/kalakaumudi/media/media_files/2025/08/09/kuwait-drug-2025-08-09-14-43-43.jpg)
കുവൈത്ത് സിറ്റി : കുവൈത്തിലെ ഹവല്ലി, സല്‍മിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ പിടികൂടി.നിരീക്ഷണങ്ങള്‍ക്കും രഹസ്യാന്വേഷണങ്ങള്‍ക്കും ശേഷം ലഹരിവസ്തുക്കള്‍ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ ഒരു കുവൈത്തി പൗരനും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ രാജ്യത്തിന് പുറത്താണ്.
ഓപ്പറേഷനില്‍ ഏകദേശം 30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റല്‍ മെത്ത്, 150 ഗ്രാം കറുപ്പ്, 50 ഗ്രാം രാസവസ്തുക്കള്‍, 10 ഗ്രാം ഹെറോയിന്‍, അഞ്ച് മെത്തഡോണ്‍ ഗുളികകള്‍, മൂന്ന് ഇലക്ട്രോണിക് തുലാസുകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. അറസ്റ്റിലായ ഈജിപ്ഷ്യന്‍ പൗരന്മാരായ അത്തേഫ് സുബ്ഹി തൗഫീഖ് റുസ്തം, ഹമദ അല്‍ സയ്യിദ് അല്‍ ദംറാവി ജുമാ എന്നിവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കേസില്‍ ഉള്‍പ്പെട്ട കുവൈത്തി പൗരന്‍ അബ്ദുള്‍റഹ്മാന്‍ തല്‍ഖ് അല്‍ ഒതൈബിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.