/kalakaumudi/media/media_files/2025/03/17/tn1DcTc1AmC2pbMMnsse.jpeg)
വിദ്യാലയം ആത്മവിദ്യാലയമായി പരിചയപ്പെടുത്തുന്നതിൽ നമുക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് നാം തന്നെ പുന:പരിശോധിക്കണം. മറ്റുള്ളവന്റെ നോവറിയുന്ന ജീവഗന്ധിയായ വിദ്യാഭ്യാസ രീതിയെ പാഠപുസ്തകങ്ങളിൽ നിന്ന് പറിച്ചുമാറ്റിയെടുത്തതിൽ നിന്ന് നാം തിരിച്ചറിയേണ്ട പലതും ഭയപ്പാടോട് കൂടി ഇപ്പോൾ നടമാടുകയാണ്.എല്ലാ നന്മകളും വറ്റിപ്പോയി എന്ന് പെരുംമ്പറയടിക്കുന്നതും മറ്റൊരു ദുരന്തമാണ്.നന്മകൾ എല്ലായിടത്തുമുണ്ട് അതിനെ ഇനിയും പരിപോഷിപ്പിച്ചെടുക്കുക എന്നത് തന്നെയാണ് നമ്മുടെ ദൗത്യം.
കണക്കിന്റെയും സയൻസിന്റെയും കൂടെ സാമൂഹിക പാഠങ്ങൾ ഒന്നുകൂടി ഉയർത്തിപ്പിടിച്ചു ഉച്ചത്തിൽ വായിക്കാൻ നാം അവരെ ശീലിപ്പിക്കണം. സിനിമാ ശാലകളിൽ പണക്കൊതിയന്മാരായ കിരാതന്മാർ നിർമ്മിക്കുന്ന കാഴ്ചച്ചാനുഭവങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം കൊടുക്കരുത് എന്നാരോ പറഞ്ഞതും മുഖവിലക്കെടുക്കേണ്ടുന്ന ഒരു വലിയ കാര്യമാണ്. പുതിയ തലമുറയിൽ കാണുന്ന ഈ അക്രമണ പ്രവണതകളൊക്കെ അവർ കാണുന്ന വയലൻസിന്റെ മാനിഫെസ്റ്റേഷനാണ് കാരണം അത്രയേറെ കാഴ്ചകളും ശബ്ദങ്ങളും പുതിയ തലമുറയുടെ മസ്തിഷ്കത്തിലെ ന്യൂറോ കെമിക്കൽ പൊസിഷനിൽ നെഗറ്റീവ് ആയി സേവ് ചെയ്തിരിക്കുന്നു...
ഒരു കവിത പോലും നമുക്ക് വയലൻസിലേക്ക് ട്രാൻസിലേറ്റ് ചെയ്യാൻ കഴിയും, ഒരു കഥ നാടകമായാലും സിനിമയായാലും പാട്ടായാലും വ്യത്യസ്തമായി നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ രൂപാന്തരം നടത്താൻ കഴിയുന്നതുപോലെ നിങ്ങളിൽ ഒരു വയലൻസ് ഉണ്ടെങ്കിൽ അത് ഏറ്റവും അനുയോജ്യമായ മണ്ണിൽ കാലാവസ്ഥയിൽ നിങ്ങൾക്ക് നട്ടുപിടിപ്പിക്കാൻ കഴിയും.നിങ്ങളുടെ ഉള്ളിൽ ജന്മനാ ഒരു വയലൻസിന്റെ വിത്ത് ഉണ്ട് എങ്കിൽ പുറത്തു നിന്നുള്ള അപകടകരമായ കേവലമായ ആർട്ടിഫിഷൽ ചലന ദർശനത്തിൽ തന്നെ തലച്ചോറിൽ നെഗറ്റീവ് കെമിക്കൽ രൂപപ്പെടുമെങ്കിൽ പുതിയ തലമുറയിലെ അഫാൻമാരിൽ സംഭവിച്ചത് അതാണ്.
കണ്ണും മസ്തിഷ്കവും തമ്മിലുള്ള അഭേദ്യമായ ബന്ധവും തലച്ചോറിൽ രൂപപ്പെടുന്ന ഹോർമോണുകളുടെ രാസപ്രവർത്തനങ്ങളും പണ്ടത്തെക്കാൾ കൂടുതൽ ശാസ്ത്രീയമായി അറിയുന്നവർ തന്നെയാണ് ഇന്നത്തെ പാഠ്യപദ്ധതികൾ ആവിഷ്കരിച്ചതെന്ന് നാം ഓർക്കണം...കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും പരിശീലനം നൽകുമ്പോൾ വളരെ കാതലായ മാറ്റങ്ങൾ ആവശ്യമാണ്. പുഞ്ചിരിയോടെ ക്ലാസ്സിൽ പ്രവേശിച്ച അധ്യാപകൻ ആദ്യത്തെ അഞ്ച് മിനിറ്റ് സൗഹൃദ സംഭാഷണത്തിലും കുശലാന്വേഷണത്തിലും ചിലവഴിക്കണം, അറുപത് ശതമാനം സമയവും കുട്ടികളെ കൊണ്ട് തന്നെ സംസാരിപ്പിക്കുകയും ആക്ടിവിറ്റീസ് ചെയ്യിപ്പിക്കുയും കുട്ടികളെ പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്വയം ശീലിപ്പിക്കുകയും വേണം...
ഏതൊരു സമൂഹവും സംസ്കാരസമ്പന്നമാവുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കുന്ന തലമുറകൾ ഉണ്ടാകുമ്പോഴാണ്. കുട്ടികളെ നിയന്ത്രിക്കേണ്ടവരും തലമുറകൾക്ക് വഴികാട്ടേണ്ടവരുമായ അധ്യാപക സമൂഹം ഒതുക്കപ്പെടുമ്പോൾ തിന്മയുടെ ശക്തികൾ കൂടുതൽ കരുത്ത് ആർജ്ജിക്കുകയാണ് ചെയ്യുന്നത്, മാതാപിതാക്കൾ ആദ്യത്തെ അധ്യാപകരും അധ്യാപകർ രണ്ടാമത്തെ മാതാപിതാക്കളുമാണ്.ഒരു വിദ്യാർത്ഥി പഠനകാലങ്ങളിൽ 25000 മണിക്കൂർ അവന്റെ പഠന ക്ലാസിൽ ചെലവഴിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നതെങ്കിൽ ഇത്രയും മഹത്തായ ഒരു സമയം ഒരു കുട്ടിയെ നമ്മുടെ കയ്യിൽ കിട്ടിയിട്ട് രാഷ്ട്രബോധമോ സർവ്വമത സഹോദര്യമോ സഹപാഠി സൗഹൃദമോ പരിസ്ഥിതി ബോധമോ അവൻ്റെ ഉള്ളിൽ കൊടുക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അവനെ നല്ലൊര് വിശ്വപൗനായി വാർത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഒന്നാന്തരം മോൾഡിംഗ് മിഷൻ സാധ്യമാകുന്ന ഉന്നതമായ മുഹൂർത്തത്തെ നാം വേസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് അതിൻെറ മറുവാദം...
എല്ലാ വിദ്യാഭ്യാസ സമ്പ്രദായത്തിലും അംഗീകരിച്ചിട്ടുള്ളതാണ് ലൈഫ് സ്കിൽഡ് പരിശീലനമെങ്കിൽ കുട്ടികളെ വൺ +വൺ =ടു എന്ന് പഠിപ്പിക്കുമ്പോൾ തന്നെ ഒന്നും ഒന്നും ചേർന്നാൽ ഉണ്ടാകുന്ന ഉമ്മിണി വലിയ ആ ഒന്ന് അഥവാ ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി ചേർന്ന് നിൽക്കുമ്പോൾ ഉണ്ടാകുന്ന മഹത്തായ സാമൂഹിക നന്മയെക്കുറിച്ചും ഉമ്മിണി വലിയ വലുപ്പത്തെക്കുറിച്ചും ബോധ്യപ്പെടുത്തണം.ഒരു പക്ഷിക്ക് കുടിനീർ കൊടുത്തുകൊണ്ട് തുടങ്ങണം നമ്മുടെ വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞവരെയൊക്കെ പഴഞ്ചൻ എന്ന് കളിയാക്കിയാണ് നാം ആഗോളീകരണത്തിന്റെ പിന്നാലെ പോയത്. അടുത്തിരിക്കുന്ന സഹപാഠിയുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീര് നോക്കി അവന്റെ വേദന മാറ്റാൻ കഴിയാത്തിടത്ത് നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ തോറ്റു തുടങ്ങിയിട്ടുണ്ട്.
ഗുരുനാഥനിൽനിന്ന് ഇൻസ്റ്റക്ടർമാറിലെക്ക് സഞ്ചരിച്ച് എത്തിയ കാലത്തിൻ്റെ ദൂരം വീണ്ടും തിരിച്ച് നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് നമുക്ക് തന്നെ അറിയാമെങ്കിലും ഇനിയും മടങ്ങിയില്ലെങ്കിൽ അനുദിനം ആ വഴി ദൂരം കൂടുമെന്ന് നാം തിരിച്ചറിയണം. ഗാന്ധിജിയുടെ അഹിംസയുടെയും അനുതാപത്തിന്റെയും ആശയത്തിൽ നിന്ന് ഇന്ത്യയെ വഴിമാറ്റുമ്പോൾ ഒന്നും പ്രതിഷേധിക്കാതെ നിഷ്ക്രിയമായി കുത്തിയിരുന്ന നാമെല്ലാം കുറ്റക്കാരാണ്.വിദ്യാഭ്യാസം എന്നാൽ കേവലം പണം സമ്പാദിച്ച് മിടുക്കുള്ള കമ്മോഡിറ്റികളെ സൃഷ്ടിക്കുക മാത്രമെന്ന ലക്ഷ്യത്തിൽ നിന്ന് അച്ഛനെയും അമ്മയെയും ഉപ്പയും ഉമ്മയും ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസമായി വീണ്ടും നാം തിരിച്ചു പഠിപ്പിക്കേണ്ടതുണ്ട്...
വിദ്യാലയത്തിലെ പാഠബേധങ്ങളിൽ ടാഗോർ ഉണ്ടാക്കിയ പരിസ്ഥിതി ബോധവും നാരായണഗുരു പഠിപ്പിച്ച സാഹോദര്യവും ക്ലാസ് റൂമിൽ പുതിയ കാലത്തെ അധ്യാപകന്റെ ചർച്ചയിൽ പോലും വരുന്നുണ്ടോ എന്നത് ഞെട്ടലോടുകൂടി നാം തിരഞ്ഞു നോക്കി തിരിച്ചറിയണം.ഒരു വിദ്യാലയമെന്നാൽ കല്ലും മണലും ഇരുമ്പും സിമൻ്റും ചേർന്ന കേവലം കെട്ടിടങ്ങളല്ലെന്നും മഹത്തായ സാമൂഹിക ബന്ധമുള്ള നന്മകളെ നിലവിളക്ക് കൊളുത്തി സംരക്ഷിക്കുന്ന ദേവാലയം പോലെയാണ് ആത്മവിദ്യാലയങ്ങളെന്നും അവരെ പഠിപ്പിക്കണം...
തുല്യതയില്ലാത്ത ശാസ്ത്രത്തിന്റെ അറിവിന്റെ ശേഖരമുള്ള ആധുനിക വിദ്യാഭ്യാസത്തിൽ മനുഷ്യൻെറ എല്ലാ ആർദ്ര സർഗ്ഗഭാവനകളെയും പുറത്ത് കൊണ്ടുവരാനുള്ള പരിശീലനവും ഒപ്പത്തിനൊപ്പം പ്രായോഗികമായി തന്നെ കൊണ്ടുവരേണ്ടതുണ്ട്. പണ്ടത്തെക്കാളെറെ നമ്മുടെ കുട്ടികളെ തെറ്റിലേക്ക് നയിക്കുന്ന അപകടകരമായ പല പ്രചാരണങ്ങളും സമൂഹത്തിൽ ശക്തമായി പ്രവർത്തിക്കുന്നുതിൽ പ്രധാനമാണ് മയക്കുമരുന്ന് ലോബികളുടെയും വർഗീയതയും തീവ്രവാദവും ഉയർത്തി മുതലെടുപ്പ് നടക്കുന്നവരുടെയും സ്വാധീന വലയങ്ങളെന്ന് മനസ്സിലാക്കി കുട്ടികളെ രക്ഷിച്ചെടുക്കേണ്ടതുണ്ട് ...
കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായി വളരണമെങ്കിൽ മുതിർന്നവർ അവരെ സർഗാത്മകമായ രീതിയിൽ പെരുമാറി നല്ല അനുഭവങ്ങൾ നൽകി നമ്മോടൊപ്പം ചേർത്ത് പിടിച്ച് നല്ല മനോഭാവത്തോടുകൂടി വളർത്തേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.കുട്ടികളോട് സ്നേഹത്തോടെ ചേർന്ന് നിന്നാൽ മാത്രമേ അവർ അനുഭവിക്കുന്ന പുതിയ വെല്ലുവിളികളും അവരുടെ നിസ്സഹായതകളും അവരുടെ ഭയപ്പാടുകളുടെ കാരണങ്ങളെക്കുറിച്ചുമെല്ലാം നമുക്ക് ബോധ്യമുണ്ടാവുകയുള്ളൂ.കുട്ടികളിൽ അക്രമവാസന മാത്രമല്ല ആത്മഹത്യാ പ്രവണതയും വർദ്ധിച്ചു വരുന്നതിന്റെയെല്ലാം കാരണം സമൂഹത്തിൽ നിന്നവർക്ക് കിട്ടുന്ന പലതും അവനെ നിഷേധിയും പ്രതിഷേധക്കാരനും നിരാശനും ആക്കുന്നത് കൊണ്ട് കൂടിയാണ്...
ഗുരുദേവനെ പോലെ സർ സെയ്യിദിനെ പോലെ സഹോദരൻ അയ്യപ്പനെപ്പോലെ വിശുദ്ധ ചാവറ അച്ഛനെ പോലെയുള്ള ഭാരതത്തിന്റെ ഗുരുക്കന്മാർ ഋഷിവര്യന്മാർ പഠിപ്പിച്ച ആർദ്ര മാനവിക പാഠം വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരിക്കൽക്കൂടി പുന:ക്രമീകരിച്ച് പള്ളിക്കൂടങ്ങളെ ആത്മവിദ്യാലയമാക്കി ഇന്നിൻ്റെ കുഴപ്പങ്ങളിൽ നിന്നവരെ രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് ശരിയായ മാർഗ്ഗമായുള്ളത്...
മാറ്റുവിൽ ചട്ടങ്ങളെ സ്വയ,മല്ലങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ;... (കുമാരനാശാൻ)...
ബഷീർ വടകര