/kalakaumudi/media/media_files/2026/02/27/fs-2026-02-27-19-31-04.jpg)
ഹൈദരാബാദ്: പ്രണയനൈരാശ്യത്തെത്തുടർന്ന് തെലങ്കാനയിലെ പ്രമുഖ ഇൻഫ്ലുവൻസറും യൂട്യൂബറുമായ യുവതി ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനിയും ഹൈദരാബാദിൽ ബിഎസ്‌സി വിദ്യാർത്ഥിനിയുമായ ബോനു കോമാലി (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഹൈദരാബാദിലെ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് കോമാലി വൈകാരികമായ ഒരു സന്ദേശം അയച്ചിരുന്നു. ഐ ലവ് യു മമ്മി എന്നും തന്റെ ഇളയ സഹോദരനെ നന്നായി നോക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി. പരിഭ്രാന്തയായ അമ്മ ഉടൻ തന്നെ ഹൈദരാബാദിലുള്ള സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
യൂട്യൂബിൽ ലൈഫ് സ്റ്റൈൽ വീഡിയോകളിലൂടെ ശ്രദ്ധേയയായ കോമാലി കഴിഞ്ഞ 11 മാസമായി ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. 27 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായി മൂന്ന് വർഷമായി യുവതി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ തകർച്ചയും തുടർന്നുള്ള മാനസിക വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഉദ്യോഗസ്ഥൻ സിഎച്ച് വെങ്കണ്ണ അറിയിച്ചു.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യയ്ക്ക് ഉപയോഗിച്ച സാരിയും ഗോവണിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
