സ്നേഹിതയ്ക്ക് - കവിത - നാസർ അമ്മേനി

ഈ കടൽത്തീരത്തിൽ, ഈ സായാഹ്നത്തിൽ ഇണക്കുരുവികളായി നാമിരുന്നിരിക്കാം കടലാമക്കുഞ്ഞുങ്ങൾ കടലിലേക്കോടുമ്പോൾ കരുതലായിക്കൂടെ നീ പോയിരിക്കാം ഇതുവഴി പോയൊരു വർഷകാലത്തിലെ കടൽകാക്കകൾതൻ ചിറകടി കേട്ടിരിക്കാം

author-image
Ashraf Kalathode
New Update
WhatsAp

സ്നേഹിതയ്ക്ക്

കവിത
നാസർ അമ്മേനി


മരിച്ചു, ഞാൻ നിനക്കായി സഖേ
നിൻ്റെയോർമ്മകൾക്കൊപ്പം
മരണമില്ലാത്തൊരു
കവിതയായെഴുതാം

ശവംനാറിച്ചെടിയുടെ
പൂമാല കോർത്തന്നു നിന്നെ
അണിയിച്ചതോർത്തിരു
ന്നിരിക്കാം

മഴത്തുള്ളി നനയിച്ച
നിൻകാർകൂന്തലുകൾ
മലരായി വിരിഞ്ഞതായി
ഞാൻ കണ്ടിരിക്കാം

ഈ കടൽത്തീരത്തിൽ,
ഈ സായാഹ്നത്തിൽ
ഇണക്കുരുവികളായി
നാമിരുന്നിരിക്കാം

കടലാമക്കുഞ്ഞുങ്ങൾ
കടലിലേക്കോടുമ്പോൾ
കരുതലായിക്കൂടെ
നീ പോയിരിക്കാം

ഇതുവഴി പോയൊരു
വർഷകാലത്തിലെ
കടൽകാക്കകൾതൻ
ചിറകടി കേട്ടിരിക്കാം

തിമിംഗലക്കൂട്ടങ്ങൾ
ദൂരെ കടലാഴങ്ങൾ
തേടിപ്പോകുന്നത് നാം
കണ്ടിരുന്നിരിക്കാം

തിരകളായി നീ വന്ന്
ഞണ്ടുകൾ തീർത്ത
വീടുകൾ തകർത്തത്
കണ്ടിരിക്കാം

പഴയ കാസറ്റിലെ
ഉമ്പായി പാടിയ
ഗസ്സലു കേട്ടന്ന്
നാമിരുന്നിരിക്കാം

ഇവിടെയൊരജ്ഞാത
കവിയുടെ ഭാവന 
വരയ്ക്കാൻ
ആകാശവർണ്ണങ്ങൾ
കടമായെടുത്തിരിക്കാം

ഇനിയെത്ര കാലമെന്നോ
ർമ്മകളുറങ്ങുന്ന
ഖബറിൻ്റെയരികിൽ നീ
നിലാവായിപ്പെയ്തിറങ്ങും.

നാസർ അമ്മേനി
ലക്ഷദ്വീപിലെ  അമിനി സ്വദേശിയാണ്.
അന്തർ പി. എസ്‌. എന്നാണ്  യതാർത്ഥപേര്. 
കവിതകൾ ചെറുകഥകൾ ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. ഇപ്പോൾ ഗുജറാത്തിനടുത്തുള്ള ദാദ്രാ നഗർഹവേലിയിൽ
ഇന്ത്യാറിസർവ്വുബറ്റാലിയനിൽ കോൺസ്റ്റബിളായി ജോലിനോക്കുന്നു.