അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിന് നാളെ ജിദ്ദയിൽ തുടക്കം; ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും

എട്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സാഹിത്യ സമ്മേളനത്തിന് ശനിയാഴ്ച ജിദ്ദയിൽ തുടക്കമാകും. "ഭാഷ: വിനിമയത്തിൽ നിന്ന് വിജ്ഞാന നവീകരണത്തിലേക്കും സർഗ്ഗാത്മതയിലേക്കും" എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ ത്രിദിന സംഗമം ജിദ്ദ കോർണിഷ് ഹോളിഡേ ഇൻ ഹോട്ടലിലെ

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-06 at 3.52.17 PM

ജിദ്ദ: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറബി ഭാഷാ പണ്ഡിതരെയും ഗവേഷകരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് എട്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സാഹിത്യ സമ്മേളനത്തിന് ശനിയാഴ്ച ജിദ്ദയിൽ തുടക്കമാകും. "ഭാഷ: വിനിമയത്തിൽ നിന്ന് വിജ്ഞാന നവീകരണത്തിലേക്കും സർഗ്ഗാത്മതയിലേക്കും" എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ ത്രിദിന സംഗമം ജിദ്ദ കോർണിഷ് ഹോളിഡേ ഇൻ ഹോട്ടലിലെ കോൺഫ്രൻസ് ഹാളിലാണ് നടക്കുന്നത്. സൗദി അറേബ്യൻ നോളെജ് എൻറിച്ചിംഗ് സെൻ്റർ, മക്കയിലെ അറബിക് ലാംഗ്വേജ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ നിന്നുള്ള ഇരുനൂറോളം പ്രഗത്ഭർ പങ്കെടുക്കും.

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹി ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിലെ പ്രധാന സെഷനായ ഭാഷാ വ്യാകരണ ചർച്ചയിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. മക്ക ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാളായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, നിലവിൽ മലബാർ എജ്യുസിറ്റിയുടെയും മേപ്പയ്യൂർ സലഫി കോളേജുകളുടെയും ചെയർമാനായും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനായും പ്രവർത്തിച്ചുവരികയാണ്. സമ്മേളനത്തിൽ പങ്കെടുക്കാനായി അദ്ദേഹം ഇതിനകം ജിദ്ദയിൽ എത്തിയിട്ടുണ്ട്.

അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ച, ആധുനിക ഗവേഷണങ്ങൾ, അക്കാദമിക രംഗത്തെ പുതിയ അറിവുകളുടെ കൈമാറ്റം എന്നിവയാണ് ഈ ആഗോള സംഗമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ യുഗത്തിലെ അറബി ഭാഷാ പഠന സാധ്യതകളും വൈവിധ്യമാർന്ന ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. പ്രത്യേകിച്ചും, നിർമ്മിത ബുദ്ധി (AI) ഉപയോഗപ്പെടുത്തി അറബി ഭാഷാ പഠനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഭാഷാ പഠിതാക്കൾക്ക് ആഗോളതലത്തിൽ പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും ഈ സമ്മേളനം വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. റിപ്പോട്: കബീർ കൊണ്ടോട്ടി - സൗദി അറേബ്യ

international arabic language day