/kalakaumudi/media/media_files/2025/03/14/e9TBZtnjxx5usez2GFB4.jpeg)
“മനസ്സിൽ ധാർമ്മികതയുണ്ടെങ്കിൽ, വ്യക്തിത്വത്തിൽ സൗന്ദര്യമുണ്ടാകും. വ്യക്തിത്വത്തിൽ സൗന്ദര്യമുണ്ടെങ്കിൽ, വീട്ടിൽ സമാധാനം നിലനിൽക്കും. വീട്ടിൽ സമാധാനം നിലനിൽക്കുമ്പോൾ, രാജ്യത്ത് ക്രമവും സമാധാനവും ഉണ്ടാകും. രാജ്യത്ത് ക്രമവും സമാധാനവും നിലനിൽക്കുമ്പോൾ, ലോകത്തിൽ സമാധാനം സഫലമാകും.”
കഥ – ഒരു ചെറിയ വിത്തിന്റെ മഹത്തായ മാറ്റം
ഒരു വയോധികൻ അദ്ദേഹത്തിന്റെ ചെറു ഗ്രാമത്തിൻ്റെ കേന്ദ്ര ഭാഗത്ത് ഒരു ചെറിയ വിത്ത് നട്ടു. അത് ഒരു സാധാരണ വിത്തായിരുന്നു. എന്നാൽ, ആ മനുഷ്യൻ അതിനെ വളരെ സന്തോഷത്തോടെയും ക്ഷമയോടെയും പരിപാലിച്ചു. ചെറുവിരലിൻ്റെ വലിപ്പം മാത്രമുണ്ടായിരുന്ന ആ വിത്ത്, വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയൊരു വൃക്ഷമായി. അതിന്റെ ശാഖകൾ ഗ്രാമത്തിലെ എല്ലായിടത്തും പടർന്നുപന്തലിച്ചു നിന്നു. ആ വൃക്ഷത്തിൻ്റെ വളർച്ചയ്ക്കൊപ്പം, ഗ്രാമവാസികൾ അതിന്റെ തണലിൽ ഒരുമിച്ച് ഇരിക്കാനും സംവദിക്കാനും തുടങ്ങി. ആളുകൾ തമ്മിലുള്ള ഐക്യവും കരുതലും വർദ്ധിച്ചു. ആ ഗ്രാമവൃക്ഷത്തിന് കീഴിൽ യുദ്ധം ചെയ്യുന്നവരില്ല, പകരം, അവിടെ പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു..
ഇതുപോലെ, ഒരു വ്യക്തിയുടെ മനസ്സിൽ ധാർമ്മികത വച്ചുപിടിപ്പിച്ചാൽ, അത് വ്യക്തിത്വത്തിൽ സൗന്ദര്യമായി വളരുകയും കുടുംബജീവിതത്തിൽ സമാധാനം സൃഷ്ടിക്കുകയും ചെയ്യും. ഓരോ വീട്ടിലും സമാധാനം നിറഞ്ഞാൽ, ഒരു ഗ്രാമം സന്തോഷവതിയും, അതിലൂടെ രാജ്യം സമാധാനപരവുമായിത്തീരും. ഒടുവിൽ, ലോകത്ത് ആകമാനം അതിന്റെ പ്രതിഫലനം ഉണ്ടാവും.
നമ്മുടെ ജീവിതത്തിൻ്റെ നവീകരണം ഇങ്ങനെയാവട്ടെ: നല്ലത് ചിന്തിക്കാൻ മനസ്സിനെ പരുവപ്പെടുത്തുക – കാരണം, മനസ്സിലെ നന്മയാണ് നമ്മുടെ ജീവിതത്തിന് ദിശ നൽകുന്നത്. നമുക്കു ചുറ്റുമുള്ളവരെ ആദരിക്കുക – ഓരോ വ്യക്തിയും മറ്റൊരാളെ മനസ്സിൽ ബഹുമാനിച്ചാൽ കുടുംബങ്ങൾ സന്തോഷ പൂർണമായിരിക്കും.
സമൂഹത്തിൽ നന്മ വിതയ്ക്കുക – അതിനാൽ സമൂഹം വളരുകയും ഐക്യത്തോടെ മുന്നോട്ടു പോകുകയും ചെയ്യും. ഒരു ചെറിയ വിത്ത് ഒരു വലിയ വൃക്ഷമാകുന്നതുപോലെ, നമ്മുടെ മനസ്സിലെ ധാർമ്മികത ലോക സമാധാനത്തിനായി പകരുന്ന ഒരു മഹത്തായ ശക്തിയാണ്.
“ഒരു നല്ല മനസ്സ് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു.”
നസീർ വെളിയിൽ