പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിൽ നിന്നും കേരളത്തിൽ എത്തിയ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയുടെ കേരള സന്ദർശനം ആരംഭിച്ചത് ചരിത്ര പ്രസിദ്ധമായ ബേപ്പൂർ തുറമുഖ സന്ദർശനത്തോടെയാണ്.ബേപ്പൂർ തുറമുഖവുമായി അൽ മർസൂഖി കുടുംബത്തിന് മൂന്ന് തലമുറകളുടെ വ്യാപാര ബന്ധമുണ്ട്.നിരവധി കപ്പലുകൾ അൽ മർസൂഖി കുടുംബം ബേപ്പൂരിൽ നിന്നും വാങ്ങിയിട്ടുണ്ട്.ദുബായിലെ അൽ മർസൂഖി കുടുംബത്തിന് കപ്പൽ നിർമ്മിച്ചു കൊടുത്തിരുന്ന ബേപ്പൂർ തുറമുഖത്തെ പ്രമുഖ വ്യവസായികളായിരുന്ന മുതിരപറമ്പു ഹംസ കോയയും,ഹാജി ബഷീർ കോയയുടെയും കുടുംബാംഗങ്ങളെ സംബന്ധിച്ചു വിവരങ്ങൾ അറിയുവാൻ കൂടിയാണ് ഈ സന്ദർശനം.
ഇപ്പോൾ ബേപ്പൂർ തുറമുഖത്തു അറബികൾക്ക് കപ്പൽ നിർമ്മിച്ചു നൽകുന്ന സത്യൻ ഇടത്തോടിയുടെ കപ്പൽ നിർമ്മാണ ശാല സന്ദർശിയ്ക്കുകയും.പൈതൃക ടൂറിസത്തിന് അനുയോജ്യമായ കപ്പലുകൾ ബേപ്പൂരിൽ നിന്നും ഗൾഫിലെത്തിയ്ക്കുവാൻ സന്നദ്ധമാണെന്നും അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം സന്ദർശിച്ച സന്ദർശിച്ച അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയെ കേരളാ ടൂറിസം ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ സജീഷ്,പഞ്ചായത്തു പ്രസിഡണ്ട് സുനിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.തിരുവിതാംകൂർ രാജകുടുബാംഗങ്ങളെ സന്ദർശിയ്ക്കുന്നതിനും ചരിത്ര സ്മാരകങ്ങൾ കാണുന്നതിനും രണ്ട് ദിവസത്തെ സന്ദർശനത്തിന് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി തിരുവനന്തപുരത്തെത്തുന്നു.
2025 ജനുവരി 13 ന് 6.30 pm -ന് മലങ്കര കത്തോലിയ്ക്കാ സഭയുടെ പട്ടം സെൻ്റ് മേരീസ് കത്രീഡലും മേജർ ആർച്ച് ബിഷപ്പ് ഹൗസും സന്ദർശിയ്ക്കും.ഗൾഫിലും ഇന്ത്യയിലും വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിയ്ക്കുന്ന മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്ലാഖനീയമായ പ്രവർത്തനങ്ങൾ നടത്തിയ മലങ്കര കത്തോലിയ്ക്കാ സഭയുടെ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയുടെ കബറിടം സന്ദർശിയ്ക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലങ്കര കത്തോലിയ്ക്കാ സഭ നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനാണ് മേജർ ആർച്ച് ബിഷപ്പ് ഹൗസ് സന്ദർശിക്കുന്നത്.കേരളീയ സമൂഹത്തെ ആദരിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യുന്ന മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി ഗൾഫിൽ മഹാരാജാ സ്വാതി തിരുനാൾ ഇൻ്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ആരംഭിയ്ക്കുന്നതിനുള്ള പരിശ്രമത്തിലാണ്.
സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദീപ്ത സ്‌മരണകൾ നിലനിൽക്കുന്ന കുതിരമാളിക കൊട്ടാരസമുച്ചയത്തിലെ കൃഷ്ണവിലാസം കൊട്ടാരത്തിൽ ജനുവരി 14 -ന് രാവിലെ 10.30 am -ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി,പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദർശിയ്ക്കും.
തിരുവിതാംകൂർ രാജവംശ കാലയളവിലെ ചരിത്ര സ്മാരകങ്ങളും,കുതിരമാളിക കൊട്ടാരം മ്യൂസ്യവും,പാളയം ജുമാമസ്ജിദും,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മ്യൂസിയവും സന്ദർശിച്ച ശേഷം ജനുവരി 16 -ന് ദുബായിലേക്ക് മടങ്ങും.ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകൾക്കൊപ്പം കേരളത്തിലെ മറൈൻ, ടൂറിസം,വിദ്യാഭ്യാസം മേഖലകളുടെ വാണിജ്യ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് പഠിയ്ക്കുന്നതിന് വേണ്ടിയുള്ള 5 ദിവസത്തെ കേരള സന്ദർശനം ക്രമീകരിക്കുന്നത് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്സ് കൺസൽട്ടൻണ്ടുമായ ഡയസ് ഇടിക്കുളയാണ്.