റമദാൻ നമസ്കാരങ്ങൾക്ക് പുറത്തെ ഉച്ചഭാഷിണി ഒഴിവാക്കണം

റമദാൻ മാസത്തിലെ പുണ്യകർമ്മങ്ങൾ ചിട്ടയായും സുരക്ഷിതമായും നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

author-image
Ashraf Kalathode
New Update
close-up-minaret-mosque-speakers-minaret-minaret-door-close-up-minaret-mosque-speakers-241859038

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന റമദാൻ മാസത്തിൽ പള്ളികളിലെ നമസ്കാരങ്ങൾക്കും ഇഫ്താർ വിരുന്നുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈറ്റ് ഇസ്ലാമിക കാര്യ മന്ത്രാലയം. അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കും തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും പള്ളികൾക്ക് പുറത്തുള്ള ഉച്ചഭാഷിണികൾ (External Loudspeakers) ഉപയോഗിക്കുന്നത് മന്ത്രാലയം നിരോധിച്ചു. ആരാധകർക്കും പള്ളി പരിസരത്തുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഈ നടപടി.

പള്ളികൾക്കുള്ളിൽ പണമായോ ഇലക്ട്രോണിക് രീതിയിലോ ഉള്ള സംഭാവന പിരിവുകൾ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. മന്ത്രാലയം അംഗീകരിച്ച സന്നദ്ധ സംഘടനകൾക്ക് മാത്രമേ പിരിവ് നടത്താൻ അനുവാദമുള്ളൂ. പള്ളി പരിസരങ്ങളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം.

ഇഫ്താർ കൂടാരങ്ങൾ പള്ളിയുടെ വൈദ്യുതിയുമായി ബന്ധിപ്പിക്കാൻ പാടില്ലെന്നും സുരക്ഷാ കാരണങ്ങളാൽ നിർദ്ദേശമുണ്ട്. പള്ളികളിൽ അറ്റകുറ്റപ്പണികളോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തുന്നതിന് മുൻപും അധികൃതരുടെ അനുമതി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. റമദാൻ മാസത്തിലെ പുണ്യകർമ്മങ്ങൾ ചിട്ടയായും സുരക്ഷിതമായും നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ban