/kalakaumudi/media/media_files/2026/02/10/what-2026-02-10-12-17-18.jpeg)
കുവൈത്ത് സിറ്റി: ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അർഹമായി. ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി പ്രവാസലോകത്ത് കല കുവൈറ്റ് നടത്തിയ പ്രവർത്തനങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന വിവിധ സാംസ്‌കാരിക–വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മാതൃഭാഷാ പഠന പദ്ധതികൾ, സർഗ്ഗാത്മക ഇടപെടലുകൾ, കൂടാതെ പ്രവാസി മലയാളി കൂട്ടായ്മ എന്ന നിലയിൽ പ്രവാസ മേഖലയിലെ മലയാളികൾക്ക് നൽകിയ സാമൂഹിക–സാംസ്‌കാരിക പിന്തുണ എന്നിവയെ സമഗ്രമായി വിലയിരുത്തിയാണ് പുരസ്‌കാരത്തിനായി കല കുവൈറ്റ് തിരഞ്ഞെടുക്കപ്പെട്ടത്.
1990 മുതൽ കല കുവൈറ്റ് മാതൃഭാഷാ പ്രവർത്തനങ്ങൾ സജീവമായി നടത്തി വരികയാണ്. ഇതുവരെ 35,000 കുട്ടികൾ കലയുടെ മാതൃഭാഷാ പഠന പദ്ധതികളുടെ ഭാഗമായിവന്നിട്ടുണ്ട്. ഓരോ വർഷവും നിരവധി കുട്ടികൾ ഈ പദ്ധതികളിൽ പങ്കാളികളായി മലയാള ഭാഷയോടും സംസ്‌കാരത്തോടും ചേർന്ന ബോധപൂർണമായ വളർച്ച കൈവരിക്കുന്നതായി സംഘടന നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ഒൻപത് വർഷമായി മലയാളം മിഷന്റെ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തുടർപഠന ക്ലാസുകൾ ഉൾപ്പെടെ വിവിധ മാതൃഭാഷാ പഠന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു.
കെ. ജയകുമാർ IAS അധ്യക്ഷനായ ജ്യൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. മലയാള ഭാഷയോടും സംസ്‌കാരത്തോടും കല കുവൈറ്റ് പുലർത്തുന്ന ദീർഘകാല പ്രതിബദ്ധതയ്ക്കും, പ്രവാസി സമൂഹത്തിനിടയിൽ നടത്തുന്ന സമഗ്ര ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട് : ജിതേഷ് - കുവൈറ്റ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
