കുവൈറ്റ്: കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജനതാ കൾച്ചറൽ സെൻ്റർ (ജെ സി സി) വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര സമിതി നൽകി വരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിലുള്ള പതിനൊന്നാമത്തെ പുരസ്കാരത്തിന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ കെ ദിനേശനെ തെരഞ്ഞെടുത്തു.രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസിയായ ദിനേശൻ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ നിരന്തരമായി ഇടപെട്ടുകൊണ്ട് എഴുതുന്നു. മലയാളിയുടെ ഗൾഫ് കുടിയേറ്റ ജീവിതവുമായി ബന്ധപ്പെട്ട് നടത്തുന്ന ഗൗരവപ്പെട്ട അന്വേണങ്ങളും,ഡോ:ബി ആർ അംബേദ്ക്കർ,ഡോ: റാം മനോഹർ ലോഹ്യ എന്നിവരുടെ ചിന്താധാരയിലൂടെയുള്ള രാഷ്ട്രിയ പ്രവർത്തനവും എഴുത്തുമാണ് അവാർഡിന് പരിഗണിക്കപ്പെടാൻ കാരണമെന്ന് ജൂറി അംഗങ്ങളായ ഡോക്ടർ വർഗീസ് ജോർജ്,സിബി കെ തോമസ്,ഷാജു പുതൂർ എന്നിവർ അറിയിച്ചു.
മാധ്യമ,സാഹിത്യ,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക,പ്രവാസ,ജീവകാരുണ്യ മേഖലകളെ പരിഗണിച്ച് ഇതുവരെ പുരസ്ക്കരം ലഭിച്ചത്,എം പി വീരേന്ദ്രകുമാർ,ഡോ:ഡി ബാബു പോൾ,സി രാധാകൃഷ്ണൻ,അടൂർ ഗോപാലകൃഷ്ണൻ,ജോണി ലൂക്കോസ്,ജോൺ ബ്രിട്ടാസ്,അബ്ദുൾ സമദ് സമദാനി, നെടുമുടി വേണു,കെ രേഖ,വിജയരാഘവൻ ചേലിയ എന്നിവർക്കായിരുന്നു.
മലയാളിയുടെ ഗൾഫ് കുടിയേറ്റത്തെക്കുറിച്ച് എഴുതിയ ആറ് പുസ്തകങ്ങൾ ഉൾപ്പെടെ പന്ത്രണ്ട് പുസ്തകങ്ങളുടെ രചയിതാവായ ഇ കെ ദിനേശൻ കോളമിസ്റ്റും യു.എ.ഇയിലെ വിവിധ സാംസ് കാരിക കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കൂടിയാണ്.പുരസ്ക്കാര സമർപ്പണം ഏപ്രിൽ ആറിന് കോഴിക്കോട് വെച്ച് നൽകുമെന്ന് പുരസ്കാര സമിതി ചെയർമാൻ കോയ വേങ്ങര,ജനറൽ കൺവീനർ അനിൽ കൊയിലാണ്ടി,വൈസ് ചെയർമാൻമാരായ എം.പി.എം സലിം,സമീർ കൊണ്ടോട്ടി,കോഡിനേറ്റർമാരായ മണി പാനൂർ,റഷീദ് കണ്ണവം, അതുൽ ടി.പി എന്നിവർ അറിയിച്ചു.25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.