/kalakaumudi/media/media_files/2026/02/18/113421-2026-02-18-10-26-37.webp)
https://www.arabtimesonline.com/news/kuwaits-freelance-visa-plan-seeks-to-end-visa-trading/
കുവൈത്ത് സിറ്റി: രാജ്യത്തെ വിസ കച്ചവടം (Visa Trading) പൂർണ്ണമായും ഇല്ലാതാക്കുന്നതിനും തൊഴിൽ വിപണി ക്രമീകരിക്കുന്നതിനുമായി വിപ്ലവകരമായ മാറ്റങ്ങളുമായി കുവൈത്ത് സർക്കാർ. പ്രവാസികൾക്കായി പുതിയ 'ഫ്രീലാൻസ് റെസിഡൻസി' (Freelance Visa) പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ വിസ നടപടികൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
750 കുവൈറ്റി ദിനാർ മുതൽ 1000 ദിനാർ വരെയായിരിക്കും ഫ്രീലാൻസ് വിസയുടെ നിരക്ക്. ഈ തുക നേരിട്ട് സർക്കാരിലേക്കാണ് അടയ്ക്കേണ്ടത്. ഒരു പ്രത്യേക സ്പോൺസർക്ക് കീഴിലല്ലാതെ തന്നെ പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ ഈ വിസ വഴി സാധിക്കും. വിസ കച്ചവടം അവസാനിപ്പിക്കുക, അവിദഗ്ധ തൊഴിലാളികളുടെ (Marginal Labour) എണ്ണം നിയന്ത്രിക്കുക, വിദഗ്ധരായ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി പുതിയ പരിഷ്കാരങ്ങൾ വ്യക്തമാക്കിയത്. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇലക്ട്രോണിക് സംവിധാനങ്ങൾ കർശനമാക്കും. ശമ്പളം നൽകാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം മാത്രം 39,000 നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു രക്ഷിതാവ് (Single Parent) മാത്രമുള്ളവർക്കും ഫാമിലി വിസ അനുവദിക്കുന്ന കാര്യത്തിൽ തടസ്സമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതും പരിഗണനയിലാണ്. തൊഴിൽ വിപണിയിലെ ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ സംവിധാനത്തിലൂടെ നേരിട്ട് വിസ ലഭ്യമാക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
