/kalakaumudi/media/media_files/2026/02/07/wha-2026-02-07-13-55-21.jpeg)
പച്ചിലക്കാട്
കവിത - ഫാത്തിമത്ത് സുഹ്റ
എന്നിലെ നീയെന്നുമൊരു പച്ചിലക്കാടാണ്.
ഓരോ മഴയിലും വെയിലിലും പൂക്കുകയും
കായ്ക്കുകയും ചെയ്യുന്ന ഫലവൃക്ഷം.
ഓരോ മഴയിലും എന്നിലെ നീ,
പുതുനാമ്പെടുക്കുന്നു.
ഓരോ മഞ്ഞിലും എന്നിലത് കുളിരായിപ്പെയ്യുന്നു.
വെയിലേറ്റുണങ്ങാനനുവദിക്കാതെ
എന്റെ കണ്ണീരുപ്പിലും നീ വളരുന്നു.
നിന്നിലെയെന്നെ ഞാൻ തിരഞ്ഞില്ല,
തിരയാൻ ആഗ്രഹിച്ചില്ല,
നിന്നിലെ ഞാനൊരുണങ്ങിയ
പടുവൃക്ഷംമാത്രമാണെന്നറിയാൻ
ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.
എന്നിൽ നീ പച്ചിലക്കാട് തീർത്തപോലെ,
നിന്നിലെയെന്നെ ഞാനൊരു
ഹരിതവനമായ് കണ്ടോട്ടെ;
ആ ഓർമപോലുമെൻഹരിതവനത്തിൽ
നിൻവൃക്ഷചില്ലയിൽ പുതുനാമ്പെടുക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
