ഘടികാരസന്ധി |കവിത| സിന കെ. എസ്.

ചില്ലയിൽനിന്നൂർന്ന വള്ളികളാഴ്ന്നുവ_ ന്നെൻസത്തയപ്പാടെയൂറ്റിയെടുക്കുന്നു; മരമതിൽ ജീവേന്ദ്രജാലങ്ങൾ വിരിയുന്നു; ആശപ്പറവകളവയിൽ ചേക്കേറുന്നു.  അനുനയക്കൈകൾ വലിച്ചണച്ചീടുന്നു, സ്ഥൈര്യത്തിൻ പാദമമർത്തിയൂന്നീടുന്നു;

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-21 at 5.36.22 AM

ഘടികാരസന്ധി

|കവിത|
സിന കെ. എസ്.


കാലത്തിൻഘടികാരക്കൂടകം പൂകി ഞാൻ,
ഇതിനുള്ളിൽ നിത്യം അശാന്തിതൻമത്സരം.
സമയരഥത്തിൽനിന്നുയരുന്നു, പോർവിളി,
പിടിവിട്ടലയുമശ്വത്തിൻ കുളമ്പടി! 

വാഴ്വിൻമരചില്ല വളരുന്നതിൽതൂങ്ങും
നിയതിതൻപാശമെൻ കണ്ഠം കുരുക്കുന്നു.
നിമിഷമോരോന്നിലും മരമതാ വളരുന്നു,
കാലക്കുരുക്കിലെൻപ്രാണൻ പിടയുന്നു. 

ചില്ലയിൽനിന്നൂർന്ന വള്ളികളാഴ്ന്നുവ_
ന്നെൻസത്തയപ്പാടെയൂറ്റിയെടുക്കുന്നു;
മരമതിൽ ജീവേന്ദ്രജാലങ്ങൾ വിരിയുന്നു;
ആശപ്പറവകളവയിൽ ചേക്കേറുന്നു. 

അനുനയക്കൈകൾ വലിച്ചണച്ചീടുന്നു,
സ്ഥൈര്യത്തിൻ പാദമമർത്തിയൂന്നീടുന്നു;
എന്നിട്ടുമീ കാലസൂചികൾ നീങ്ങുന്നു,
വിധിതന്റെ നാഴികമണികൾ മുഴങ്ങുന്നു! 

പൊരുതിമടുത്തെന്റെ വീര്യമൊടുങ്ങവേ,
അറിയുന്നു ഞാനിതു നിയതിതൻനാടകം!
സാമഗാനങ്ങളനുസ്വനം തീർക്കവേ,
ആത്മാവു ചേക്കിനായൊരുചില്ല തേടുന്നു.

കേരളത്തിൽ ജനിച്ചുവളർന്ന് ഇപ്പോൾ ബാംഗ്ലൂരിൽ താമസമാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരിയായ സിന കെ. എസ്, സിനിമ, വി.എഫ്.എക്സ്, ആനിമേഷൻ, ഗെയിമിംഗ് മേഖലയിൽ 25 വർഷത്തിലേറെ പരിചയസമ്പത്തുള്ള ക്രിയേറ്റിവ് പ്രൊഫഷണലാണ്. എഴുത്തുകാരിയും ചിത്രകാരിയും ക്ലാസിക്കൽ നർത്തകിയും കൂടിയാണ് സിന.
സിന തിരക്കഥ എഴുതിയ “റെസൊണൻസ്” എന്ന ഷോർട്ട് ഫിലിമിന് 22-ലധികം അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചു. ഇതിൽ മൂന്ന് മികച്ച തിരക്കഥാ അവാർഡുകളും ഉൾപ്പെടുന്നു. 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച എൻ‌എഫ്‌ഡി‌സി നിർമ്മിച്ച 'റാണി ഗൈഡിൻലിയു, ഐക്കണിക് വുമൺ ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ' എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിന്റെ തിരക്കഥാകൃത്ത് കൂടിയാണ് . ‘വിന്റർ ഹ്യൂസ്, എ ഹാർവെസ്റ്റ് ഓഫ് സോളിറ്റ്യൂഡ്’ അവരുടെ ആദ്യ ചിത്ര കവിതാ പുസ്തകമാണ്.
‘മികച്ച തിരക്കഥാകൃത്തിനുള്ള’ സ്തുത്യർഹമായ ‘ആൻ അവാർഡ്’, ലണ്ടനിലെ സ്‌ക്രീൻപവർ അവാർഡ്, മൈസൂർ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച തിരക്കഥാക്രൃത്തിനുള്ള അവാർഡ്, രാജസ്ഥാൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച പ്രാദേശിക തിരക്കഥാകൃത്തിനുള്ള അവാർഡ്, പ്രോവെസ് ബെസ്റ്റ് ഓതർ അവാർഡ്, പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ അവാർഡ് (പീപ്പിൾസ് ചോയ്‌സ്) 2025 തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ജയ്പൂരിൽ വെച്ച് മിസിസ് ഇന്ത്യ അച്ചീവർ 2023 എന്ന പദവിയും അവർ നേടി. ഗാലോപിക്സ് ഇമേജിനറിംഗിന്റെ സഹസ്ഥാപക ഡയറക്ടറാണ് സിന.
poem