/kalakaumudi/media/media_files/2026/02/23/3d-dur-2026-02-23-11-19-14.jpg)
🌹അസുരതാണ്ഡവം 🌹
|കവിത|
ബേബി മാത്യു, അടിമാലി
അഗ്നിജ്വാല പടർന്നിടും അസ്തമയവേളയിൽ,
അന്ധകാരമുണർന്നിടും ഭൂമിയുടെ നെഞ്ചിൽ
ക്രൂരനാദം മുഴങ്ങിടും കാലത്തിന്റെ കാഹളം,
കുലുങ്ങിടും ലോകമെങ്ങും അസുരതാണ്ഡവം.
രക്തചുവപ്പ് മേഘങ്ങൾ രാവിനെ മൂടുമ്പോൾ,
രൗദ്രഭാവം കത്തിടും മനുഷ്യഹൃദയങ്ങളിൽ
അഹങ്കാര ഗർജനം ആകാശം കീറുമ്പോൾ,
അരികിലൊഴുകിടും ഭയത്തിന്റെ നീരൊഴുക്ക്.
ധർമ്മദീപം മങ്ങിടും ദുഷ്ടശക്തി ചേരുമ്പോൾ,
ദയയും സ്നേഹവും ദൂരെയായ് മറഞ്ഞിടും
മദമൂർത്തി ചിരിച്ചിടും വിജയഗർവ്വത്തിൽ,
മറവിയുടെ മറവിൽ മനുഷ്യൻ വീണിടും.
എന്നാലൊരുനാൾ ഉദിച്ചുയരും സത്യസൂര്യൻ,
ഇരുളൊടിച്ചെറിഞ്ഞു തീർക്കും പാപതാണ്ഡവം
നന്മയുടെ നാദമാൽ നിറയും നവഭൂമി,
നിശ്ശബ്ദമാകും അപ്പോൾ അസുരതാണ്ഡവം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
