അജ്മാൻ :ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജിഎംയു) അജ്‌മാൻ വാർഷിക ഗവേഷണ ദിനത്തോടനുബന്ധിച്ച് തുംബെ ഇൻ്റർനാഷണൽ റിസർച്ച് ഗ്രാൻ്റുകൾ പ്രഖ്യാപിച്ചു.
അജ്മാൻ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയായിരുന്നു. അജ്മാൻ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ഡോ. ഷെയ്ഖ് മജീദ് ബിൻ സയീദ് അൽ നൗമി വിജയികൾക്ക് ഗവേഷണ ഗ്രാൻ്റുകൾ വിതരണം ചെയ്‌തു.
3 ദശലക്ഷം ദിർഹത്തിൻ്റെ പ്രാരംഭ ഫണ്ടിംഗ് പൂളോടെ, പ്രിസിഷൻ മെഡിസിൻ, ഡ്രഗ് ഡിസ്കവറി ആൻഡ് കാൻസർ ഇമ്മ്യൂണോളജി, പ്രമേഹവുമായി ബന്ധപ്പെട്ട ജനസംഖ്യാ ആരോഗ്യം, ആരോഗ്യകരമായ വാർദ്ധക്യവും പുനരുജ്ജീവന വൈദ്യവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആരോഗ്യ സംരക്ഷണ മാനേജ്മെൻ്റിലും ആരോഗ്യ സാമ്പത്തിക ശാസ്ത്രത്തിലും ഇൻഫോർമാറ്റിക്സ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ആരോഗ്യ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ നവീകരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണ് ഗവേഷണ ഗ്രാൻ്റുകൾ നൽകിയത്.
"ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയെ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനാണ് ഈ ഗ്രാൻ്റുകൾ നൽകുന്നതെന്നും, മൂന്ന് വർഷത്തിനുള്ളിൽ 10 ദശലക്ഷം ദിർഹം നൽകി ഗവേഷണ മികവ് ശക്തിപ്പെടുത്തുമെന്നും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും തുംബൈ ഗ്രൂപ്പ് പ്രസിഡണ്ടുമായ ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.
ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും ആഗോള പ്രശസ്തിയെ പ്രതിഫലിപ്പിക്കുന്നതിനും റിസർച്ച് ഗ്രാൻ്റുകൾ സഹായിയ്ക്കുമെന്ന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ആക്ടിംഗ് ചാൻസലർ പ്രൊഫസർ മണ്ട വെങ്കിട്ടരാമണ പറഞ്ഞു.
അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നൂതനാശയ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ സമർപ്പണം ശ്ലാഖനീയണെന്നും, തിരഞ്ഞെടുത്ത ഗവേഷണ പദ്ധതികളുടെ ഗുണനിലവാരവും മൗലികതയും മികവുറ്റതാണെന്നും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയി ഗവേഷണ വൈസ് ചാൻസലർ പ്രൊഫ. സലീം ചൗയിബ് അഭിപ്രായപ്പെട്ടു.