/kalakaumudi/media/media_files/2026/02/27/whatsa-2026-02-27-11-28-58.jpeg)
അമ്മത്തിര
കവിത
ജസ്ന താഷിബ്
മുളംകാടിനപ്പുറം നിഴലനക്കം
എൻ്റെ മിഴിച്ചെപ്പിലപ്പോൾ ഭയപ്പെരുക്കം
നീളെയഴിച്ചിട്ട മുടിച്ചുരുളും
നീലാഞ്ജനം തോൽക്കും
നയനങ്ങളും
ജിന്നോ ഇൻസോ, മതിഭ്രമമോ
ഒരുമാത്ര ഹൃത്തിൽ
ദ്രുതതാളമേളം
ഇലപ്പച്ച നീങ്ങിത്തെളിഞ്ഞ നേരം
ചന്ദിരപ്പിറപോലൊരുടൽ തിളക്കം
കൺചിരാതിൽ
വെളിച്ചമില്ലാ
കവിൾപൂവിലൊട്ടുമേ
ചോപ്പുമില്ലാ
മൊഴിയാൻ മറന്നു ഞാനവിടെ നിൽക്കെ
കാറ്റുപോലവരങ്ങ് മാഞ്ഞുപോയി
നാളുകളേറെക്കഴിഞ്ഞുപോയി
നീലാഞ്ജനം പാടേ മറന്നുപോയി
നിത്യേനെ പോകുന്നൊരുൾവീഥിയിൽ
മുളചീന്തുംപോലെയൊരാർത്ത നാദം
"ദൈവങ്ങളേ എൻ്റെ കുഞ്ഞെവിടെ
ഭഗവതിയേ എൻ്റെ മകളെവിടെ
മന്ത്രവും നേർച്ചയും തന്നതല്ലേ
എൻ്റെ പൊന്നിനെ കാക്കണെ ദൈവങ്ങളേ"
ഓടിക്കിതച്ചൊരാൾ വന്നണഞ്ഞു
ഇളംപൈതലെന്ന പോൽ ചേർത്തണച്ചു,
ചുബനച്ചൂട് പകർന്നുനൽകി
സാന്ത്വനച്ചിറകിൻതണലൊരുക്കി
നിമിഷനേരത്തിൻ്റെ നിഴൽ ചലിച്ചു
നീർമിഴിച്ചില്ലുകൾ വീണലിഞ്ഞു
കരുതൽകരങ്ങളിൽ
കോർത്തുലഞ്ഞ്
പതിയെയാ പാദം ചലിച്ചീടുന്നു
പോകുമ്പോളിടനേരമെനിക്കു നേർക്കായ്
വിരൽനീട്ടി- ചോദ്യത്തിൻശരമെറിഞ്ഞു
"കണ്ടുവോ നീയെൻ്റെ പൊന്നുമോളെ
തങ്കക്കുടം പോലൊരുണ്ണി മോളെ"
നീട്ടിയ വിരലിലും കണ്ണീർചിറ
വാക്കിൻ വിളുമ്പിലും ദുഃഖച്ചിറ
ചന്ദിരപ്പിറപോലൊരുടൽതുടിപ്പിൽ
സങ്കടച്ചിറപോലൊരമ്മത്തിര!
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
