/kalakaumudi/media/media_files/2025/12/21/images-2025-12-21-14-47-19.jpg)
കുവൈത്ത് സിറ്റി: ഡിസംബർ 23 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ ആകുന്നത്. ഇതോടെ പ്രവാസികൾക്ക് ഇഖാമ (താമസാനുമതി) എടുക്കുന്നതിനും പുതുക്കുന്നതിനും വർധിപ്പിച്ച ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നൽകേണ്ടി വരും. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഈ വർധനവ് ബാധകമാണ്. ഇൻഷുറൻസ് രേഖകളില്ലാതെ പുതിയ ഇഖാമ നൽകാനോ നിലവിലുള്ളവ പുതുക്കാനോ പാടില്ലെന്ന് പുതിയ ഉത്തരവ് കർശനമായി നിർദ്ദേശിക്കുന്നു.
പ്രധാന നിരക്കുകൾ: തൊഴിൽ വിസകൾ (Article 17, 18, 19, 21): സർക്കാർ മേഖലയിലും (ആർട്ടിക്കിൾ 17) സ്വകാര്യ മേഖലയിലും (ആർട്ടിക്കിൾ 18) ജോലി ചെയ്യുന്നവർക്കും, വിദേശ പങ്കാളികൾ (ആർട്ടിക്കിൾ 19), വിദേശ നിക്ഷേപകർ (ആർട്ടിക്കിൾ 21) എന്നിവർക്കും വാർഷിക ഇൻഷുറൻസ് ഫീസ് 100 കുവൈറ്റ് ദിനാർ ആയിരിക്കും.
കുടുംബ വിസ (ആർട്ടിക്കിൾ 22): കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കുന്നവർ (ഡിപെൻഡന്റ് വിസ) ഓരോ അംഗത്തിനും പ്രതിവർഷം 100 കുവൈറ്റ് ദിനാർ വീതം ഇൻഷുറൻസ് തുകയായി അടയ്ക്കണം.
മറ്റ് വിഭാഗങ്ങൾ: വിദേശ വിദ്യാർത്ഥികൾ (ആർട്ടിക്കിൾ 23), സ്വയം സ്പോൺസർ ചെയ്യുന്നവർ (ആർട്ടിക്കിൾ 24), വസ്തു ഉടമകളായ പ്രവാസികൾ (ആർട്ടിക്കിൾ 25) എന്നിവർക്കും വർഷം 100 ദിനാർ തന്നെയാണ് പുതിയ നിരക്ക്. കൂടാതെ, നിയമവിരുദ്ധമായി താമസിച്ച് പിന്നീട് പാസ്‌പോർട്ട് ലഭിച്ചവർക്കും സൈനിക സേവനത്തിന് ശേഷം വിരമിച്ച വിദേശികൾക്കും ആദ്യമായി ഇഖാമ എടുക്കുമ്പോൾ 100 ദിനാർ അടയ്ക്കണം.
ഗാർഹിക തൊഴിലാളികൾക്കുള്ള ഇളവുകൾ: സ്വദേശി കുടുംബങ്ങളുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമത്തിൽ വലിയ ഇളവ് നൽകിയിട്ടുണ്ട്. ഒരു കുവൈറ്റ് പൗരന്റെ കീഴിലുള്ള ആദ്യത്തെ മൂന്ന് വീട്ടുജോലിക്കാർ വരെ പഴയ നിരക്കായ കുറഞ്ഞ തുകയിൽ തുടരാം. എന്നാൽ നാലാമത്തെ ഗാർഹിക തൊഴിലാളികൾ മുതൽ ഓരോരുത്തർക്കും പ്രതിവർഷം 10 ദിനാർ വീതം ഇൻഷുറൻസ് ഫീസായി നൽകണം. അതേസമയം, പ്രവാസികളുടെയോ നയതന്ത്രജ്ഞരുടെയോ കീഴിലുള്ള വീട്ടുജോലിക്കാർക്ക് വർഷം 100 ദിനാർ തന്നെയായിരിക്കും നിരക്ക്.
ഇൻഷുറൻസ് ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: ചില പ്രത്യേക വിഭാഗങ്ങളെ ഈ ഫീസിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്: കുവൈറ്റ് പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകൾ. കുവൈറ്റ് പൗരന്മാരായ മക്കളുള്ള വിദേശികളായ വിധവകൾ അല്ലെങ്കിൽ വിവാഹമോചിതരായ സ്ത്രീകൾ. കുവൈറ്റ് പൗരന്മാരുടെ വിദേശികളായ മക്കളും മാതാപിതാക്കളും. കുവൈറ്റ് വനിതകൾക്ക് വിദേശി ഭർത്താവിലുണ്ടായ മക്കൾ. നയതന്ത്ര ഉദ്യോഗസ്ഥരും ഔദ്യോഗിക പ്രതിനിധികളും. ജി.സി.സി പൗരന്മാരായ വനിതകളുടെ വിദേശികളായ ഭർത്താവും മക്കളും.
മറ്റ് പ്രധാന നിബന്ധനകൾ: പുതിയ നിയമമനുസരിച്ച് ഒരിക്കൽ അടച്ച ഇൻഷുറൻസ് തുക യാതൊരു കാരണവശാലും തിരികെ ലഭിക്കില്ല. ഇഖാമയുടെ തരം മാറ്റുകയോ സ്പോൺസറെ മാറ്റുകയോ ചെയ്യുമ്പോൾ വീണ്ടും പുതിയ നിരക്കനുസരിച്ച് ഇൻഷുറൻസ് തുക പൂർണ്ണമായും അടയ്‌ക്കേണ്ടി വരും. കൂടാതെ, സന്ദർശക വിസയിൽ (Visit Visa) വരുന്നവർക്കും ഇനി മുതൽ ഇൻഷുറൻസ് നിർബന്ധമായിരിക്കും. ആരോഗ്യ സേവനങ്ങളിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനായി മന്ത്രാലയം ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങൾ പ്രവാസികളുടെ ജീവിതച്ചിലവിൽ വർധനവുണ്ടാക്കുമെങ്കിലും, രാജ്യത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
