ഇസ്രായേൽ-ഇറാൻ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, ആവശ്യമെങ്കിൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-03-01 at 3.00.26 PM (1)

തിരുവനന്തപുരം: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉയർത്തുന്ന സാഹചര്യത്തിൽ, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളീയർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിലാകെ ആശങ്ക പടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, ആവശ്യമെങ്കിൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സജീവമായി രംഗത്തുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. നോർക്ക ഹെൽപ്പ് ഡെസ്ക്: നോർക്കയുടെ ഹെൽപ്പ് ഡെസ്കുകളിൽ ഇതിനകം 381 കോളുകൾ ലഭിച്ചു. ഇതിൽ വിദേശത്തുനിന്നും 137 പേരും രാജ്യത്തിനകത്തുനിന്ന് 244 പേരും ബന്ധപ്പെട്ടു.

നോർക്ക ടോൾ ഫ്രീ നമ്പർ (ഇന്ത്യയിൽ നിന്ന്): 1800 425 3939, വിദേശത്തുനിന്ന് (മിസ്ഡ് കോൾ സർവീസ്): +91-8802012345, ഡൽഹി കേരള ഹൗസ് കൺട്രോൾ റൂം: 011-23362140, 011-23360280

സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലേക്കുള്ള ആകാശപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും എത്തേണ്ടതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പരിഭ്രാന്തരാകരുതെന്നും നോർക്ക അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനം തുടരും.

റിപ്പോർട്ട്: ശാഫി എം.കെ

prime minister