യം ചെയ്യുന്നത് നിയമപരമായി അനുവദനീയമല്ല. ഭക്ഷ്യ ഉത്പന്നങ്ങളെ കുറിച്ച് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന '100 ശതമാനം'പോലുള്ള പ്രയോഗങ്ങള്‍ നിലവിലുള്ള ഭക്ഷ്യ നിയമപരിധിക്കപ്പുറമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്വഭാവവും ഗുണനിലവാരവും വ്യക്തമാക്കുന്നതിനുള്ള വിവരണങ്ങള്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. '100 ശതമാനം' പോലുള്ള അവകാശവാദങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍ സാധ്യതയുള്ളതുമാണ്- FSSAI വിശദമാക്കി.
ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരോട് (FBO) അവരുടെ ഉല്‍പന്നങ്ങളുടെ ലേബലുകളില്‍ നിന്ന് തെറ്റായ അവകാശവാദങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് 2024 ജൂണില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എഫ്എസ്എസ്എഐ പ്രസ്താവന നടത്തിയത്.
എഫ്എസ്എസ്എഐയുടെ വിജ്ഞാപനം പുതിയ നിയമപരമായ ബാധ്യതകളൊന്നും ചുമത്തുന്നില്ലെന്നും 2006-ലേയും 2018-ലേയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍ എന്നിവയ്ക്ക് കീഴിലെ നിലവിലുള്ള ഉത്തരവുകള്‍ ആവര്‍ത്തിക്കുക മാത്രമാണെന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
