/kalakaumudi/media/media_files/2026/02/18/whatsapp-2026-02-18-09-52-18.jpeg)
കരുണ മീറ്റ് സ്റ്റാൾ
|കവിത|
രാഹുൽ ഗോവിന്ദ്
ആ(ഗ)(ങ്)സ്റ്റ് എന്ന്
പേരുള്ള നഗരം,
അവിടെ
അവശിഷ്ടങ്ങൾക്ക്
നടുവിൽ
അവൾ
വിണ്ടുകീറിയ വിരലുകൾ
മാംസം വേർപെടുത്തുന്നുന്നു,
വെട്ടിയൊതുക്കുന്നു,
കഴുകിക്കൊളുത്തുന്നു
അറിയിപ്പുകളുമായി
ആകാശത്ത്
അതേസമയം
നിരീക്ഷണവിമാനങ്ങൾ
പറക്കുന്നു
"ആറു കിലോമീറ്ററിനപ്പുറം
പോകരുത്
ആൾക്കൂട്ടമരുത്
അവിടെ നിൽക്കരുത്
ഇവിടെ നിൽക്കരുത്"
അങ്ങനെ അങ്ങനെ
നീളുന്നു
നിർദ്ദേശങ്ങൾ...
2
ആ(ഗ)(ങ്)സ്റ്റ് എന്ന
മാസത്തിലാണ്
നഗരത്തിന്
വെടിമരുന്നിന്റെ
ചുവയായത്,
ആളുകൾ
തണ്ണിമത്തനുകൾ
പോലെ നിലത്തുവീണു
ചിതറിയത്,
അലർച്ചകൾക്ക്
അവസാനമില്ലാത്ത മറ്റൊലികളുണ്ടായത്, അഭയാർഥികളുടെ ചുമന്ന നദി കിഴക്കോട്ടേക്കൊഴുകിയത്.
വാർത്തകൾ
വെല്ലുവിളികൾ
നിലവിളികൾ
പ്രാക്കുകൾ
കുറച്ചു പേർ
മരിച്ചതൊഴിച്ചാൽ
മറ്റൊന്നും
സംഭവിച്ചില്ലെന്നായിരുന്നു
ഒദ്യോഗികമായ
വിശദീകരണം.
3
നിലവിൽ,
സഹവാസത്തിന്റെ ഓർമവറ്റിയ,
പക മാത്രം ഉത്പാദിപ്പിക്കുന്ന ഒരാൾക്കൂട്ടം പുറമ്പോക്കിലുണ്ട്.
മരണത്തെയും
അതിജീവിച്ചവർ
മാംസവിൽപ്പന
തുടങ്ങിയിരിക്കുന്നു.
അവിടിവിടെയായി
ഇറച്ചിക്കടകകൾ ,
വെടിമരുന്നിന്റെ
ചുവയുള്ള മാംസം
വെടിപ്പുള്ള
തെറിപ്പുള്ള
മാംസം
4
അവളും തുടങ്ങി ഒരു കട,
'കരുണ മീറ്റ് സ്റ്റാൾ'
എന്ന് വലിയ അക്ഷരത്തിൽ
എഴുതി ബോർഡും തൂക്കി.
അറുക്കുന്നു
വീണ്ടും
വീണ്ടുമറക്കുന്നു ,
അവശിഷ്ടങ്ങൾക്കിടയിലേക്ക്
കാഴ്ച്ചകാണാനെത്തുന്നവർക്ക്,
കഷ്ണങ്ങളാക്കി
കവറിൽ പൊതിഞ്ഞ്,
നീട്ടുന്നു
നീറാതെ ,
വീറോടെ
വിലപേശുന്നു...
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
