മീശപ്പുലിമല - കവിത - കിനാവ്

താഴേക്കൊഴുകുന്ന കാട്ടാറുകൾ, തലയ്ക്കുമീതെ കടുംനീലയുടെ നിറച്ചാർത്തിനാൽ ഉത്സവപ്പറമ്പാകുന്ന നീലക്കുട, നിബിഡവനങ്ങൾക്കുമീതെ ആലോലമാടുന്ന പുൽക്കാടുകൾ, കാറ്റിനൊപ്പം ഊയലാടിക്കളിക്കുന്ന കാട്ടുപൂക്കൾ,

author-image
Ashraf Kalathode
New Update
Kinav

മീശപ്പുലിമല - കവിത - കിനാവ് 
🎉🎉🎉🎉🎉🎉🎉🎉

കാറ്റ് കുതറിത്തെറിച്ചെത്തുന്ന
മലമുകൾ,
തണുപ്പ്
കെട്ടുപൊട്ടിച്ചൊഴുകുന്ന
കുന്നുകൾ,
സ്വർണ്ണനിറമുള്ള രശ്മികൾ
തഴുകാനെത്തുന്ന
ഉന്നതികൾ,
കാടു കാട്
പൂവു പൂവെന്നോതി
താഴേക്കൊഴുകുന്ന
കാട്ടാറുകൾ,
തലയ്ക്കുമീതെ
കടുംനീലയുടെ
നിറച്ചാർത്തിനാൽ
ഉത്സവപ്പറമ്പാകുന്ന
നീലക്കുട,
നിബിഡവനങ്ങൾക്കുമീതെ
ആലോലമാടുന്ന
പുൽക്കാടുകൾ,
കാറ്റിനൊപ്പം
ഊയലാടിക്കളിക്കുന്ന
കാട്ടുപൂക്കൾ,

നിന്നെയെത്ര
കണ്ടാലാണ്
നിന്റെ മലകളെ
എത്ര തൊട്ടാലാണ്
നിന്റെ നീലാകാശങ്ങളിൽ
എത്ര മിഴിയെറിഞ്ഞാലാണ്
നിന്റെ
തെളിനീർച്ചോലകളെത്ര
നുകർന്നാലാണ്
നിന്റെ കാട്ടുപൂക്കളോട്
എത്ര കിന്നരിച്ചാലാണ്
ഹൃത്തടത്തോളമെത്തുന്ന
നിന്റെ കുളിരിൽ
എത്ര തണുത്താലാണ്

എത്ര നേരം
ഈ ഉയരങ്ങളിൽ
നിനക്കൊപ്പമായാലാണ്
മതിവരുക!

എപ്പോളാണ്
തിരിച്ചിറങ്ങാൻ
തോന്നുക!

കിനാവ്  എന്ന തൂലികാനാമത്തിൽ എഴുതുന്ന  കെ. കെ. അബ്ബാസ്  വയനാട്ടിലെ കല്പറ്റ സ്വദേശിയാണ്. ഇപ്പോൾ സർക്കാർസ്ഥാപനമായ മലബാർസിമന്റ്സിൽ  ഡെപ്യൂട്ടി മാനേജരായി ജോലിചെയ്യുന്നു. എർണാകുളത്ത് താമസിക്കുന്നു.
    • പുസ്തകങ്ങൾ: .
      1. ഇലയനക്കങ്ങൾ:  കവിതാസമാഹാരം
          പായൽ ബുക്സ്, കണ്ണൂർ
      2. ഒലീവിയ:  കഥാസമാഹാരം 
          പായൽ ബുക്ക്സ്, കണ്ണൂർ 
      3. ചോപ്പ്: പ്രണയകവിതാസമാഹാരം 
          സുജിലി പബ്ലിഷേഴ്സ്, കൊല്ലം 
      4. ഇറുത്തെടുക്കാൻ നക്ഷത്രങ്ങൾ ബാക്കിയാകുന്ന പകലുകൾ:ഇ കവിതാസമാഹാരം. 
          സുജിലി പബ്ലിഷേഴ്സ്, കൊല്ലം 
      5. മഴ വെയിൽകായുന്ന മീനമാസത്തിലെ ഇറയത്ത്: മഴക്കവിതകൾ
          സുജിലി പബ്ലിഷേഴ്സ്, കൊല്ലം
      വിനോദ ലൈബ്രറിയുടെ 21-മത് ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം, വാക്കനൽ പ്രഥമകഥാപുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 
      ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതാറുണ്ട്. രണ്ടായിരത്തിയഞ്ഞൂറിലധികം കവിതകളും അമ്പതിൽപരം കഥകളും എഴുതിയിട്ടുണ്ട്.  https://www.facebook.com/kinavu19
poem