ജിദ്ദയിൽ നിന്ന് കേരളമാകെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിയുമായി മലബാർ അടുക്കള

പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, സ്വന്തം ഒഴിവുസമയങ്ങൾ കണ്ടെത്തി, പ്രത്യേകിച്ച് വനിതകളുടെ സജീവ നേതൃത്വത്തിലാണ് ജിദ്ദയിലെ ഭക്ഷണവിതരണം നടപ്പാക്കിയത്.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-07 at 2.33.16 PM

ജിദ്ദ / കോഴിക്കോട്: വിശപ്പെന്ന മനുഷ്യവേദനയെ മതത്തിന്റെയോ ജാതിയുടെയോ വർണ്ണത്തിന്റെയോ അതിരുകളിൽ പൂട്ടാതെ, ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ ഭാഷയിൽ നേരിടുകയാണ് മലബാർ അടുക്കള. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി നടപ്പാക്കിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഈ വർഷവും ‘ഒരു നേരത്തെ ആഹാരം’ എന്ന മനുഷ്യസ്നേഹപരമായ പദ്ധതിയുമായി സംഘടന ശക്തമായി രംഗത്തെത്തി.

പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, സ്വന്തം ഒഴിവുസമയങ്ങൾ കണ്ടെത്തി, പ്രത്യേകിച്ച് വനിതകളുടെ സജീവ നേതൃത്വത്തിലാണ് ജിദ്ദയിലെ ഭക്ഷണവിതരണം നടപ്പാക്കിയത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ആദ്യഘട്ടം ജിദ്ദയിലെ ഉപ്പുപാടം പ്രദേശത്തും, രണ്ടാംഘട്ടം ബലദിയ ക്യാമ്പിലും സംഘടിപ്പിച്ചു. മലബാർ അടുക്കള അംഗങ്ങൾ സ്വരൂപിച്ച ധനസഹായം ഉപയോഗിച്ച് 700ലധികം ആളുകൾക്ക് മന്ദി ഉൾപ്പെടെയുള്ള ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.

ലിംഗഭേദമില്ലാതെയും, ജാതി–മത–വർഗ്ഗ വ്യത്യാസങ്ങളൊന്നും കണക്കാക്കാതെയും, ആവശ്യക്കാരെ നേരിട്ട് കണ്ടെത്തിയാണ് ഭക്ഷണവിതരണം നടത്തിയത്. “ഭൂമിയിലെ ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന സന്ദേശം പ്രവർത്തനത്തിലൂടെ യാഥാർത്ഥ്യമാക്കുന്ന സമീപനമാണ് ജിദ്ദയിലെ ഈ സേവനത്തെ ശ്രദ്ധേയമാക്കുന്നത്.

ജിദ്ദ കോർഡിനേറ്ററും പരിപാടിയുടെ മോഡറേറ്ററുമായ കുബ്ര ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ നജ്മുദീൻ, ആശിക റംനാസ്, സാഹിറ സവാദ്, ശബ്നം ബാബു, ഹസീന അഫ്സൽ, സുനീറ, സുറുമി, മുംതാസ്, ഫൈസ ഗഫൂർ, ലത്തീഫ്, ബാദുഷ, കൂടാതെ ജ്യോതി, അമീന എന്നിവരും പങ്കെടുത്തു.

ജിദ്ദയിൽ ആരംഭിച്ച ഈ മനുഷ്യസ്നേഹ പ്രവർത്തനം പിന്നീട് കേരളമാകെ വ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ മലബാർ അടുക്കളയുടെ വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടന്നു. പാവപ്പെട്ടവർക്കും അശരണർക്കും കുറഞ്ഞത് ഒരു നേരത്തെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്തത്.

പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, സർക്കാർ ആശുപത്രികൾ, തെരുവോരങ്ങളിൽ കഴിയുന്നവർ, ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണവിതരണം നടത്തിയത്. മനുഷ്യസ്നേഹവും മാന്യതയും മുൻനിർത്തിയാണ് എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കിയതെന്ന് സംഘാടകർ അറിയിച്ചു.

പട്ടിണിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായുമാണ് ‘ഒരു നേരത്തെ ആഹാരം’ പദ്ധതി നടപ്പാക്കുന്നതെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദ് അലി ചക്കൊത്ത് പറഞ്ഞു. വിശപ്പിനെതിരായ മലബാർ അടുക്കളയുടെ ഈ പ്രവർത്തനം, ഒരു സംഘടനയുടെ സേവനമെന്നതിലുപരി, മനുഷ്യൻ മനുഷ്യനോടുള്ള ഉത്തരവാദിത്വത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറുകയാണ്. റിപ്പോർട് : കബീർ കൊണ്ടോട്ടി സൗദി അറേബ്യ 

Malabar vishu