ഒമാനിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നു: കേസുകളിൽ 26 ശതമാനം വർദ്ധന; നീതിനിർവ്വഹണത്തിൽ റെക്കോർഡ് നേട്ടവുമായി പബ്ലിക് പ്രോസിക്യൂഷൻ

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ 26 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും വ്യാജ വാഗ്ദാനങ്ങളിലും അമിത ലാഭമോഹത്തിലും വീണ് ഒട്ടേറെ പേർ കബളിപ്പിക്കപ്പെടുന്നതായാണ് റിപ്പോർട്ട്.

author-image
Ashraf Kalathode
New Update
1748253491-1748253491-vpfph3lsdseh

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ 26 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും വ്യാജ വാഗ്ദാനങ്ങളിലും അമിത ലാഭമോഹത്തിലും വീണ് ഒട്ടേറെ പേർ കബളിപ്പിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. മസ്കറ്റിൽ നടന്ന പബ്ലിക് പ്രോസിക്യൂഷന്റെ വാർഷിക മാധ്യമ സമ്മേളനത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖമീസ് അൽ സവായ് ഈ കണക്കുകൾ പുറത്തുവിട്ടത്.

WhatsApp-Image-2025-02-04-at-11.17.55-AM-1170x610

തട്ടിപ്പുകളുടെ രീതി: പെട്ടെന്ന് പണമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്ന രീതിയിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കുറ്റവാളികൾ വലവിരിക്കുന്നത്. അവബോധമില്ലായ്മയും അമിത ലാഭത്തോടുള്ള താൽപ്പര്യവുമാണ് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യുന്നത്. വ്യക്തികളും കുടുംബങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഭ്യർത്ഥിച്ചു.

കേസ് തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗത: കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും അവ അന്വേഷിച്ച് കണ്ടെത്തുന്നതിലും നടപടികൾ പൂർത്തിയാക്കുന്നതിലും മികച്ച പ്രകടനമാണ് ഒമാൻ കാഴ്ചവെക്കുന്നത്. 2024-ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 97.9 ശതമാനവും തീർപ്പാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേസ് നടപടികൾ വേഗത്തിലാക്കിയതാണ് ഈ വിജയത്തിന് പിന്നിൽ.

ആകെ കേസുകൾ: കഴിഞ്ഞ വർഷം 46,359 കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 22.5% വർദ്ധനവാണിത്. ആകെ 58,858 പ്രതികളിൽ 46.8 ശതമാനം പേരും വിദേശികളാണ്. തൊഴിൽ നിയമ ലംഘനങ്ങളാണ് പട്ടികയിൽ മുന്നിൽ (12,407 കേസുകൾ). മടങ്ങിയ ചെക്കുകളുമായി ബന്ധപ്പെട്ട 9,699 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരിച്ചുപിടിച്ച തുക: വിവിധ തട്ടിപ്പുകളിലൂടെ വഞ്ചിതരായവർക്കും പൊതുഖജനാവിനുമായി 16.8 ദശലക്ഷം റിയാൽ തിരിച്ചുപിടിക്കാൻ അധികൃതർക്ക് സാധിച്ചു. മസ്കറ്റ് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ കേസുകൾ (20,852) രജിസ്റ്റർ ചെയ്തത്. വടക്കൻ ബാത്തിനയും ദോഫാറുമാണ് തൊട്ടുപിന്നിലുള്ളത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വിദേശി താമസ നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർക്കശമാക്കുന്നതിനും പ്രത്യേക വിഭാഗങ്ങൾ കൂടുതൽ ഊർജിതമായി പ്രവർത്തിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

റിപ്പോർട്ട് -ശാഫി എം.കെ

warning