/kalakaumudi/media/media_files/2026/02/05/what-2026-02-05-12-36-32.jpeg)
മസ്കത്ത്: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾക്ക് വെളളിയാഴ്ച്ച ഫെബ്രുവരി 6 ഒമാൻ തലസ്ഥാനമായ മസ്‌കത്ത് വേദിയാകും. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് മധ്യസ്ഥ ചർച്ചകൾ ആരംഭിക്കുക. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഈ നയതന്ത്ര നീക്കം ഏറെ നിർണായകമാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whats-2026-02-05-12-36-56.jpeg)
അവസാന നിമിഷത്തെ വേദി മാറ്റം, ആദ്യം തുർക്കിയിലെ ഇസ്താംബൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകളാണ് ഇറാന്റെ പ്രത്യേക താല്പര്യപ്രകാരം ഒമാനിലേക്ക് മാറ്റിയത്. ചർച്ചകളിൽ ഇതര രാജ്യങ്ങളെ ഒഴിവാക്കി ഇറാനും അമേരിക്കയും നേരിട്ട് (Bilateral) സംസാരിക്കണമെന്ന ഇറാന്റെ ആവശ്യം ഒടുവിൽ വാഷിംഗ്ടൺ അംഗീകരിക്കുകയായിരുന്നു. ഒമ്പതോളം അറബ്-മുസ്ലിം രാജ്യങ്ങൾ നൽകിയ സമ്മർദ്ദമാണ് ചർച്ചകൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ആണവ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരമായി ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്ന കാര്യം ചർച്ചയാകും.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ചാവിഷയമാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ചർച്ച ആണവ വിഷയങ്ങളിൽ മാത്രം ഒതുക്കണമെന്നാണ് ഇറാന്റെ നിലപാട്.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whatsa-2026-02-05-12-38-15.jpeg)
അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചിയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ട്രംപ് ഭരണകൂടം കടുത്ത മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച.
/filters:format(webp)/kalakaumudi/media/media_files/2026/02/05/whatsa-2026-02-05-12-38-52.jpeg)
"ആണവ വിഷയത്തിൽ നീതിയുക്തമായ ചർച്ചകൾക്ക് ഇറാൻ തയ്യാറാണ്. ഒമാൻ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു." - അബ്ബാസ് ആരാഗ്ച്ചി (ഇറാൻ വിദേശകാര്യ മന്ത്രി)
റിപ്പോർട്ട്: ശാഫി എം.കെ. (കടപ്പാട്: അൽ ജസീറ, ഗാർഡിയൻ, എപി വാർത്താ ഏജൻസികൾ)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
