/kalakaumudi/media/media_files/2026/02/08/gem-2026-02-08-10-42-27.png)
വിളികളിലെ വിവേചനവും സംബോധനയിലെ സംസ്കാരവും: ഇക്കാക്ക മുതൽ അച്ചായൻ വരെ
അഷ്റഫ് കാളത്തോട്
മലയാളിയുടെ സാമൂഹിക വ്യവഹാരങ്ങളിൽ സംബോധനകൾ എന്നത് കേവലം ശബ്ദങ്ങളല്ല; അവ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആഴത്തിലുള്ള അടയാളപ്പെടുത്തലുകളാണ്. ഒരു സമുദായം തങ്ങളുടെ മുതിർന്നവരെ ആദരപൂർവ്വം വിളിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ കാലാന്തരത്തിൽ എങ്ങനെയാണ് പൊതുസമൂഹത്തിന്റെ മുദ്രകുത്തലുകളായി (Labeling) മാറുന്നത് എന്നത് ഗൗരവകരമായ ആലോചനകൾ അർഹിക്കുന്നു.
മുസ്ലിം സമുദായത്തിൽ ആദരസൂചകമായി ഉപയോഗിക്കുന്ന 'ഇക്കാക്ക' അഥവാ 'കാക്ക' എന്ന വിളി ഇതിന്റെ മികച്ച ഉദാഹരണമാണ്. അറബി ഭാഷയിലെ സഹോദരൻ എന്നർത്ഥമുള്ള 'അഖു' (Akhu) എന്ന പദത്തിൽ നിന്നോ, പേർഷ്യൻ-ഉർദു ഭാഷകളിലെ മുതിർന്നയാൾ എന്നർത്ഥമുള്ള 'കാക്ക'യിൽ നിന്നോ രൂപപ്പെട്ടതാവാം ഈ സംബോധന.
ഉത്തരേന്ത്യയിൽ ഇതിഹാസ താരം രാജേഷ് ഖന്നയെയും അത് പോലെ ഉള്ള മുതിർന്നവരെയും ആരാധകർ ആദരവോടെ 'കാക്ക' എന്ന് വിളിച്ചിരുന്നത് ഇതിന്റെ വിശാലമായ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. എന്നാൽ കേരളീയ പശ്ചാത്തലത്തിൽ, തമിഴരെ 'പാണ്ടി' എന്നും ക്രിസ്ത്യാനികളെ 'അച്ചായൻ' എന്നും വിളിക്കുന്നത് പോലെ, മുസ്ലിം സമുദായത്തെ അടയാളപ്പെടുത്താനുള്ള ഒരു പൊതുവിശേഷണമായി 'കാക്കമാർ' എന്ന പ്രയോഗം പലപ്പോഴും മാറിപ്പോകുന്നുണ്ട്.
ഭാഷാപരമായ ഈ വൈവിധ്യം കേരളത്തിന്റെ തനിമയാണ്. കാസർകോട്ടെ 'ഇച്ച'യും മലപ്പുറത്തെ 'കാക്ക'യും മധ്യകേരളത്തിലെ 'അച്ചായനും' ഒരേ ബഹുമാനത്തിന്റെ വ്യത്യസ്ത പ്രാദേശിക രൂപങ്ങളാണ്. എന്നാൽ, ഇത്തരം സംബോധനകളിൽ പരിഹാസമോ അവജ്ഞയോ കലർത്തുമ്പോൾ അത് ആ സമുദായത്തിന്റെ സവിശേഷമായ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമായി മാറുന്നു.
പഴയകാലത്ത് ശാരീരിക വൈകല്യങ്ങളെ പോലും തമാശയായി കണ്ടിരുന്ന ഒരു അരാഷ്ട്രീയ ബോധം നമുക്കുണ്ടായിരുന്നു. ഇന്നത്തെ 'വോക്ക്' (Woke) സംസ്കാരത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അവയൊക്കെയും അപരവൽക്കരണത്തിന്റെയും 'ബോഡി ഷെയിമിംഗിന്റെയും' ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിയുന്നു.
വാക്കുകൾ നിഷ്കളങ്കമായി പ്രയോഗിക്കപ്പെടുമ്പോഴും അതിലൊളിഞ്ഞിരിക്കുന്ന 'അപരത്വത്തിന്റെ' അംശങ്ങൾ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.ജീൻ പോൾ സാർത്ര് തന്റെ 'നോ എക്സിറ്റ്' എന്ന നാടകത്തിൽ മുന്നോട്ടുവെച്ച "ഹെൽ ഈസ് അദർ പീപ്പിൾ" (Hell is other people) എന്ന ദർശനം ഇവിടെ ഏറെ പ്രസക്തമാണ്.
അപരൻ നമ്മളെ നോക്കുമ്പോൾ, നാം നമ്മുടെ സ്വന്തം ലോകത്തെ നായകസ്ഥാനത്ത് നിന്ന് പെട്ടെന്ന് വസ്തുത്വത്തിലേക്ക് (Objectification) പതിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് മേൽ അപരന്റെ നോട്ടം പതിക്കുമ്പോൾ നാം കേവലം ഒരു ചിത്രമായി ചുരുങ്ങുന്നു.
'കാക്കമാർ' എന്നോ 'അച്ചായന്മാർ' എന്നോ ഒരു വിഭാഗത്തെ അടയാളപ്പെടുത്തുമ്പോൾ, നാം അവരെ അവരുടെ വ്യക്തിപരമായ വൈവിധ്യങ്ങളോടെ കാണുന്നതിന് പകരം ഒരു നിശ്ചിത ശൈലിയിലേക്ക് ഒതുക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ ഈ ആത്യന്തിക നഷ്ടത്തെയാണ് സാർത്ര് നരകം എന്ന് വിശേഷിപ്പിച്ചത്.
പരസ്പരം മൂന്ന് മുറികളിലെന്ന പോലെ കഴിയുന്ന സമുദായങ്ങൾക്കിടയിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാകണമെങ്കിൽ അപരന്റെ സ്വാതന്ത്ര്യത്തെയും അസ്തിത്വത്തെയും അംഗീകരിക്കേണ്ടതുണ്ട്. വാക്കുകൾ പ്രയോഗിക്കുമ്പോൾ അവയുടെ ചരിത്രപരമായ മൂല്യവും ആ സമുദായം അതിന് നൽകുന്ന പവിത്രതയും നാം തിരിച്ചറിയണം.
കാക്ക എന്ന പക്ഷിയെപ്പോലെ, കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും ശുചിത്വത്തിന്റെയും പ്രതീകമായ ഒരു ഗുണപാഠം ഈ വിളിയിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. എങ്കിലും, ഒരു വിളിയും ഒരാളെയും ചെറുതാക്കാനോ അന്യവൽക്കരിക്കാനോ ഉള്ളതാകരുത്. സമുദായങ്ങൾ തമ്മിലുള്ള ബന്ധം വെറും 'ഇമേജ്' നിർമ്മാണത്തിലോ കപടതയിലോ അധിഷ്ഠിതമാവാതെ, പരസ്പര ബഹുമാനത്തിൽ ഊന്നിയതാകുമ്പോഴാണ് സാമൂഹിക ജീവിതം സുന്ദരമാകുന്നത്. ഭാഷയുടെ വൈവിധ്യത്തെ ആദരിക്കാം, എന്നാൽ അതിനെ അപരനെ തളയ്ക്കാനുള്ള ചങ്ങലയാക്കി മാറ്റാതിരിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
