ഒമാനിൽ റുവി ക്ലോക്ക് ടവറിന് താഴെ ഡെക്കാൻ വിങ്ങിന്റെ വമ്പിച്ച ഇഫ്താർ സംഗമം; അയ്യായിരത്തിലധികം പേർ പങ്കെടുത്തു

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ഒമാനിലെ ഹൈദരാബാദി സമൂഹം തുടക്കം കുറിച്ച ഈ ഇഫ്താർ സംഗമം, 2017ൽ ഐ.എസ്.സി ഡെക്കാൻ വിങ് രൂപീകരിച്ചതോടെ കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരികയാണ്

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-28 at 10.38.31 AM (1)

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് കീഴിലുള്ള ഡെക്കാൻ വിങ് സംഘടിപ്പിച്ച സമൂഹ ഇഫ്താറിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. റുവി ക്ലോക്ക് ടവർ പരിസരത്ത് വെള്ളിയാഴ്ച നടന്ന സംഗമത്തിൽ ഏകദേശം 5,000ത്തിലധികം പേരാണ് പങ്കുചേർന്നത്. മസ്‌കത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ ഇഫ്താർ വിരുന്നുകളിൽ ഒന്നായി ഇത് മാറി.

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ഒമാനിലെ ഹൈദരാബാദി സമൂഹം തുടക്കം കുറിച്ച ഈ ഇഫ്താർ സംഗമം, 2017ൽ ഐ.എസ്.സി ഡെക്കാൻ വിങ് രൂപീകരിച്ചതോടെ കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരികയാണ്. ഇത്തവണത്തെ ചടങ്ങിൽ 1,500ഓളം സ്ത്രീകളും 4,000ത്തോളം പുരുഷന്മാരും കുട്ടികളും പങ്കെടുത്തു. മസ്‌കത്തിന് പുറമെ നിസ്വ, സോഹാർ, സലാല എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇഫ്താറിൽ സംബന്ധിക്കാനായി എത്തിയിരുന്നു.

WhatsApp Image 2026-02-28 at 10.38.31 AM (2)

ഒമാൻ മതകാര്യ മന്ത്രാലയം ഡയറക്ടർ ഷെയ്ഖ് ഇമാദ് ബിൻ സയിദ് അൽ റവാഹി വിശിഷ്ടാതിഥിയായും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു. ചീഫ് ഓർഗനൈസർ സുഹൈൽ ഖാൻ, കൺവീനർ ഡോ. വാസിഫുദ്ദീൻ, കോ-കൺവീനർ മൻസൂർ സാബ്രി എന്നിവരുടെ നേതൃത്വത്തിൽ അംബാസഡറെ സ്വീകരിച്ചു. സ്ത്രീകളുടെ വിഭാഗം മറിയം, റുബീന, കൗസർ, നബീല, ഷീല, ഡോ. ഫാത്തിമ സഫിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.

WhatsApp Image 2026-02-28 at 10.38.31 AM

റമദാന്റെ ആത്മീയതയും മതസൗഹാർദ്ദവും വിളിച്ചോതുന്നതായിരുന്നു വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുടെ ഈ ഒത്തുചേരൽ. സന്നദ്ധ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനമാണ് ഇത്രയും വലിയ ജനപങ്കാളിത്തമുള്ള പരിപാടി സുഗമമായി പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട് -ശാഫി എം.കെ,

കടപ്പാട്: ടൈംസ് ഓഫ് ഒമാൻ, മസ്‌കത്ത് ഡെയ്‌ലി തീയതി: 2026 ഫെബ്രുവരി 28

ramadan fasting